തൃശ്ശൂർ: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ വിമർശനവുമായി നടനും ബിജെപി നേതാവുമായ കൃഷ്ണകുമാർ. കരുവന്നൂർ ബാങ്ക് തട്ടിപ്പ് തുകയും ജയിലർ സിനിമയുടെ കളക്ഷൻ റെക്കാഡും ചേർത്തുവച്ചായിരുന്നു അദ്ദേഹം സമൂഹമാദ്ധ്യമത്തിലൂടെ പ്രതികരിച്ചത്. "ജയിലർ സിനിമ 600 കോടി ക്ളബ്ബിൽ, തൊട്ടുപിന്നിലായി കരുവന്നൂർ ബാങ്കും 500 കോടി ക്ളബ്ബിൽ"- എന്നായിരുന്നു കൃഷ്ണകുമാർ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ കുറിച്ചത്.
കേസിലെ മുഖ്യപ്രതിയായ സതീഷ് 500 കോടിയുടെ തട്ടിപ്പ് നടത്തിയെന്നായിരുന്നു ഇ ഡി വെളിപ്പെടുത്തൽ. പിന്നാലെയാണ് നടൻ വിഷയം സമൂഹമാദ്ധ്യമത്തിലൂടെ അവതരിപ്പിച്ചത്.
അതേസമയം കരുവന്നൂർ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് തൃശൂർ ജില്ലയിൽ സി.പി.എം ഭരണത്തിലുള്ള രണ്ട് സഹകരണ ബാങ്കുകളിൽ ഇ.ഡി ഇന്നലെ റെയ്ഡ് നടത്തിയിരുന്നു. കേരളബാങ്ക് വൈസ് പ്രസിഡന്റ് എം.കെ. കണ്ണൻ അദ്ധ്യക്ഷനായ തൃശൂർ സർവീസ് സഹകരണ ബാങ്ക്, അയ്യന്തോൾ സർവീസ് സഹകരണ ബാങ്ക് എന്നിവിടങ്ങളിലാണ് പത്തംഗ ഇ.ഡി സംഘം സായുധ സേനാംഗങ്ങളുടെ അകമ്പടിയോടെ റെയ്ഡ് നടത്തിയത്.
ഇതിനൊപ്പം മൂന്ന് ആധാരമെഴുത്ത് ഓഫീസ്, ഒരു ജുവലറി, കരുവന്നൂർ കള്ളപ്പണക്കേസിലെ മുഖ്യപ്രതി വെളപ്പായ സതീശന്റെ ബിനാമികളായ അനിൽകുമാർ, മറ്റൊരാൾ എന്നിവരുടെ വീടുകൾ, കൊച്ചിയിൽ ബിസിനസുകാരനായ ദീപക്കിന്റെ ഓഫീസ് എന്നിവിടങ്ങളിലും റെയ്ഡ് നടന്നു. ഒൻപതിടത്തെ റെയ്ഡിന്റെയും വിവരം സംസ്ഥാന പൊലീസിനെ അറിയിച്ചിരുന്നില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |