തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി സ്വിഫ്റ്റിൽ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ പ്രതി അറസ്റ്റിൽ. മുട്ടത്തറ ശ്രീവരാഹം 'സൂര്യകിരണം' വീട്ടിൽ സ്വരൂപ് കണ്ണനെയാണ്(29) ഫോർട്ട് പൊലീസ് അറസ്റ്റ് ചെയ്തത്. ശ്രീവരാഹത്തുവച്ച് ജോലി വാഗ്ദാനം നൽകി പലപ്പോഴായി പണം തട്ടിയെന്നാണ് പരാതി. പറ്റിക്കപ്പെട്ടയാൾ പ്രതിയുമായി അടുത്ത് പരിചയമുള്ളയാളാണെന്ന് പൊലീസ് പറഞ്ഞു. മൂന്ന് മാസം മുൻപാണ് സംഭവം.
പലപ്പോഴായി 5000, 10000 എന്നിങ്ങനെ 1,50,000 രൂപയോളം പ്രതി കൈപ്പറ്റിയിരുന്നു. ഇതിൽ 30,000 രൂപയിലേറെ പുതിയ ഫോൺ വാങ്ങാനും ബാക്കി ഓൾ ഇന്ത്യാ ടൂറിനായും ഇയാൾ ചെലവഴിച്ചു. മാനന്തവാടിയിൽ കെ.എസ്.ആർ.ടി.സിയിലെ ജീവനക്കാരനാണെന്നു പറഞ്ഞായിരുന്നു തട്ടിപ്പ്. സെപ്തംബറോടെ ജോലി നൽകാമെന്നു പറഞ്ഞെങ്കിലും ലഭിക്കാത്തതിനെ തുടർന്നാണ് പറ്റിക്കപ്പെട്ടെന്ന് ശ്രീവരാഹം സ്വദേശിക്ക് മനസിലായത്. ഇതോടെ പരാതിപ്പെടുകയായിരുന്നു.
20ഓളം പേർ ഇയാളുടെ തട്ടിപ്പിന് ഇരയായിട്ടുണ്ടെന്നാണ് സൂചന. എന്നാൽ, വേറെ പരാതികൾ ലഭിച്ചിട്ടില്ല. ഫോട്ടോ ഫ്രെയിം ചെയ്തു നൽകുന്നതിൽ അച്ഛൻ വിജയകുമാറിനെ ഇയാൾ സഹായിച്ചിരുന്നു.വാടക വീട്ടിലാണ് താമസം. ഇയാൾക്ക് മുൻ ക്രിമിനൽ പശ്ചാത്തലം ഉള്ളതായി സൂചനയില്ല. മറ്റാരും ഇയാളുടെ സംഘത്തിൽ ഇല്ലെന്നാണ് നിഗമനം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |