ഓരോ കൊലപാതകങ്ങളും ക്രൂരമാണ്. ചിലത് അതിക്രൂരവും. ഇത്തരത്തിലുളള കൊലപാതകങ്ങൾക്ക് ഒട്ടനവധി ഉദാഹരണങ്ങൾ ഉണ്ടാവും. എന്നാൽ ലോകമുള്ള കാലം ഞെട്ടലോടെ മാത്രം ഓർക്കുന്ന ഒരേയൊരു കൊലപാതകമേ ഉണ്ടാവൂ. എലിസബത്ത് ഷോര്‍ട്ട് എന്ന ഇരുപത്തിരണ്ടുകാരിയുടെ കൊലപാതകമാണ് അത്. 'ബ്ലാക്ക് ഡാലിയ' എന്നപേരിലാണ് ലോകം മുഴുവൻ ഈ കൊലപാതകം കുപ്രസിദ്ധി നേടിയത്. ഒരു മനുഷ്യ ശരീരത്തോട് ചെയ്യാവുന്ന ക്രൂരതകൾക്കപ്പുറമായിരുന്നു എലിസബത്ത് ഷോര്‍ട്ട് എന്ന സുന്ദരിയുടെ ശരീരത്തോട് കൊലപാതകി ചെയ്തത്. അവസാന ശ്വാസം നഷ്ടമാകുന്നതിന് മുമ്പ് ഒരു മനുഷ്യായുസിൽ അനുഭവിക്കാനാവുന്നതിനും അപ്പുറം വേദന ആ യുവതി അനുഭവിച്ചിരിക്കണം. 1947 ജനുവരിയിലാണ് എലിസബത്തിനെ കൊന്നുതള്ളിയതെങ്കിലും കൊലപാതകി ഇപ്പോഴും കാണാമറയത്തുതന്നെ. അതിപ്രഗത്ഭന്മാർ അന്വേഷിച്ചെങ്കിലും നിരാശയായിരുന്നു ഫലം.
നടിയാവാൻ കൊതിച്ചു
1924 ജൂലായ് 29 ന് മസാച്യുസെറ്റ്സിലെ ബോസ്റ്റണിൽ ഹൈഡ് പാർക്ക് സെക്ഷനിൽ ജനിച്ച എലിസബത്ത് മാദക സൗന്ദര്യത്തിന് ഉടമ അല്ലെങ്കിലും സുന്ദരിയായിരുന്നു. അതുകൊണ്ടുതന്നെ സിനിമാ നടിയാവണമെന്നായിരുന്നു അവളുടെ മോഹം. ഇതറിയാവുന്ന പലരും എലിസബത്തിനെ പരമാവധി മുതലെടുക്കുകയും ചെയ്തു. നിരവധി പുരുഷ സുഹൃത്തുക്കൾ അവൾക്കുണ്ടായിരുന്നു. ഇതിനിടെയാണ് മാർക്ക് ഹാർസെൻ എന്ന കുബേരനായ ഒരു തീയേറ്റർ ഉടമയെ എലിസബത്ത് പരിചയപ്പെടുന്നത്. നടി ആവുന്നതുൾപ്പടെയുള്ള എല്ലാം ആഗ്രഹവും സാധിച്ചുകൊടുക്കാമെന്ന് അയാൾ വാഗ്ദാനം ചെയ്തു. മാർക്കിന്റെ വാക്കുകൾ വിശ്വസിച്ച എലിസബത്ത് അയാളുടെ ആവശ്യങ്ങൾക്ക് വഴങ്ങിക്കൊടുത്തു. യഥാർത്ഥത്തിൽ തികഞ്ഞ ഒരു സ്ത്രീ ലമ്പടനായിരുന്നു മാർക്ക്. എലിസബത്തിനെപ്പോലെ സിനിമാ മോഹവുമായി എത്തിയ നിരവധി പേരാണ് അയാൾക്കൊപ്പം ഉണ്ടായിരുന്നത്. രഹസ്യ കേന്ദ്രത്തിലായിരുന്നു അവരെ താമസിപ്പിച്ചത്. അവിടെയായിരുന്നു എലിസബത്തും. രഹസ്യ കേന്ദ്രമാണെങ്കിലും എലിസബത്തിന്റെ ചില പുരുഷ സുഹൃത്തുക്കൾ ഇവിടെ സ്ഥിരമായി എത്തിയിരുന്നു. ഇതിൽ കലിപൂണ്ട് മാർക്കിന്റെ നിർദ്ദേശപ്രകാരമാണ് കൊലപാതകം നടന്നതെന്നാണ് കരുതുന്നത്. പക്ഷേ, തെളിവുകൾ ഒന്നും ഇല്ലെന്നുമാത്രം.
അന്ന് കണ്ടത്
1947 ജനുവരി15 രാവിലെയാണ് ലോസാഞ്ചലസിന് സമീപത്തുള്ള ലീമെർട്ട് പാർക്കിനടുത്ത് എലിസബത്തിന്റെ മൃതദേഹം കണ്ടത്. പൂർണനഗ്മായ ശരീരം രണ്ടായി വെട്ടിമുറിച്ച നിലയിലായിരുന്നു. മകനോടൊപ്പം നടന്നുപോവുകയായിരുന്ന ഒരു സ്ത്രീയാണ് മൃതദേഹ ഭാഗങ്ങൾ ആദ്യമായി കണ്ടത്. ഞെട്ടിത്തരിച്ചുപോയ അവർ പൊലീസിനെ വിവരമറിയിച്ചു. പൊലീസ് നടത്തിയ പരിശോധനയിലാണ് കൊലപാതകി ആ സ്ത്രീശരീരത്തോട് കാണിച്ച പൈശാചികത വ്യക്തമായത്. അരക്കെട്ടിനാേട് ചേർന്ന് ശരീരം രണ്ട് കൃത്യ ഭാഗങ്ങളായാണ് മുറിച്ചിരുന്നത്.
രക്തം മുഴുവൻ വാർന്ന് ശരീരം വിളറി വെളുത്തിരുന്നു. വായയുടെ കോണിൽ നിന്ന് ഇരുകവിളുകളും ചെവിവരെ കീറിയിരുന്നു. ഒറ്റനോട്ടത്തിൽ കണ്ടാൽ ഒരു കോമാളിയുടെ ചിരിപോലെ. തുടയിലും മാറിടത്തിലും ജനനേന്ദ്രിയത്തിലുമൊക്കെ നിരവധി മുറിവുകൾ . ജനനേന്ദ്രിയത്തിൽ നിന്നുൾപ്പടെ മാംസം മുറിച്ചുമാറ്റിയിരുന്നു. കുടലുകൾ നിതംബത്തിന് താഴെയായി അലങ്കരിച്ചപ്പോലെ ഒതുക്കി വച്ചിരുന്നു. കൈകൾ തലയ്ക്ക് പിറകിലോട്ട് വളച്ച് പോസുചെയ്യുന്ന രീതിയിലായിരുന്നു അരയ്ക്ക് മുകളിലുള്ള ഭാഗം. പൊലീസ് നടത്തിയ സൂക്ഷ്മ പരിശോധനയിൽ മാറിടത്തിൽ നിന്ന് മുറിച്ചുമാറ്റിയ മാംസത്തിന്റെ ഒരു ഭാഗം ജനനേന്ദ്രിയത്തിനുള്ളിൽ തിരുകി വച്ച നിലയിൽ കണ്ടെത്തി.മരിക്കുന്നിതിന് മുമ്പാണ് ഈ ക്രൂരതകളെല്ലാം ശരീരത്തോട് കാട്ടിയത്.
കൊന്നത് എവിടെവച്ച്
കൊലകൊമ്പന്മാർ വർഷങ്ങളോളം കേസ് അന്വേഷിച്ചെങ്കിലും ആരാണ് കൊന്നതെന്ന് തെളിയിക്കാനോ എവിടെവച്ച് കൊന്നുവെന്ന് കണ്ടെത്താനാേ കഴിഞ്ഞിട്ടില്ല. മറ്റെവിടെയോ വച്ച് കൊലപ്പെടുത്തിയശേഷം മൃതദേഹം കൊണ്ടുവന്ന് ഉപേക്ഷിച്ചുവെന്നാണ് പൊലീസ് പറയുന്നത്. അവർ നടത്തിയ പരിശോധനയിൽ മൃതദേഹം കാണപ്പെട്ടതിന് കുറച്ച് അകലെയുള്ള ഒരു ഹോട്ടൽമുറിയിൽ രക്തം തളംകെട്ടിയ നിലയിലായിരുന്നു. പക്ഷേ, അവിടെവച്ചാണ് കൊലപാതകം നടന്നുവെന്നതിന് വ്യക്തമായ തെളിവുകൾ ഒന്നും ലഭിച്ചില്ല.
കുറ്റമേറ്റത് അഞ്ഞൂറോളം പേർ
യഥാർത്ഥ കുറ്റവാളി ഇപ്പോഴും കാണാമറയത്താണെങ്കിലും കുറ്റമേറ്റ് എത്തിയത് അഞ്ഞൂറോളം പേരാണ്. ഇതിൽ സ്ത്രീകളും ഉൾപ്പെടുന്നു. കൊലപാതകത്തിന് കിട്ടിയ കുപ്രസിദ്ധിയായിരുന്നു ഇതിന് പിന്നിൽ. കുറ്റമേറ്റവരിൽ പലരും എലിസബത്ത് കൊല്ലപ്പെടുമ്പോൾ ഒന്നോ രണ്ടാേ വയസുള്ളവരായിരുന്നു. മറ്റുചിലരാകട്ടെ അപ്പോൾ ജനിച്ചിട്ടുപോലുമുണ്ടായിരുന്നില്ല.
ലെസ്ലി ഡില്ലണ്‍
മാർക്ക് ഹാർസെൻ എന്ന തീയേറ്റർ ഉടമയുടെ നിർദ്ദേശപ്രകാരം ലെസ്ലി ഡില്ലണ്‍ എന്നയാളാണ് കൊലപാതകം നടത്തിയതെന്നാണ് എലിസബത്തിന്റെ മരണത്തെക്കുറിച്ച് വിവരിക്കുന്ന പുസ്തകം വ്യക്തമാക്കുന്നത്. ലെസ്ലി ഡില്ലനെ കണ്ടുപിടിക്കുന്നതിൽ പൊലീസ് വിജയിച്ചെങ്കിലും അയാളെ അറസ്റ്റുചെയ്യാൻ തക്ക തെളിവുകൾ ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ല. ഇയാൾ തെളിവുകൾ എല്ലാം നശിപ്പിക്കുകയായിരുന്നു എന്നാണ് കരുതുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |