കൊച്ചി: ബി.ജെ.പിയുടെ നേതൃത്വത്തിൽ 2017 ഒക്ടോബറിൽ നടത്തിയ ജനരക്ഷായാത്രയെത്തുടർന്ന് പാലാരിവട്ടം - കലൂർ റോഡിൽ ഗതാഗതം തടസപ്പെടുത്തിയെന്നാരോപിച്ച് ബി.ജെ.പി സംസ്ഥാന പ്രസിഡന്റായിരുന്ന കുമ്മനം രാജശേഖരനടക്കമുള്ളവർക്കെതിരെയുള്ള കേസിലെ തുടർനടപടികൾ ഹൈക്കോടതി ആറുമാസത്തേക്ക് സ്റ്റേചെയ്തു. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് കുമ്മനം രാജശേഖരൻ നൽകിയ ഹർജിയിൽ ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്‌ണനാണ് സ്റ്റേ അനുവദിച്ചത്.
2017 ഒക്ടോബർ 11ന് വൈകിട്ട് അഞ്ചുമണിയോടെ കുമ്മനം ഉൾപ്പെടെയുള്ള നേതാക്കളും പ്രവർത്തകരും ഗതാഗതം തടസപ്പെടുത്തി കാൽനടയാത്ര നടത്തിയെന്നാണ് കേസ്. പിന്നീട് പൊലീസ് അന്തിമറിപ്പോർട്ട് എറണാകുളം ജുഡിഷ്യൽ ഫസ്റ്റ്ക്ളാസ് മജിസ്ട്രേട്ട് കോടതിയിൽ സമർപ്പിച്ചിരുന്നു. എന്നാൽ ഗതാഗതം തടസപ്പെടുത്തിയെന്ന് സാക്ഷിമൊഴികളില്ലെന്നും കേസിൽ അന്ന് തങ്ങളെ അറസ്റ്റുചെയ്യാതിരുന്നത് ഗതാഗത തടസമുണ്ടായില്ലെന്നതിന് തെളിവാണെന്നും ചൂണ്ടിക്കാട്ടിയാണ് കുമ്മനം ഹർജി നൽകിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |