കൊച്ചി: എൽ.ഐ.സി ഏജന്റുമാരുടെ ഗ്രാറ്റുവിറ്റിയും ജീവനക്കാരുടെ കുടംബ പെൻഷനും കേന്ദ്ര സർക്കാർ വർദ്ധിപ്പിച്ചു. ഏജന്റുമാരും ഗ്രാറ്റുവിറ്റി പരിധി 3 ലക്ഷം രൂപയിൽ നിന്ന് 5 ലക്ഷം രൂപയാക്കിയാണ് ഉയർത്തിയത്. ഏജന്റുമാർക്കായി നിലവിലുള്ള ടേം ഇൻഷ്വറൻസ് പരിരക്ഷയുടെ തുകയും 3000-10000 രൂപയിൽ നിന്ന് 25000- 1.5 ലക്ഷം രൂപയായി വർദ്ധിപ്പിച്ചു. ജീവനക്കാരുടെ അവസാന ശമ്പളത്തിന്റെ 30 ശതമാനം എന്ന ഏകീകൃത നിരക്കിലായിരിക്കും കുടുംബ പെൻഷൻ. നേരത്തെ ഇത് 15 ശതമാനമായിരുന്നു. 13 ലക്ഷത്തിലധികം ഏജന്റുമാർക്കും ഒരു ലക്ഷത്തിലധികം വരുന്ന സ്ഥിര ജീവനക്കാർക്കും പുതിയ തീരുമാനങ്ങളുടെ പ്രയോജനം ലഭിക്കും.
പഴയ ഏജൻസി പുനരാരംഭിച്ചാൽ പഴയ കാലത്തെ ഇടപാടുകളുടെ കമ്മീഷന് അർഹത ഉണ്ടായിരിക്കും.
എൽ.ഐ.സി ഏജന്റുമാരുടെ പ്രവർത്തനങ്ങളിലും ആനുകൂല്യങ്ങളിലും ഇത് മികച്ച പുരോഗതി കൊണ്ടുവരുമെന്ന് ധനമന്ത്രാലയം അറിയിച്ചു. പുതിയ ക്ഷേമ നടപടികൾ 2017ലെ എൽ.ഐ.സി (ഏജന്റ്സ്) ചട്ടങ്ങളെ ഭേദഗതി ചെയ്തുകൊണ്ടാണ് നടപ്പിലാക്കുക. ഇന്ത്യയിൽ എൽ.ഐ.സി വളർച്ചയിലും വികസനത്തിലും വൻ മുന്നമാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ഏപ്രിൽ-ജൂൺ പാദത്തിൽ എൽ.ഐ.സിയുടെ അറ്റാദായം 9,544 കോടി രൂപയായി ഉയർന്നു. മുൻവർഷത്തെ അറ്റാദായം 683 കോടി രൂപയായിരുന്നു. ജൂൺ പാദത്തിൽ മൊത്തം വരുമാനം 1,88,749 കോടി രൂപയായി വർദ്ധിച്ചു, മുൻ വർഷം ഇതേ കാലയളവിൽ ഇത് 1,68,881 കോടി രൂപയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |