കോഴിക്കോട്: ഡയാലിസിസിന് വിധേയരാകുന്ന ക്ഷീര കർഷകർക്കും കുടുംബാംഗങ്ങൾക്കും മലബാർ മിൽമയുടെ സഹോദര സ്ഥാപനമായ മലബാർ റൂറൽ ഡെവലപ്പ്‌മെന്റ് ഫൗണ്ടേഷൻ (എം.ആർഡി.എഫ്) ചികിത്സാ ധനസഹായം നൽകും. മിൽമ ചെയർമാൻ കെ.എസ്. മണിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന എം.ആർ.ഡി.എഫ് ബോർഡ് ഒഫ് ട്രസ്റ്റീസ് യോഗമാണ് തീരുമാനം കൈക്കൊണ്ടത്. മലബാർ മേഖലാ യൂണിയന് കീഴിലെ സംഘങ്ങളിൽ അംഗങ്ങളും പാലളക്കുന്നവരുമായ ക്ഷീര കർഷകൻ, ഭാര്യ, ഭർത്താവ്, പ്രായപൂർത്തിയാകാത്ത മക്കൾ, വിവാഹിതരാകാത്ത പെൺമക്കൾ എന്നിവർ ധനസഹായത്തിന് അർഹരായിരിക്കും. പ്രതിമാസം 1000 രൂപ നിരക്കിൽ പ്രതിവർഷം 12,000 രൂപയാണ് പരാമവധി ധനസഹായമായി നൽകുക.
നിലവിൽ എം.ആർ.ഡി.എഫ് ചാരിറ്റി പ്രവർത്തനങ്ങളുടെ ഭാഗമായി നൽകി വരുന്ന കർഷകർക്കുള്ള ചികിത്സാ സഹായം, വിദ്യാഭ്യാസ സഹായം, വിവിധ സബ്‌സിഡികൾ, പ്രത്യേക ധന സഹായ പദ്ധതികൾ എന്നിവയ്ക്കു പുറമെയാണ് ഡയാലിസിസ് രോഗികൾക്കുള്ള ധന സഹായം.
ധന സഹായത്തിന് അർഹരായ ക്ഷീരകർഷകർ നിശ്ചിത മാതൃകയിലുള്ള അപേക്ഷ പൂരിപ്പിച്ച് മെഡിക്കൽ ഓഫീസറുടെ സാക്ഷ്യ പത്രവും അതാത് ക്ഷീര സംഘങ്ങളുടെ സാക്ഷ്യ പത്രവും ഉൾപ്പെടെ പി &ഐ യൂണിറ്റുകൾ മുഖേന സമർപ്പിക്കണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |