ഒറ്റാവ: കാനഡയിൽ ഖാലിസ്താൻ ഭീകരൻ സുഖ്ദൂൽ സിംഗ് കൊല്ലപ്പെട്ടതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് അധോലോക നായകൻ ലോറൻസ് ബിഷ്‌ണോയ്. ഇന്നലെ രാത്രിയാണ് ഗുണ്ടാസംഘങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലിൽ സുഖ ദുനകെ എന്നറിയപ്പെടുന്ന സുഖ്‌ദൂൽ കൊല്ലപ്പെട്ടത്. കാനഡയിലെ ഖാലിസ്ഥാൻ പ്രസ്ഥാനത്തിൽ പങ്കാളിയായിരുന്നു ഇയാൾ. എ വിഭാഗത്തിൽ ഉൾപ്പെട്ടിട്ടുള്ള ഭീകരനാണ് സുഖദൂൽ.
പഞ്ചാബ് മോഗ സ്വദേശിയായ സുഖ്‌ദൂൽ വ്യാജ പാസ്‌പോർട്ട് ഉപയോഗിച്ച് 2017ലാണ് കാനഡയിലേയ്ക്ക് കടന്നത്. ഭീകരൻ അർഷ്‌ദീപ് ദല്ലയുടെ അടുത്ത അനുയായി ആയിരുന്നു ഇയാൾ. ഖാലിസ്ഥാനും കാനഡയുമായി ബന്ധമുള്ള 43 ഗുണ്ടാനേതാക്കളുടെ പട്ടിക ഇന്നലെ എൻ ഐ എ പുറത്തിറക്കിയതിൽ സുഖ്‌ദൂലിന്റെ പേരുമുണ്ടായിരുന്നു.
ഗുർലാൽ ബ്രാർ, വിക്കി മിദുഖേര എന്നിവരുടെ കൊലപാതകങ്ങളിൽ സുഖ്ദൂൽ പ്രധാന പങ്ക് വഹിച്ചിരുന്നതായി ബിഷ്‌ണോയ്‌യുടെ ഫേസ്ബുക്ക് പേജിലൂടെ പുറത്തുവിട്ട പോസ്റ്റിൽ പറയുന്നു. 'ചെയ്ത പാപങ്ങൾക്ക് ശിക്ഷ ലഭിച്ച മയക്കുമരുന്നിനടിമ' എന്നാണ് സുഖ്ദൂലിനെ പോസ്റ്റിൽ വിശേഷിപ്പിച്ചിരിക്കുന്നത്. തങ്ങളുടെ ശത്രുക്കൾ ഇന്ത്യയിലായാലും മറ്റ് രാജ്യത്തായാലും അവരെ ജീവിക്കാൻ അനുവദിക്കില്ലെന്ന മുന്നറിയിപ്പും പോസ്റ്റിലൂടെ നൽകിയിട്ടുണ്ട്. എൻഐഎ അന്വേഷിക്കുന്ന മയക്കുമരുന്ന് കള്ളക്കടത്ത് കേസിൽ അഹമ്മദാബാദ് ജയിലിൽ തടവിൽ കഴിയുകയാണ് ബിഷ്‌ണോയ്. ഗായകൻ സിദ്ധു മൂസേവാലയെ കൊലപ്പെടുത്തിയ കേസിലും ബിഷ്‌ണോയ് പ്രതിയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |