SignIn
Kerala Kaumudi Online
Wednesday, 06 December 2023 12.48 PM IST

ചൈനീസ് വിദേശകാര്യ മന്ത്രിയെ പുറത്താക്കിയ സംഭവം യു.എസ് വനിതയുമായുള്ള ബന്ധമെന്ന് റിപ്പോർട്ട്

k

ബീജിംഗ്: ചൈനീസ് മുൻ വിദേശകാര്യ മന്ത്രി ചിൻ ഗാംഗിനെ പുറത്താക്കിയത് യു.എസ് വനിതയുമായുള്ള ബന്ധത്താല്ലെന്ന് റിപ്പോർട്ട്. ചിന്‍ യു.എസ് അംബാസഡര്‍ ആയിരുന്നപ്പോള്‍ അവിടെ ഒരു സ്ത്രീയുമായി ബന്ധത്തിലായെന്നും അതില്‍ ഒരു കുട്ടിയുണ്ടെന്നും കണ്ടെത്തിയതിനെ തുടര്‍ന്നാണു മന്ത്രിസ്ഥാനത്തുനിന്നു നീക്കിയതെന്ന് അന്വേഷണത്തില്‍ വ്യക്തമായതായി ഒരു വിദേശ മാദ്ധ്യമം റിപ്പോർട്ട് ചെയ്തു.

അതേസമയം, കമ്മ്യൂണിസ്റ്റ് പാർട്ടി നടത്തിയ അന്വേഷണത്തിൽ ചിൻ ഗാംഗിന് ജീവിതശൈലി പ്രശ്നമുണ്ടെന്ന് കണ്ടെത്തിയതായി ചൈനീസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ചാണ് റിപ്പോര്‍ട്ട് ചെയ്യുന്നണ്ട്. യു.എസ് വനിതയുമായുള്ള ചിന്നിന്റെ ബന്ധം രാജ്യസുരക്ഷയെ ബാധിച്ചിട്ടുണ്ടോ എന്ന അന്വേഷണമാണ് ഇപ്പോള്‍ നടക്കുന്നത്. ഇതേക്കുറിച്ച് ചൈനീസ് വിദേശകാര്യ മന്ത്രാലയം ഇതുവരെ പ്രതികരിച്ചിട്ടില്ല.

മന്ത്രിസ്ഥാനം ഏറ്റെടുത്തതിനു ശേഷം ഏഴാം മാസത്തിലാണ് ചിന്‍ ഗാംഗിനെ ചൈനീസ് ഭരണകൂടം പുറത്താക്കിയത്. തുടർന്ന് കാരണമൊന്നും പറയാതെ മുന്‍ വിദേശകാര്യമന്ത്രി വാംഗിയിയെ ഈ സ്ഥാനത്തേക്ക് കൊണ്ടു വരുകയായിരുന്നു.

എന്നാല്‍ ചൈനീസ് ജനതയ്ക്കിടയിൽ ഒരു മാസമായി 'കാണാനില്ലാത്ത' ചിന്‍ എവിടെയാണെന്ന ചോദ്യത്തിന് ഭരണകൂടം ഇതുവരെ ഉത്തരം നൽകിയിട്ടില്ല. 'ചിന്‍ ഗാംഗിനെ നീക്കുകയും വാംഗിയിയെ വിദേശകാര്യമന്ത്രിയായി നിയമിക്കുകയും ചെയ്തു' എന്നു മാത്രമാണു ചൈനയുടെ ഔദ്യോഗിക മാദ്ധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നത്. പാര്‍ലമെന്റായ നാഷനല്‍ പീപ്പിള്‍സ് കോണ്‍ഗ്രസിന്റെ സ്ഥിരം സമിതിയുടേതാണു തീരുമാനം.

പ്രസിഡന്റ് ഷി ചിന്‍പിംഗിന്റെ വിശ്വസ്തനായി അറിയപ്പെട്ടിരുന്ന ചിന്‍ ഗാംഗ് പുറത്താക്കപ്പെട്ടതോടെ ഭരണനേതൃത്വത്തിലെ കിടമത്സരമാണു മറനീക്കിയതെന്ന വിലയിരുത്തലുമുണ്ട്. കാര്യങ്ങള്‍ തുറന്നടിച്ചുപറയുന്ന ശീലവും വിനയായെന്നു പറയുന്നു.

യു.എസില്‍ അംബാസഡര്‍ ആയിരുന്ന ചിന്‍ കഴിഞ്ഞ ഡിസംബറിലാണ് വിദേശകാര്യമന്ത്രിയായത്. ചുമതലയേറ്റശേഷം ആദ്യം പോയതു ഈ വർഷം മാർച്ചിൽ നടന്ന ജി20 വിദേശകാര്യമന്ത്രിമാരുടെ ഉച്ചകോടിയില്‍ പങ്കെടുക്കാനായിരുന്നു. ജൂണ്‍ 25നാണ് അവസാനം പുറത്തുകണ്ടത്. നയതന്ത്ര പ്രതിനിധികളുടെ യോഗത്തില്‍ അദ്ദേഹത്തിന്റെ അസാന്നിധ്യം 'ആരോഗ്യപരമായ കാരണങ്ങളാല്‍' എന്ന് ഔദ്യോഗിക വിശദീകരണമുണ്ടായി. പിന്നാലെ ഔദ്യോഗിക വെബ്‌സൈറ്റില്‍നിന്ന് അദ്ദേഹത്തിന്റെ വിവരങ്ങളും അപ്രത്യക്ഷമായി.

തയ്​വാന്‍ പ്രശ്‌നത്തില്‍ ഉരസിനില്‍ക്കുന്ന യു.എസും ചൈനയും തമ്മിലുള്ള ബന്ധം ചിന്‍ വന്നതോടെ മെച്ചപ്പെടുത്താന്‍ ശ്രമിച്ചിരുന്നു. യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്റെ നേതൃത്വത്തില്‍ ഉന്നതതല സംഘം ബീയ്ജിംഗിലെത്തി ചര്‍ച്ച നടത്തുകയും ചെയ്തു. ചൈനയില്‍ ഇത്തരം അപ്രത്യക്ഷമാകല്‍ പുതുമയല്ല.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, WORLD, WORLD NEWS, 1
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.