ന്യൂഡൽഹി: 29 വർഷം ജയിലിൽ കഴിഞ്ഞ അങ്കമാലി സ്വദേശി ജോസഫിനെ മോചിപ്പിക്കാൻ ഉത്തരവിട്ട് സുപ്രീം കോടതി. ശിക്ഷാ കാലാവധി കഴിഞ്ഞിട്ടും ദീർഘനാൾ ജയിലിൽ കഴിയേണ്ടിവരുന്നത് ക്രൂരതയാണെന്നും കോടതി നിരീക്ഷിച്ചു. ബന്ധുവായ സ്ത്രീയെ ബലാത്സംഗം ചെയ്ത് റെയിൽവേ ട്രാക്കിൽ തള്ളിയിട്ട് കൊലപ്പെടുത്തിയെന്നതാണ് ഇയാൾക്കെതിരെയുള്ള കേസ്. 1994 സെപ്‌തംബർ 16ന് നടന്ന സംഭവത്തിൽ ജീവപര്യന്തം ശിക്ഷയാണ് അന്ന് കോടതി വിധിച്ചത്.
ജീവപര്യന്തം ശിക്ഷ അനുഭവിച്ച് കഴിഞ്ഞിട്ടും തന്നെ മോചിപ്പിക്കുന്നില്ലെന്ന് കാട്ടി ജോസഫ് സുപ്രീം കോടതിയിൽ നേരത്തേ അപ്പീൽ നൽകിയെങ്കിലും തള്ളിയിരുന്നു. എന്നാൽ, മനുഷ്യാവകശങ്ങൾ ലംഘിക്കപ്പെടുന്നു എന്നുകാട്ടി ആർട്ടിക്കിൾ 32 പ്രകാരം നൽകിയ ഹർജിയിലാണ് കോടതി ഇന്ന് വിധി പറഞ്ഞത്. 1958ലെ ജയിൽ നിയമം അനുസരിച്ചാണ് ശിക്ഷാ കാലാവധിയുടെ കാര്യത്തിൽ തീരുമാനം ഉണ്ടാകേണ്ടതെന്നും. ജീവപര്യന്തം ശിക്ഷ പൂർത്തിയാക്കിയതിനാൽ ജോസഫിനെ പുറത്തുവിടണമെന്നുമായിരുന്നു ജോസഫിന്റെ അഭിഭാഷകൻ വാദിച്ചത്.
സമാനമായ കുറ്റകൃത്യത്തിൽ 2000-2016 കാലയളവിൽ ശിക്ഷിക്കപ്പെട്ട 350പേർക്ക് മോചനം നൽകി. ഉപദേശക സമിതി ഒന്നിലേറെ തവണ മോചനത്തിന് ശുപാർശ ചെയ്തിട്ടും നിയമപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി സർക്കാർ മോചനം നിഷേധിച്ചു എന്നും ഹർജിക്കാരൻ വാദിച്ചു. എന്നാൽ, 2014ൽ കേരളം പുറത്തിറക്കിയ ജയിൽ നിയമപ്രകാരം ബലാത്സംഗം ഉൾപ്പെടെ സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ കേസിൽ ശിക്ഷിക്കപ്പെട്ടവരെ ജയിൽ മോചിതരാക്കണോ എന്ന കാര്യത്തിൽ സംസ്ഥാനത്തിന് തീരുമാനമെടുക്കാം എന്നൊരു നിയമം ഉണ്ടെന്നും അതിനാൽ ജോസഫിനെ ജയിൽ മോചിതനാക്കാൻ കഴിയില്ലെന്നുമാണ് സർക്കാർ വാദിച്ചത്.
തുടർന്ന് നിയമത്തിന്റെ ഇംഗ്ലീഷ് പരിഭാഷ ഹാജരാക്കാൻ സുപ്രീം കോടതി സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടു. പിന്നീട് ഈ കേസിൽ വാദം കേട്ട കോടതി, ജയിലിൽ വച്ച് ഒരുപാട് നല്ല മാറ്റങ്ങൾ പ്രതിക്ക് സംഭവിച്ചെന്നും ഇനിയും ദീർഘനാൾ ഇയാളെ ജയിലിലിടുന്നത് ശരിയായ നടപടിയല്ലെന്നും നിരീക്ഷിച്ചു. ശിക്ഷാ കാലാവധി കണക്കിലെടുത്താണ് ഇയാളെ മോചിപ്പിക്കാൻ കോടതി ഉത്തരവിട്ടത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |