തൃശൂർ: അറിവില്ലായ്മയെ ചൂഷണം ചെയ്ത് മിനിറ്റ്‌സുകളിൽ ഒപ്പിടുവിച്ചു. കടലാസിൽ ലോൺ എഴുതിച്ചേർത്തു. സി.പി.എം ചതിക്കുകയായിരുന്നു. കരുവന്നൂർ സഹ. ബാങ്ക് ബോർഡ് അംഗങ്ങളായിരുന്ന അമ്പിളി മഹേഷും മിനി നന്ദനുമാണ് തുറന്നുപറച്ചിൽ നടത്തിയത്. അമ്പിളി സി.പി.എമ്മിന്റെയും മിനി സി.പി.ഐയുടെയും പ്രതിനിധികളായിരുന്നു.
സെക്രട്ടറി തരുന്ന കടലാസുകൾ മറിച്ചുനോക്കാൻ പോലും അനുവദിക്കില്ല. അതിൽ ഒന്നുമില്ല, വേഗം ഒപ്പിടണമെന്നാണ് പറയാറ്. പിന്നീട് പ്രസിഡന്റും മറ്റുള്ളവരും ഒപ്പിടും. കടലാസിൽ ഒഴിഞ്ഞ ഭാഗങ്ങളുണ്ടാകും. അത് എന്തിനാണെന്ന് സെക്രട്ടറിയോട് ചോദിച്ചാൽ, പെട്ടെന്ന് ലോൺ ആവശ്യം വന്നാൽ നിങ്ങളെ വിളിച്ച് ബുദ്ധിമുട്ടിക്കാതെ എഴുതിച്ചേർക്കാനാണെന്ന് പറയും. പല വായ്പകളും ഇങ്ങനെ എഴുതിച്ചേർത്ത് തട്ടിപ്പ് നടത്തിയതായി സംശയിക്കുന്നു. ബോർഡ് മീറ്റിംഗുകളിൽ പരമാവധി പത്ത് ലക്ഷത്തോളം രൂപയുടെ വായ്പകളാണ് അനുവദിക്കാറ്.
പി.കെ. ബിജുവിന്റെ നേതൃത്വത്തിലുളള കമ്മിഷനാണ് തട്ടിപ്പ് അന്വേഷിച്ചത്. തൃശൂരിൽ വിളിച്ചു വരുത്തിയാണ് മൊഴിയെടുത്തത്. 58 ദിവസമാണ് കേസിൽ പ്രതിയായി വിയ്യൂർ ജയിലിൽ കിടന്നത്. ചില്ലിക്കാശ് പോലും കൈപ്പറ്റാത്തവരെ പ്രതിയാക്കി. നേതാക്കളും വട്ടിപ്പലിശക്കാരുമെല്ലാം പ്രതിസ്ഥാനത്ത് വരേണ്ടതായിരുന്നു. പക്ഷേ, ഭരണസമിതി അംഗങ്ങളെ അറസ്റ്റ് ചെയ്ത് നേതാക്കൾ രക്ഷപ്പെട്ടു. ഓഡിറ്റ് റിപ്പോർട്ട് കിട്ടുംവരെ തങ്ങൾക്കൊന്നും അറിയില്ലായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |