തിരുവനന്തപുരം: നിയമസഭാംഗങ്ങളിൽ നിന്ന് സഭാ നടപടികൾക്ക് നിരക്കാത്ത പരാമർശം ഉണ്ടാകുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.നിയമസഭാ സാമാജികർക്കുള്ള പരിശീലന പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നിയമസഭയുടെ അന്തസ്സ് നഷ്ടപ്പെടുന്ന തരത്തിലുള്ള പരാമർശമുണ്ടാകരുത്. നിയമസഭ നൽകുന്ന സംരക്ഷണത്തിന്റെ ഭാഗമായി ചിലതെല്ലാം വിളിച്ചു പറയാമെന്ന് കരുതുന്നവരുണ്ട്. മന:സാക്ഷിക്ക് നിരക്കുന്നതും ബോദ്ധ്യമുള്ളതുമായിരിക്കണം പറയേണ്ടത്. ബോദ്ധ്യമുള്ള കാര്യങ്ങൾ കൃത്യമായി അവതരിപ്പിക്കണം..സഭയിൽ മോശമായ പദങ്ങൾ പ്രയോഗിക്കാൻ അവകാശമുണ്ടെന്ന് കരുതരുത്. നമുക്കു നമ്മുടേതായ നിയന്ത്രണമുണ്ടാകണം. വാക്കുകൾ കൊണ്ടുള്ള ഏറ്റുമുട്ടലുകളുണ്ടാകുമ്പോഴും പരിധി ലംഘിക്കരുത്. ഇതിന്റെ പേരിൽ സൗഹ്യദാന്തരീക്ഷം തകരാൻ പാടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
വൈകി വന്നവർക്ക്
താക്കീത്
പരിശീലന പരിപാടിക്ക് വൈകിയെത്തിയ എം.എൽ.എമാർക്ക് മുഖ്യമന്ത്രിയുടെ താക്കീത്. ഇനിയുള്ള ക്ലാസുകൾക്ക് വൈകി വരാൻ പാടില്ലെന്ന് അദ്ദേഹം കർശനമായി പറഞ്ഞു..
സ്പീക്കർ എ..എൻ. ഷംസീർ അദ്ധ്യക്ഷത വഹിച്ചു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ, ചീഫ് വിപ്പ് ഡോ. എൻ. ജയരാജ്, പി.ജെ. ജോസഫ് തുടങ്ങിയവർ പ്രസംഗിച്ചു. എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യലിന് വീണ്ടും ഹാജാരാകാൻ നിർദേശിച്ചിരുന്ന എ.സി. മൊയ്തീനും പങ്കെടുത്തു. ദ്വിദിന പരിശീലന പരിപാടിയുടെ പേരിലാണ് ഇന്നലെ ചോദ്യം ചെയ്യലിന് എത്താനാകില്ലെന്ന് മൊയ്തീൻ ഇ.ഡിയെ അറിയിച്ചത്.
എത്തിയത് അമ്പതോളം
എം.എൽ.എമാർ
തുടർ പരിശീലന പരിപാടിയിൽ 140 എം.എൽ.എമാരിൽ അമ്പതോളം പേരേ ഇന്നലെ എത്തിയുള്ളൂ. പരിശീലനത്തിൽ പങ്കെടുക്കാൻ ചില എം.എൽ.എമാർക്ക് വിമുഖതയാണെന്ന് അദ്ധ്യക്ഷത വഹിച്ച സ്പീക്കർ ഷംസീർ പറഞ്ഞു. പരിശീലനം അനിവാര്യമായതു കൊണ്ടാണ് ഇത്തരമൊരു പരിപാടി സംഘടിപ്പിച്ചത്. നിയമസഭാ സാമാജികർക്ക് ചില ധാരണക്കുറവുണ്ടെന്നും സ്പീക്കർ പറഞ്ഞു.പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, കെ.ബി. ഗണേശ് കുമാർ, കെ.പി.എ. മജീദ്, എം.ബി. രാജേഷ്, മാത്യു.ടി. തോമസ്, സി.കെ. ആശ, ലോക്‌സഭാ മുൻ സെക്രട്ടറി ജനറൽ പി.ഡി.ടി. ആചാരി, രമേശ് ചെന്നിത്തല തുടങ്ങിയവർ ക്ലാസെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |