കാൻബെറ: വളർത്തുനായ്ക്കൾ ആക്രമിച്ച യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഓസ്‌ട്രേലിയക്കാരിയായ നികിത പില്ലിനെ (31) യാണ് റോട്ട്‌വീലർ ഇനത്തിൽപ്പെട്ട വളർത്തുനായകൾ ആക്രമിച്ചത്. പെർത്തിലെ വീട്ടിൽ വച്ചായിരുന്നു സംഭവം.
കൈകാലുകളിൽ അടക്കം പരിക്കേറ്റിട്ടുണ്ട്. യുവതി ഗുരുതരാവസ്ഥയിലാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. യുവതിയുടെ നിലവിളി കേട്ടാണ് അയൽക്കാർ വിവരമറിഞ്ഞത്. ബാറ്റുകളും മറ്റും ഉപയോഗിച്ച് രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും നടന്നില്ല. തുടർന്ന് പൊലീസിൽ വിവരമറിയിക്കുകയായിരുന്നു.
പൊലീസ് ഉടൻ തന്നെ സ്ഥലത്തെത്തി. ആക്രമണം തടയാൻ കഴിയാതെ വന്നതോടെ പൊലീസ് നായ്ക്കളിൽ ഒന്നിനെ വെടിവച്ചു. മറ്റേ നായയെ പിടിച്ചുവയ്ക്കുകയും ചെയ്തു. യുവതി തന്റെ നായകൾക്കൊപ്പമുള്ള ചിത്രങ്ങളും വീഡിയോയുമൊക്കെ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ടായിരുന്നു. 'ബേബീസ്' എന്നായിരുന്നു അവയെ വിളിച്ചിരുന്നത്.
കാരണമൊന്നുമില്ലാതെ റോട്ട്‌വീലർ ആരെയും ആക്രമിക്കാൻ സാദ്ധ്യതയില്ലെന്നാണ് നായയെ യുവതിക്ക് വിറ്റയാൾ പറയുന്നത്. ഇരു നായ്ക്കളും തമ്മിലുള്ള അടിയിൽ യുവതി ഇടപെട്ടതാകാം പ്രകോപനമെന്നും ബ്രീഡർ അഭിപ്രായപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |