ന്യൂഡൽഹി: മുൻനിര സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ട്വിറ്ററിന്റെ പേര് മാറ്റി എക്സ് ആയതിന് പിന്നാലെ കൂടുതൽ മാറ്റങ്ങൾ വരുത്താൻ ഒരുങ്ങുന്നു. എക്സ് ഇനി ദീർഘകാലം സൗജന്യമായി തുടരില്ലെന്നും ഉപയോഗിക്കുന്നതിന് ചെറിയ തുക ഈടാക്കാൻ തീരുമാനിച്ചതായും എക്സ് ഉടമ ഇലോൺ മസ്ക് വെളിപ്പെടുത്തി. എന്നാൽ തുക എത്രയാകുമെന്ന് മസ്ക് വ്യക്തമാക്കിയില്ല.
ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി നടത്തിയ സംവാദത്തിനിടെയാണ് മസ്ക് ഇക്കാര്യം സൂചിപ്പിച്ചത്. എക്സ് ഉപയോക്താക്കളിൽ നിന്ന് പ്രതിമാസ സബ്‍സ്ക്രിഷൻ അടിസ്ഥാനത്തിൽ തുക ഈടാക്കുന്നതാണ് ആലോചിക്കുന്നത്. ഇത് ആദ്യമായല്ല എക്‌സിന് നിരക്ക് ഈടാക്കുന്നതിനുള്ള ആശയം മസ്‍ക് മുന്നോട്ടുവെക്കുന്നത്. ട്വിറ്റർ ഏറ്റെടുത്ത വേളയിൽ തന്നെ അദ്ദേഹം ഇക്കാര്യം പരിഗണിക്കുന്നതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഉപയോക്താക്കളിൽ നിന്ന് പണം ഈടാക്കുന്നതിലൂടെ ബോട്ടുകളെയും വ്യാജ അക്കൗണ്ടുകളെയും വലിയ പരിധി വരെ ഒഴിവാക്കാൻ സാധിക്കുമെന്ന് മസ്‌ക് നേരത്തെ പറഞ്ഞിരുന്നു.
പ്ലാറ്റ്‍ഫോമിൽ കൃത്രിമത്വം കാണിക്കുന്നത് തടയാൻ ബോട്ടുകളെ ഉപയോഗിക്കുന്നുണ്ട്. സുതാര്യമായ സോഷ്യൽ മീഡിയ അനുഭവത്തിന് ഇത് അനിവാര്യമാണെന്നും മസ്ക പറയുന്നു. ഇങ്ങനെയുള്ള ചെലവുകൾക്കായാണ് ഉപയോക്താക്കളിൽനിന്ന് തുക ഈടാക്കുന്നത്. എന്നാൽ പെയ്ഡ് ആക്കുമ്പോൾ എന്തെല്ലാം സൗകര്യങ്ങൾ ഉപയോക്താക്കൾക്ക് ലഭിക്കുമെന്ന കാര്യവും മസ്ക് വിശദീകരിച്ചിട്ടില്ല. എ.ഐ ഉൾപ്പെടെയുള്ള സാങ്കേതിക വിദ്യകളുടെ ദുരുപയോഗം തടയാനും ഇതിലൂടെ മസ്ക് ലക്ഷ്യമിടുന്നു. എക്സിന് ഇപ്പോൾ 55 കോടി ഉപയോക്താക്കൾ ഉണ്ട്, ഇവർ പ്രതിദിനം 10 കോടി മുതൽ 20കോടി വരെ പോസ്റ്റുകൾ സൃഷ്ടിക്കുന്നുവെന്ന് മസ്‍ക് പറഞ്ഞു. എന്നാൽ ഇതിൽ എത്ര വ്യാജ അക്കൗണ്ടുകളുണ്ടെന്ന് വ്യക്തതയില്ല.
എക്സ് പ്രീമിയം
ഇപ്പോൾ മെച്ചപ്പെട്ട സേവനങ്ങൾ ലഭ്യമാക്കുന്നതിന് പണമടച്ചുള്ള സബ്‍സ്ക്രിപ്ഷനിലൂടെ എക്സ് പ്രീമിയം നടപ്പിലാക്കിയിട്ടുണ്ട്. കൂടുതൽ പോസ്റ്റുകളും ദൈർഘ്യമേറിയ പോസ്റ്റുകളും കാണാനാകും എന്നതുൾപ്പയെയുള്ള കൂടുതൽ സവിശേഷതകൾ എക്സ് പ്രീമിയം ഉപയോക്താക്കൾക്ക് ലഭ്യമാണ്. 4400 കോടി ഡോളറിന് ട്വിറ്റർ ഏറ്റെടുത്തതിന് പിന്നാലെ നിരവധി പരിഷ്കാരങ്ങൾ കമ്പനിക്കകത്തും പ്ലാറ്റ്‍ഫോമിലും ഇലോൺ മസ്ക് നടപ്പിലാക്കിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി പ്ലാറ്റ്‍ഫോമിന്റെ പേര് തന്നെ എക്സ് എന്നാക്കി മാറ്റി. ഇതിലൂടെ പണമിടപാടുകൾ നടത്താനുള്ള സൗകര്യമൊരുക്കുമെന്നും മസ്ക് അടുത്തിടെ വെളിപ്പെടുത്തിയിരുന്നു. അമേരിക്കയിലെ എട്ട് സംസ്ഥാനങ്ങൾ ഇതിന് അനുമതി നൽകിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |