ചെന്നൈ: ജനവാസ മേഖലയിൽ നിന്ന് മാറാതെ നിലയുറപ്പിച്ച് അരിക്കാമ്പൻ. തമിഴ്‌നാട് മാഞ്ചോലയിലെ ഊത്ത് എസ്റ്റേറ്റിൽ തുടരുന്ന ആനയെ തമിഴ്‌നാട് വനംവകുപ്പ് നിരീക്ഷിച്ചുവരികയാണ്. കൊമ്പനെ ഉൾക്കാട്ടിലേയ്ക്ക് അയയ്ക്കാനുള്ള ശ്രമത്തിലാണ് വനംവകുപ്പ്. ഊത്ത് എസ്റ്റേറ്റിലെ പത്താം കാടിലുള്ള അരിക്കൊമ്പന്റെ ദൃശ്യങ്ങൾ തമിഴ്‌നാട് വനംവകുപ്പ് പുറത്തുവിട്ടു.
അരിക്കൊമ്പന്റെ റൂട്ട് മാപ്പ് തയ്യാറാക്കി. വെറ്ററിനറി ഡോക്‌ടർമാരുടെ സംഘവും വനപാലകർക്കൊപ്പം അരിക്കൊമ്പനെ നിരീക്ഷിക്കുന്നുണ്ട്. അതേസമയം, കേരളത്തിലെ ജനങ്ങൾ ആശങ്കപ്പെടേണ്ടതില്ലെന്ന് തമിഴ്‌നാട് പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ ഒഫ് ഫോറസ്റ്റ് ( പി സി സി എഫ്) അറിയിച്ചു. 'കൊമ്പനെ മയക്കുവെടി വച്ച് പിടികൂടില്ല. അരിയ്ക്ക് വേണ്ടി ആന ആക്രമണമൊന്നും നടത്തിയിട്ടില്ല. സാധാരണ കാട്ടാനയുടെ ഭക്ഷണരീതിയിലേയ്ക്ക് അരിക്കൊമ്പൻ മാറി. കൊമ്പൻ കേരള അതിർത്തിയുടെ സമീപമെത്തിയെന്ന പ്രചാരണം ശരിയല്ല. അതിനാൽ കേരളത്തിൽ ആശങ്ക വേണ്ട'- പി സി സി എഫ് ശ്രീനിവാസ് ആർ റെഡ്ഡി ഒരു മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.
രാത്രി പത്ത് കിലോമീറ്ററും ഒരു ദിവസം 25 കിലോമീറ്ററും ഒക്കെ അരിക്കൊമ്പൻ സഞ്ചരിക്കുകയാണെന്ന തരത്തിൽ വിവരം പുറത്തുവന്നിരുന്നു. കഴിഞ്ഞദിവസങ്ങളിൽ തമിഴ്‌നാട് മേഖലയിൽ അരിക്കൊമ്പൻ കൃഷിനാശമടക്കമുള്ള പ്രശ്‌നങ്ങൾ സൃഷ്ടിച്ചിരുന്നു. ചില വീടുകൾക്ക് നാശനഷ്ടങ്ങൾ വരുത്തുകയും ചെയ്തു. അക്രമാസക്തനാണെന്നും മദപ്പാടുണ്ടെന്നും തരത്തിലെ വാർത്തകളും പുറത്തുവന്നിരുന്നു. ഊത്ത് തോട്ടം മേഖലയിൽ ആശങ്ക തുടരുകയാണ്. പ്രദേശത്തെ സ്‌കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു. വിനോദസഞ്ചാരത്തിന് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |