കൊല്ലം: സഹപ്രവർത്തകയുമായുള്ള പതിവു വഴക്കുകഴിഞ്ഞെത്തിയ നഴ്സ് സിറിഞ്ചിൽ മരുന്ന് നിറയ്ക്കാതെ പെൺകുഞ്ഞിന് കുത്തിവയ്പ് നടത്തി. വായു ഉള്ളിൽകടന്ന രണ്ടരമാസംമാത്രം പ്രായമുള്ള കുട്ടി അമ്മയുടെ സമയോചിതമായ ഇടപെടൽമൂലം രക്ഷപെട്ടു. സംഭവത്തിൽ പെരിനാട് പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സുമാരായ എസ്. ഷീബ, ഡി. ലൂർദ്ദ് എന്നിവരെ ഡി.എം.ഒ സസ്പെൻഡ് ചെയ്തു.വെള്ളിമൺ വത്സല മന്ദിരം വിഷ്ണു പ്രസാദിന്റെയും ശ്രീലക്ഷ്മിടെയും മകൾ 75 ദിവസം പ്രായമുള്ള ശ്രീനികയ്ക്കാണ് നഴ്സ് അശ്രദ്ധമായി കുത്തിവയ്പ് നൽകിയത്.
ഇന്നലെ രാവിലെ 11.30 ഓടെയാണ് സംഭവം. ശ്രീനികയുമായി അമ്മ ശ്രീലക്ഷ്മി വാക്സിനേഷൻ റൂമിലേക്ക് എത്തിയതിനു പിന്നാലെ ഗ്രേഡ് വൺ നഴ്സ് എസ്. ഷീബ ചീറപ്പാഞ്ഞെത്തി സിറിഞ്ച് എടുത്തു കുത്തിവയ്ക്കുകയായിരുന്നു. സിറിഞ്ചിൽ മരുന്ന് ഇല്ലാഞ്ഞത് ശ്രദ്ധയിൽപ്പെട്ട ഫാം ഡി കോഴ്സ് പാസായ ശ്രീലക്ഷ്മി ഇക്കാര്യം നഴ്സിനോട് ചോദിച്ചു. അപ്പോൾ ''അയ്യോ മരുന്ന് നിറച്ചില്ലായിരുന്നോ " എന്ന് പറഞ്ഞുകൊണ്ടു പുറത്തേക്ക് പോയി. പെട്ടെന്ന് മടങ്ങിയെത്തി വീണ്ടും കുത്തി വയ്ക്കാമെന്ന് പറഞ്ഞെങ്കിലും ശ്രീലക്ഷ്മി വിസമ്മതിച്ചു. പുറത്തേക്കിറങ്ങിയ ശ്രീലക്ഷ്മി മെഡിക്കൽ ഓഫീസർക്ക് പരാതി നൽകി.
വിവരമറിഞ്ഞ് നാട്ടുകാർ തടിച്ചുകൂടി. ബഹളമായതോടെ ഡെപ്യൂട്ടി ഡി.എം.ഒ സ്ഥലത്തെത്തി നടത്തിയ അന്വേഷണത്തിൽ മരുന്ന് നിറയ്ക്കാതെയാണ് കുത്തിവയ്പ് നടത്തിയതെന്ന് സ്ഥിരീകരിച്ചു. ഡെപ്യൂട്ടി ഡി.എം.ഒയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ എസ്. ഷീബയ്ക്ക് പുറമേ അവരുമായി വഴക്കിട്ട ഡി. ലൂർദ്ദിനെയും സസ്പെൻഡ് ചെയ്തു.
വഴക്ക് പതിവ്
ജൂനിയർ പബ്ളിക് ഹെൽത്ത് നഴ്സുമാരായ (ജെ.പി.എച്ച്.എൻ) ലൂർദ്ദും ഷീബയും തമ്മിൽ ജോലിക്കിടയിൽ വഴക്ക് പതിവാണ്. ഇന്നലെ കുട്ടിക്ക് കുത്തിവയ്ക്കുന്നതിനുമുമ്പും വഴക്കുണ്ടായി. ഇതിനുശേഷം ശാന്തയാകാതെയാണ് കുത്തിവയ്പ് നടത്തിയത്. കുത്തിവയ്പിന് പിന്നാലെ നിറുത്താതെ കരഞ്ഞ ശ്രീനികയെ സ്വകാര്യ ആശുപത്രിയിൽ കൊണ്ടുപോയി പ്രതിരോധ കുത്തിവയ്പ് എടുത്തു. വളരെ ചെറിയ അളവിലേ വായു ശരീരത്തിൽ പ്രവേശിച്ചിട്ടുളളുവെന്നും അതുകൊണ്ട് കുഞ്ഞിന് ആരോഗ്യ പ്രശ്നങ്ങളൊന്നും ഉണ്ടാകില്ലെന്നുമാണ് ആരോഗ്യ വകുപ്പ് അധികൃതരുടെ വിശദീകരണം
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |