മുംബയ്: രാജ്യത്തെ ഗാർഹിക സമ്പാദ്യത്തിൽ കഴിഞ്ഞ സാമ്പത്തിക വർഷം (2022-23) 19 ശതമാനം കുറവുണ്ടായതായി റിസർ ബാങ്ക് ഒഫ് ഇന്ത്യ. ആകെ ഗാർഹിക സമ്പാദ്യം 13.77 ലക്ഷം കോടി രൂപയായി. ഇത് ജിഡിപിയുടെ 5.1 ശതമാനമാണെന്ന് ആർ.ബി.ഐ പുറത്തുവിട്ട കണക്കുകുൾ സൂചിപ്പിക്കുന്നു.
2021-22ൽ കുടുംബങ്ങളുടെ അറ്റ സാമ്പത്തിക സമ്പാദ്യം ജി.ഡി.പിയുടെ 7.2 ശതമാനമായിരുന്നു. കൊറോണ പടർന്നു പിടിച്ച 2020-21 ൽ കുടുംബങ്ങളുടെ സമ്പാദ്യം ജി.ഡി.പിയുടെ 11.5 ശതമാനമായി ഉയർന്നിരുന്നു. സമീപകാലത്തെ ഏറ്റവും ഉയർന്ന നിലയാണിത്. പണം ചെലവിടാനുള്ള വഴികൾ പരിമിതമായതാണ് കാരണം. 2019-20 ലിത് 8.1 ശതമാനമായിരുന്നു.
2022-23ൽ ബാങ്ക് നിക്ഷേപങ്ങൾ കൂടുതലാണെങ്കിലും ചെറുകിട സമ്പാദ്യവും (പി.പി.എഫ് ഒഴികെ) നിക്ഷേപങ്ങളും 2021-22 നെ അപേക്ഷിച്ച് കുറഞ്ഞു.
വാണിജ്യ ബാങ്കുകളിൽ നിന്നുള്ള വായ്പകൾ 2021-22 ൽ നിന്ന് 2022-23 ൽ 54 ശതമാനം ഉയർന്നു. കുടുംബങ്ങളുടെ സാമ്പത്തിക ആസ്തിയുടെ കാര്യത്തിലും 2022-23 ൽ കുറവ് അനുഭവപ്പെട്ടു. 2021-22 ലെ 11.1 ശതമാനത്തിൽ നിന്ന് 2022-23ൽ ജി.ഡി.പിയുടെ 10.9 ശതമാനമായി കുറഞ്ഞു. അതേസമയം ബാധ്യതകൾ ജി.ഡി.പിയുടെ 3.8 ശതമാനത്തിൽ നിന്ന് 5.8 ശതമാനമായി ഉയർന്നു. സ്വതന്ത്ര ഇന്ത്യയിലെ രണ്ടാമത്തെ ഏറ്റവും ഉയർന്ന നിലയാണിത്.
കുടുംബങ്ങളുടെ അറ്റ സാമ്പത്തിക സമ്പാദ്യം 34 വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിൽ എത്തിയിരിക്കുകയാണെന്ന് ചീഫ് ഇക്കണോമിസ്റ്റ് നിഖിൽ ഗുപ്ത ചൂണ്ടിക്കാട്ടി. ബാധ്യതകളാണ് ഗാർഹിക സമ്പാദ്യത്തിന്റെ ഇടിവിന് കാരണം.
2022-23ൽ ഉപഭോഗത്തെയും റിയൽ എസ്റ്റേറ്റ് നിക്ഷേപത്തെയും പിന്തുണച്ചത് താഴ്ന്ന കുടുംബങ്ങളിലെ സമ്പാദ്യമാണെന്ന് ഗുപ്ത പറയുന്നു.
ജി.ഡി.പി കണക്കുകളനുസരിച്ച് സ്വകാര്യ ഉപഭോഗം 2022-23 ൽ 7.5 ശതമാനം ഉയർന്നു. എന്നാൽ 2021-22 ലിത് 11.2 ശതമാനമായിരുന്നു വളർച്ച. അതേസമയം, ധനകാര്യ, റിയൽ എസ്റ്റേറ്റ്, പ്രൊഫഷണൽ സേവനങ്ങൾ വ്യവസായത്തിന്റെ മൊത്ത മൂല്യവർധന 2022-23 ൽ 7.1 ശതമാനം വർധിച്ചു. ദുർബലമായ വരുമാന വളർച്ചയും കുറയുന്ന ഗാർഹിക സമ്പാദ്യവുമാണ് കൂടുന്നതെന്ന് ഗുപ്ത വിലയിരുത്തുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |