തിരുവനന്തപുരം: ബി.ജെ.പിക്കെതിരായ പ്രതിപക്ഷ ഐക്യമായ 'ഇന്ത്യ' മുന്നണി ഒരു സംഘടനാ സംവിധാനമല്ല, ഒരു പൊതുവേദി മാത്രമാണെന്ന് സി.പി.എം പോളിറ്റ്ബ്യൂറോ അംഗം കൂടിയായ മുഖ്യമന്ത്രി പിണറായി വിജയൻ.
ഇന്ത്യയുടെ സമിതിയിലേക്ക് സി.പി.എം പ്രതിനിധിയെ അയയ്‌ക്കാത്തത് പാർട്ടി കേരളഘടകം ബി.ജെ.പിയുമായി ഒത്തുതീർപ്പുണ്ടാക്കിയതിനാലാണെന്ന പ്രതിപക്ഷനേതാവ് വി.ഡി. സതീശന്റെ ആരോപണത്തോട് പ്രതികരിക്കവേ ആണ് സി.പി.എം നിലപാട് മുഖ്യമന്ത്രി വ്യക്തമാക്കിയത്.
ദേശീയതലത്തിൽ ബി.ജെ.പിക്കെതിരായ പ്രതിപക്ഷ ഐക്യനിരയ്ക്ക് ഒരു പൊതു വേദിയാകാമെങ്കിലും അതിനൊരു സംഘടനാരൂപം പാടില്ലെന്ന് പാർട്ടി തീരുമാനിച്ചതാണ്. കോ-ഓർഡിനേഷൻ കമ്മിറ്റി സംഘടനാ രൂപമായതിനാൽ യോജിപ്പില്ല. എന്നാൽ ഇന്ത്യ എന്ന പൊതു വേദിയുടെ ചർച്ചയിലെല്ലാം പാർട്ടി പ്രതിനിധിയുണ്ടാകും.
പ്രതിപക്ഷനേതാവിന്റെ ചില നിഗമനങ്ങൾ പാളിപ്പോകാറുണ്ട്. സി.പി.എം എങ്ങനെ പ്രവർത്തിക്കുന്നെന്ന് അതിന്റെ ബാലപാഠം അറിയാവുന്നവർക്ക് അറിയാം. ഒരാൾക്കോ ഒരു സംസ്ഥാന ഘടകത്തിനോ ഏകപക്ഷീയമായി തീരുമാനം എടുക്കാവുന്ന പാർട്ടിയല്ല. സി.പി.എമ്മിന്റെ പൊതുവായ തീരുമാനമാണുണ്ടാവുക. പോളിറ്റ്ബ്യൂറോയും കേന്ദ്രകമ്മിറ്റിയും ഇക്കാര്യം ചർച്ച ചെയ്തതാണ്.
സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രതിസന്ധി സംബന്ധിച്ച് യോജിച്ച് കേന്ദ്രധനമന്ത്രിയെ കണ്ട് നിവേദനം നൽകാൻ കഴിഞ്ഞ പാർലമെന്റ് സമ്മേളനത്തിന് മുമ്പു ചേർന്ന എം.പിമാരുടെ യോഗത്തിൽ ധാരണയായതാണ്. നിവേദനത്തിൽ ഒപ്പുവയ്ക്കാനോ ഒരുമിച്ച് പോകാനോ യു.ഡി.എഫ് എം.പിമാർ തയാറായില്ല.
സമരത്തിന് ഫീസില്ല
ജനകീയസമരങ്ങൾക്ക് ഫീസ് ഏർപ്പെടുത്താനൊന്നും പോകുന്നില്ല. ചില കൂടിച്ചേരലുകൾക്ക് പെർമിഷൻ ഫീസ് ഈടാക്കുന്നത് പൊലീസിന്റെ രീതിയാണ്. സർക്കാർ ചെലവ് വഹിക്കേണ്ടാത്ത കാര്യങ്ങൾക്കാണത്. സെക്രട്ടേറിയറ്റ് നടയിലെ കൂടിച്ചേരർ ചൂണ്ടിക്കാട്ടിയപ്പോൾ ഏതൊക്കെ ഫീസാണെന്ന് പരിശോധിക്കാമെന്നായിരുന്നു മറുപടി.
ഗവർണർ പ്രശ്നത്തിൽ ഗൗരവപരിഗണന
ബില്ലുകളിൽ ഒപ്പിടാത്തതും ഗവർണറുമായി ബന്ധപ്പെട്ട മറ്റ് പ്രശ്നങ്ങളും പരിഹരിക്കുന്നത് ഗൗരവമായെടുക്കും.
വി.സിമാരെ നിയമിക്കാത്തതുൾപ്പെടെ ഉന്നത വിദ്യാഭ്യാസമേഖലയിലെ പ്രതിസന്ധി ചൂണ്ടിക്കാട്ടിയപ്പോഴായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. ചില തീരുമാനങ്ങൾ എടുക്കുമ്പോഴുണ്ടാകുന്ന തടസ്സങ്ങൾ ബുദ്ധിമുട്ടാകും. ഉന്നതവിദ്യാഭ്യാസ രംഗം മെച്ചപ്പെടുത്താനുള്ള ശ്രമത്തിന് തടസ്സമിതാണ്.
ലോക കേരളസഭയുടെ മേഖലാ സമ്മേളനം സൗദി അറേബ്യയിൽ നടകന്നാൽ തീർച്ചയായും പങ്കെടുക്കും.
ആളുകളുടെ ഇഷ്ടം ഇല്ലാതാക്കരുത്
നടൻ അലൻസിയറിനെപ്പോലെ ഒരാളിൽ നിന്ന് ഉണ്ടാവാൻ പാടില്ലാത്ത പ്രതികരണമാണ് ചലച്ചിത്ര അവാർഡ് വേദിയിലുണ്ടായതെന്ന് മുഖ്യമന്ത്രി പറഞ്ഞു. അവരെ നമ്മൾ കാണുന്ന ഒരു രീതിയുണ്ട്. ഇഷ്ടപ്പെടുന്നവരെ അവർ തന്നെ വാക്കുകളിലൂടെ ഇല്ലാതാക്കരുത്- മുഖ്യമന്ത്രി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |