ശിവഗിരി: സാംസ്കാരിക കേരളം സുന്ദര കേരളം എന്നൊക്കെ നമ്മുടെ നാടിനെ
പുകഴ്ത്തുമ്പോൾ, ജാത്യാഭിമാനം ഉയർത്തി ചിലർ ഒരു വലിയ വിഭാഗത്തെ മാറ്റി
നിറുത്തുന്നതിനെക്കുറിച്ച് ആത്മ പരിശോധന നടത്തണമെന്ന് ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ പറഞ്ഞു.
കുറിച്ചി അദ്വൈത വിദ്യാശ്രമത്തിൽ നടന്ന ആലുവാ സർവ്വമത സമ്മേളനം, വൈക്കം സത്യഗ്രഹം എന്നിവയുടെ ശതാബ്ദി സമ്മേളനത്തിൽ അദ്ധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. മതപരമായ വാദങ്ങളിലൂടെ മനുഷ്യ കുലത്തെ ഒന്നിപ്പിക്കാതിരിക്കാനുള്ള ശ്രമങ്ങൾ ഇന്നും ചില മേഖലകളിൽ നിലനിൽക്കുന്നു.
ആലുവാ സർവ്വമത സമ്മേളനത്തിന്റെ മാറ്റൊലി ലോകമെന്നും പ്രസരിക്കണം.
സഞ്ചാര സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള സമരമായിരുന്നു വൈക്കത്തു നടന്നതെങ്കിൽ വർത്തമാനകാലം നോക്കിക്കാണുന്നത് ആരാധനാലയങ്ങളുടെ അകത്തളങ്ങളിൽ നിന്നും അകറ്റി നിറുത്തിയ ദളിത - പിന്നാക്കക്കാർക്ക് ക്ഷേത്ര പൂജകൾ നടത്തുന്നതിനുള്ള സാഹചര്യം ലഭ്യമാകണമെന്നതാണ്- സ്വാമി ശുഭാംഗാനന്ദ പറഞ്ഞു.
സമ്മേളനം ഗോവ ഗവർണർ അഡ്വ. പി.എസ്. ശ്രീധരൻ പിളള ഉദ്ഘാടനം ചെയ്തു. അദ്വൈത വിദ്യാശ്രമം സെക്രട്ടറി സ്വാമി കൈവല്യാനന്ദ സരസ്വതി, ചങ്ങനാശ്ശേരി പുത്തൂർ പള്ളി ചീഫ് ഇമാം ഡോ. ഹാഫിസ് അർഷാദിഹലാഹി, കുറിച്ചി സെന്റ് സേവ്യേഴ്സ് പള്ളി വികാരി ഫാ. ജോസഫ് തറയിൽ എന്നിവരും പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |