ഖാലിസ്ഥാൻ കുറ്റവാളികളുടെ വിവരങ്ങളുമായി എൻ.ഐ.എ
ന്യൂഡൽഹി : ഖാലിസ്ഥാൻ ഭീകരൻ ഹർദീപ് സിംഗ് നിജ്ജറിന്റെ വധം ഇന്ത്യ - കാനഡ ബന്ധത്തിൽ നിഴൽ വീഴ്ത്തിയതിനിടെ, കാനഡയിലെ ഇന്ത്യൻ പൗരന്മാർക്കും വിദ്യാർത്ഥികൾക്കും ജാഗ്രതാ നിർദ്ദേശം നൽകി ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം. കാനഡയിൽ ഇന്ത്യാ വിരുദ്ധ പ്രവർത്തനങ്ങളും, അക്രമങ്ങളും നടക്കുന്ന മേഖലകളിലേക്ക് പോകരുതെന്നും ആവശ്യപ്പെട്ടു.
കാനഡയിലെ ഹിന്ദുമതസ്ഥർ ഇന്ത്യയിലേക്ക് മടങ്ങണമെന്ന് ഖാലിസ്ഥാൻ നിരോധിത സംഘടനയായ സിഖ്സ് ഫോർ ജസ്റ്റിസ് അടക്കം ഭീഷണി മുഴക്കിയിരുന്നു. ഹിന്ദുമതസ്ഥർക്ക് കാനഡയോട് കൂറില്ലെന്നും സിഖ്സ് ഫോർ ജസ്റ്റിസ് തലവൻ ഗുർപത്വന്ത് സിംഗ് ആരോപിച്ചു. കാനഡയിലെ സിഖ് സമുദായാംഗങ്ങൾ ഒക്ടോബർ 29ന് വാംഗ്കൂവയിൽ ഒത്തു കൂടണം. ഇന്ത്യൻ ഹൈകമ്മീഷറാണോ നിജ്ജറിന്റെ കൊലപാതകത്തിന് പിന്നിലെന്ന കാര്യത്തിൽ റഫറണ്ടം തയ്യാറാക്കി വോട്ട് രേഖപ്പെടുത്തണമെന്നും ആഹ്വാനം ചെയ്തു.
സെപ്തംബർ 25ന് കാനഡയിൽ ഖാലിസ്ഥാൻ അനുകൂല ഗ്രൂപ്പുകളുടെ ആഭിമുഖ്യത്തിൽ വൻ പ്രതിഷേധം നടന്നേക്കുമെന്ന് ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസികൾ നയതന്ത്ര ഉദ്യോഗസ്ഥർക്ക് ജാഗ്രതാ നിർദ്ദേശം നൽകി. 20ൽപ്പരം സംഘടനകൾ പാക് ചാര സംഘടനയായ ഐ.എസ്.ഐയുമായി ചേർന്ന് വ്യാപക സംഘർഷമുണ്ടാക്കുമെന്നാണ് മുന്നറിയിപ്പ്.
43 മോസ്റ്റ് വാണ്ടഡ്
ക്രിമിനലുകൾ
അതിനിടെ, 43 കൊടും കുറ്റവാളികളുടെ വിവരങ്ങൾ പുറത്തു വിട്ട് എൻ.ഐ.എ. കാനഡയുമായും ഖാലിസ്ഥാൻ ഭീകരരുമായും ബന്ധമുള്ളവരുടെ അടക്കം വിവരമാണ് പരസ്യമാക്കിയത്. കാനഡ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ക്രിമിനൽ സംഘങ്ങളുടെ നേതാക്കളായ ലോറൻസ് ബിഷ്ണോയ്, ജസ്ദീപ് സിംഗ്, സന്ദീപ് എന്ന കാലാ ജതേരി, കാലാ റാണ എന്ന വീരേന്ദർ പ്രതാപ്, ജോഗീന്ദർ സിംഗ്, ഗോൾഡ് ബ്രാർ എന്നിവർ പട്ടികയിലുണ്ട്.
ഇന്ത്യ അന്വേഷണത്തോട്
സഹകരിക്കണം : യു.എസ്
ഖാലിസ്ഥാൻ ഭീകരൻ ഹർദീപ് സിംഗ് നിജ്ജറിനെ കനേഡിയൻ മണ്ണിൽ വധിച്ചതുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ ഇന്ത്യ സഹകരിക്കണമെന്ന് യു.എസ് ദേശീയ സുരക്ഷാ കൗൺസിൽ വക്താവ് ജോൺ കിർബി ആവശ്യപ്പെട്ടു. ജസ്റ്റിൻ ട്രൂഡോ ഉന്നയിച്ച ആരോപണങ്ങൾ . ഗുരുതരമാണ്. അവ അന്വേഷിക്കാനുള്ള കാനഡയുടെ ശ്രമത്തെ യു.എസ് പിന്തുണയ്ക്കുന്നുവെന്നും ജോൺ കിർബി വ്യക്തമാക്കി.സംഭവത്തിന് പിന്നിലെ ഉത്തരവാദികളെ കണ്ടെത്തണമെന്നും, കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും ഇന്ത്യയിലെ യു.എസ് അംബാസിഡർ എറിക് ഗർസെട്ടി പറഞ്ഞു. യു.കെ.ഓസ്ട്രേലിയ എന്നീ രാജ്യങ്ങളും ഇതേ ആവശ്യം ഉന്നയിച്ചു. പരസ്യമായി ആരോപണങ്ങൾ ഉന്നയിച്ച് ജസ്റ്റിൻ ട്രൂഡോ ഇന്ത്യയുമായുള്ള മികച്ച നയതന്ത്ര ബന്ധത്തെയാണ് അപകടത്തിലാക്കിയതെന്ന് ശശി തരൂർ എം.പി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |