ന്യൂഡൽഹി: ജി 20 ഉച്ചകോടിയ്‌ക്കെത്തിയ കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ അദ്ദേഹത്തിന് അനുവദിച്ച പ്രസിഡൻഷ്യൽ സ്യൂട്ട് റൂമിൽ താമസിച്ചില്ലെന്ന് റിപ്പോർട്ട്. പകരം അതേ ഹോട്ടലിൽ സാധാരണ മുറിയിലാണ് അദ്ദേഹം താമസിച്ചത്.
ഇന്ത്യയിലെ സുരക്ഷാ ഏജന്റ്മാരുടെ നിർദേശ പ്രകാരം സുരക്ഷാ പ്രോട്ടോക്കോളുകൾ ഉൾപ്പെടുത്തിയാണ് ജി 20 ഉച്ചകോടിയ്‌ക്കെത്തിയ രാജ്യ തലവന്മാർക്ക് താമസിക്കാൻ വി വി ഐ പി ഹോട്ടലുകളിലെ പ്രസിഡൻഷ്യൽ സ്യൂട്ട് റൂമികൾ ഒരുക്കിയത്. ലളിത് ഹോട്ടലിലാണ് ജസ്റ്റിൻ ട്രൂഡോയ്ക്ക് വേണ്ടി താമസം ഒരുക്കിയത്. ചെലവ് കണക്കിലെടുത്താണ് ഈ തീരുമാനമെന്ന് ജസ്റ്റിൻ ട്രൂഡോയുടെ പ്രതിനിധി സംഘം ഇന്ത്യൻ സുരക്ഷാ ഏജൻസികളോട് പറഞ്ഞിരുന്നു. എന്നാൽ ഇതിന്റെ പിന്നിലെ ശരിയായ കാരണം അറിയില്ലെന്നാണ് ഇന്ത്യൻ ഏജൻസികൾ അറിയിച്ചത്.
ജി 20 ഉച്ചകോടി കഴിഞ്ഞ് വിമാനം തകരാർ കാരണം കനേഡിയൻ പ്രധാനമന്ത്രിയ്ക്ക് തിരിച്ച് പോകാൻ കഴിയാതെ ഇന്ത്യയിൽ തന്നെ നിൽക്കേണ്ടിവന്നിരുന്നു. നാട്ടിലേയ്ക്ക് മടങ്ങാനായി ഡൽഹി വിമാനത്താവളത്തിൽ നിർത്തിയിട്ട വിമാനത്തിൽ പ്രധാനമന്ത്രിയും പ്രതിനിധി സംഘവും കയറിയ ശേഷമായിരുന്നു തകരാർ കണ്ടെത്തിയത്. തുടർന്ന് അദ്ദേഹത്തിന് തിരിച്ചിറങ്ങേണ്ടി വന്നു. കനേഡയിൽ നിന്ന് മറ്റൊരു വിമാനം വന്ന ശേഷം സെപ്തംബർ 12നാണ് ട്രൂഡോ ഇന്ത്യയിൽ നിന്ന് മടങ്ങിപോയതെന്നാണ് റിപ്പോർട്ട്.
അതേസമയം, ഖാലിസ്ഥാനി വിഘടനവാദി ഹർദീപ് സിംഗ് നിജ്ജാറിനെ കൊലപ്പെടുത്തിയതിൽ ഇന്ത്യയ്ക്ക് പങ്കുണ്ടെന്ന് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ ആരോപണത്തിന് പിന്നാലെയാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം വഷളായത്. ഇതിന് പിന്നാലെ കനേഡിയൻ സർക്കാർ ഇന്ത്യയിൽ താമസിക്കുന്ന പൗരന്മാർക്ക് മുന്നറിപ്പ് നൽകിയിരുന്നു. അതിന് തൊട്ടുപിന്നാലെ ഇന്നലെ ഇന്ത്യ വിദേശകാര്യ മന്ത്രാലയം അവിടെ താമസിക്കുന്ന പൗരന്മാർക്കും വിദ്യാർത്ഥികൾക്കും ജാഗ്രതാ നിർദേശം നൽകിയിരുന്നു. ഇപ്പോഴിതാ കനേഡിയൻ പൗരന്മാർക്ക് വിസ നൽകുന്നത് ഇന്ത്യ നിർത്തിവച്ചിരിക്കുകയാണ്. ഇന്ന് മറ്റൊരു ഖാലിസ്താൻ ഭീകരവാദി കൂടി കാനഡയിൽ കൊല്ലപ്പെട്ടിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |