തിരുവനന്തപുരം: മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും സ്വാധീനത്താലോ അല്ലാതെയോ അക്രമ വാസനകാട്ടുന്നവരെ മെഡിക്കൽ, നിയമ നടപടികൾക്ക് ഹാജരാക്കുമ്പോൾ കൈവിലങ്ങ് അണിയിച്ചിരിക്കണമെന്ന് സർക്കാർ മാർഗരേഖ.
പൊലീസുദ്യോഗസ്ഥർ വൈദ്യപരിശോധനയ്ക്ക് കൊണ്ടുപോകുന്ന വ്യക്തിയെ അനുഗമിക്കണം. ആരോഗ്യപ്രവർത്തകന്റെ സുരക്ഷ ഉറപ്പാക്കാനുള്ള ഉത്തരവാദിത്വവും ഈ ഉദ്യോഗസ്ഥർക്കായിരിക്കും.
ജുഡിഷ്യൽ ഓഫീസറുടെ മുന്നിൽ ഹാജരാക്കുമ്പോഴും ഇത്തരം മുൻകരുതൽ സ്വീകരിക്കണം.
മെഡിക്കൽ ഉദ്യോഗസ്ഥർക്ക് നേരെയോ ആശുപത്രിക്കു നേരെയോ അക്രമമുണ്ടായാൽ ഒരു മണിക്കൂറിനകം ഹോസ്പിറ്റൽ പ്രൊട്ടക്ഷൻ ആക്ടിലെ വ്യവസ്ഥകളുൾപ്പെടുത്തി എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് 60 ദിവസത്തിനകം കോടതിയിൽ ചാർജ്ജ് ഷീറ്റ് സമർപ്പിക്കണം.
ഇതടക്കം, നിരവധി നിർദേശങ്ങൾ അടങ്ങിയ ആഭ്യന്തര വകുപ്പിന്റെ മാർഗ രേഖ ഇന്നലെ മന്ത്രിസഭ അംഗീകരിച്ചു.
പരിശോധനാ വേളയിൽ ഡോക്ടറുടെ സമീപം പൊലീസ് നിർബന്ധമായും ഉണ്ടായിരിക്കണം.
ഡോക്ടർ ആവശ്യപ്പെട്ടാൽ കൈവിലങ്ങ് നീക്കാം. അപ്പോഴും അതിവേഗം ഇടപെടാൻ കഴിയുന്നവിധം കൺവെട്ടത്ത് പൊലീസ് നിലയുറപ്പിക്കണം.
കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ഡോ. വന്ദനാദാസിന്റെ കൊലപാതകത്തിന്റെ പശ്ചാത്തലത്തിലാണ്2022ലെ മാർഗരേഖ പുതുക്കിയത്.
#ആയുധം ഇല്ലെന്ന് ഉറപ്പുവരുത്തണം
1. കസ്റ്റഡിയിലെടുക്കുമ്പോൾ അവരെ നിരീക്ഷിച്ചും വിവരങ്ങൾ ശേഖരിച്ചും ശാരീരിക/ മാനസിക/ ലഹരി അവസ്ഥ മനസിലാക്കണം.നേരിട്ട് ആശുപത്രിയിലേക്ക് കൊണ്ടുപോകേണ്ടിവന്നാൽ സ്റ്റേഷനിൽ അറിയിക്കണം. ആശുപത്രി ജീവനക്കാരെയും മുൻകൂട്ടി അറിയിക്കണം.
2. കസ്റ്റഡിയിലെടുത്ത ഉടൻ ആയുധം/ ഉപകരണങ്ങൾ/ ആയുധമായി ഉപയോഗിക്കാൻ സാധ്യതയുള്ളവ/ മയക്കുമരുന്ന്/ വിഷപദാർത്ഥം കൈവശമില്ലെന്ന് ഉറപ്പാക്കണം. ജുഡിഷ്യൽ ഓഫീസറുടെയോ ഡോക്ടറുടെയോ മുമ്പാകെ ഹാജരാക്കുമ്പോൾ ആയുധം കൈവശമില്ലെന്നുറപ്പാക്കണം.
3 .ആയുധമായി ഉപയോഗിച്ചേക്കാവുന്ന ആശുപത്രി ഉപകരണങ്ങൾ സുരക്ഷിതമാക്കാനുള്ള നടപടികൾ മെഡിക്കൽ പ്രാക്ടീഷണർ സ്വീകരിക്കണം.
4 പ്രതിയുടെ ശരീരത്തിൽ മുറിവുകളോ കേടുപാടുകളോ കണ്ടെത്തിയാൽ ഇത് അറസ്റ്റിന് മുമ്പാണോ ശേഷമാണോ സംഭവിച്ചത് എന്ന് ഡോക്ടർ കുറ്റാരോപിതനോട് ചോദിച്ച് റിപ്പോർട്ടിൽ രേഖപ്പെടുത്തണം. അറസ്റ്റിന്റെ സമയവും റിപ്പോർട്ടിൽ വ്യക്തമാക്കണം.
5. മദ്യപിച്ചോ, അക്രമാസക്തനായോ അജ്ഞാതനായ ഒരാളെ പൊലീസ് എസ്‌കോർട്ടില്ലാതെ ആശുപത്രിയിലേക്ക് കൊണ്ടുപോകുമ്പോൾ അക്കാര്യം തൊട്ടടുത്ത പൊലീസ് സ്റ്റേഷനിൽ അറിയിക്കണം. പൊലീസ് അടിയന്തരമായി ചികിത്സ പൂർത്തിയാകുന്നതുവരെ നിയന്ത്രണമേറ്റെടുക്കണം.
6. മദ്യപിച്ച് വാഹനമോടിക്കുക, പൊതുസ്ഥലത്ത് മദ്യപിക്കുക, അക്രമം കാട്ടുക, കലാപത്തിലേർപ്പെടുക, മോശമായി പെരുമാറുക തുടങ്ങിയ കുറ്റങ്ങൾക്ക് കസ്റ്റഡിയിലെടുത്ത ഒന്നിലധികം പേരെ ഒരേ സമയം വൈദ്യ പരിശോധനയ്ക്ക് ഹാജരാക്കരുത്. ഇത്തരം സാഹചര്യങ്ങളിൽ ആരോഗ്യപ്രവർത്തകർക്കും കാഷ്വാലിറ്റി/ അത്യാഹിത വിഭാഗത്തിനും സുരക്ഷ പൊലീസുറപ്പാക്കണം.
7. ജയിലിൽ നിന്നോ കസ്റ്റഡിയിൽ നിന്നോ വൈദ്യപരിശോധനയ്ക്ക് ഹാജരാക്കുമ്പോൾ മുതിർന്ന ഡോക്ടർമാർ ഉണ്ടെങ്കിൽ, പ്രാഥമിക പരിചരണം നൽകുന്നതിൽ നിന്ന് ഹൗസ് സർജൻമാരെയും ജൂനിയർ റെസിഡന്റുമാരെയും ഒഴിവാക്കണം.
അവരുടെ അഭാവത്തിൽ ഹൗസ് സർജൻമാക്കും ജൂനിയർ റെസിഡന്റുമാർക്കും അടിയന്തിര കേസുകൾ അറ്റൻഡ് ചെയ്യാം.
8. ആരോഗ്യ സംരക്ഷണ സ്ഥാപനങ്ങൾക്കോ ആരോഗ്യപ്രവർത്തകർക്കോ നേരെ അതിക്രമമുണ്ടായതായി അറിഞ്ഞാൽ അടുത്തുള്ള പൊലീസ് സ്റ്റേഷനോ പൊലീസ് പട്രോളിംഗ് യൂണിറ്റോ ഏറ്റവും മുൻഗണന നൽകി പ്രതികരിക്കണം.
9. പ്രശ്നങ്ങൾ നിരീക്ഷിക്കാൻ ബന്ധപ്പെട്ടവരെയെല്ലാമുൾപ്പെടുത്തി ജില്ലാതല മോണിട്ടറിംഗ് കമ്മിറ്റി രൂപീകരിച്ച് നിശ്ചിത ഇടവേളകളിൽ യോഗം ചേരണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |