മലപ്പുറം: കുറഞ്ഞ നിരക്കിൽ കെ-ഫോണിൽ വാണിജ്യ കണക്‌ഷനുകൾ കിട്ടാൻ ജില്ല അൽപ്പം കൂടി കാത്തിരിക്കേണ്ടിവരും. രജിസ്ട്രേഷൻ അന്തിമഘട്ടത്തിലാണെങ്കിലും ജില്ലയിലെ ബി.പി.എൽ കുടുംബങ്ങൾക്കുള്ള സൗജന്യ കണക്‌ഷൻ ഇനിയും പൂർത്തിയാവാനുണ്ട്. മൂന്ന് മാസത്തിനിടെ ജില്ലയിലെ 492 ബി.പി.എൽ കുടുംബങ്ങൾക്കാണ് കണക്‌ഷൻ നൽകിയത്. ഒരു നിയമസഭാ മണ്ഡലത്തിൽ 100 വീടുകൾ എന്ന കണക്കിൽ 1,400 ബി.പി.എൽ കുടുംബങ്ങൾക്ക് ഇന്റർനെറ്റ് കണക്‌ഷൻ നൽകേണ്ടതുണ്ട്. ജില്ലയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉൾപ്പെടെ 3,068 സർക്കാർ സ്ഥാപനങ്ങളുണ്ട്. ഇതിൽ 1,515 സ്ഥാപനങ്ങൾക്കാണ് കണക്‌ഷനുകൾ നൽകിയത്.
മലപ്പുറം മുണ്ടുപറമ്പിലെ കെ.എസ്.ഇ.ബി 110 കെ.വി സബ് സ്റ്റേഷനാണ് പ്രധാന കൺട്രോളിംഗ് കേന്ദ്രം (കോർ പോപ്). ഇവിടെ നിന്നാണ് മറ്റ് സബ് സ്റ്റേഷനുകളിലേക്ക് കണക്‌ഷൻ നൽകിയത്. ഒ.പി.ജി.ഡബ്ല്യു കേബിളുകൾ വഴി ജില്ലകളെ തമ്മിൽ ബന്ധിപ്പിച്ചിട്ടുണ്ട്. ഒമ്പതിടങ്ങളിലും സെർവറുകളും സ്ഥാപിച്ചിട്ടുണ്ട്.
വാണിജ്യ പ്ലാനുകൾ ഇങ്ങനെ
പ്രാദേശിക കേബിൾ ടി.വി ഓപ്പറേറ്റർമാർ വഴിയാണ് വാണിജ്യ കണക്‌ഷനുകൾ നൽകുക. സംസ്ഥാനത്ത് ഇതിനായി 924 പ്രാദേശിക കേബിൾ ഓപ്പറ്റേറർമാരെ തിരഞ്ഞെടുത്തിട്ടുണ്ട്. നിലവിൽ ആറുമാസം വീതം കാലാവധിയിൽ ഇന്റർനെറ്റ് സൗകര്യം ലഭിക്കുന്ന ഒമ്പത് പ്ലാനുകളാണ് തയ്യാറാക്കിയിട്ടുള്ളത്. ഒരുമാസത്തേക്ക് 299 രൂപ നിരക്കുള്ള പ്ലാനാണ് ഏറ്റവും ചെലവ് കുറഞ്ഞത്. 3,000 ജിബി വരെ ഈ പ്ലാനിൽ ഉപയോഗിക്കാം. 250 എം.ബി.പി.എസ് വേഗത്തിൽ 5,000 ജിബി ഡേറ്റ ആറ് മാസത്തേക്ക് നൽകുന്ന പ്ലാനാണ് ഏറ്റവും ചെലവേറിയത്. ഒരുമാസത്തേക്ക് 1,249 രൂപയാണ്. ‘എന്റെ കെ ഫോൺ’ എന്ന ആപ്പിലൂടെയാണ് പുതിയ കണക്‌ഷന് അപേക്ഷ നൽകേണ്ടത്.
നിയോജക മണ്ഡലം..... വീടുകളിലെ കണക്‌ഷൻ
ഏറനാട്......................... 60
കൊണ്ടോട്ടി................... 51
മലപ്പുറം......................... 14
മങ്കട................................ 7
നിലമ്പൂർ........................ 28
പെരിന്തൽമണ്ണ.............. 18
പൊന്നാനി..................... 58
തവനൂർ.......................... 30
താനൂർ........................... 74
തിരൂരങ്ങാടി................... 22
വള്ളിക്കുന്ന്...................... 63
വേങ്ങര.......................... 41
വണ്ടൂർ......................... 26
സൗജന്യ ഇന്റർനെറ്റ് പട്ടികയിൽ ഉൾപ്പെട്ട ദാരിദ്രരേഖയ്ക്ക് താഴെയുള്ള എല്ലാ കുടുംബങ്ങൾക്കും വേഗത്തിൽ കണക്‌ഷൻ ലഭ്യമാക്കും. വാണിജ്യ കണക്‌ഷനുള്ള നടപടികൾക്ക് തുടക്കമിട്ടിട്ടുണ്ട്.
ഹെന പി. ആനന്ദ്, കെ-ഫോൺ പദ്ധതി ജില്ലാ കോ-ഓർഡിനേറ്റർ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |