തിരുവനന്തപുരം: വയനാട്ടിൽ ഓൺലൈൻ ആപ്പിൽ നിന്നും കടമെടുത്ത യുവാവ് ആത്മഹത്യ ചെയ്ത സംഭവവും കൊച്ചിയിൽ ഒരു കുടുംബം ഓൺലൈൻ ലോൺ ആപ്പ് സംഘത്തിന്റെ ഭീഷണിയെ തുടർന്ന് ജീവനൊടുക്കിയ സംഭവവും അടുത്തിടെ കേരളത്തെ ഞെട്ടിച്ച വാർത്തകളാണ്. ലോൺ ആപ്പുകളിൽ നിന്ന് പണം കടമെടുത്ത് തട്ടിപ്പിനിരയാകുന്നവരും മറ്റ് സൈബർ കുറ്റകൃത്യങ്ങൾക്ക് ഇരയാകുന്നവരും ഇന്ന് നിരവധിയാണ്. ഇപ്പോഴിതാ ഇത്തരം അംഗീകൃതമല്ലാത്ത ലോൺ ആപ്പുകൾ ഉപയോഗിച്ച് വായ്പ എടുത്തതിലൂടെ തട്ടിപ്പിന് ഇരയായവർക്ക് പരാതി നൽകാൻ പ്രത്യേക വാട്‌സാപ്പ് നമ്പർ സംവിധാനം ഒരുക്കിയിരിക്കുകയാണ് കേരള പൊലീസ്.
9497980900 എന്ന നമ്പറിൽ 24 മണിക്കൂറും പൊലീസിനെ വാട്‌സാപ്പിൽ ബന്ധപ്പെട്ട് വിവരങ്ങൾ കൈമാറാം. ടെക്സ്റ്റ്, ഫോട്ടോ, വീഡിയോ, വോയിസ് എന്നിവയിലൂടെ മാത്രമാണ് പരാതി നൽകാൻ കഴിയുക. നേരിട്ടുവിളിച്ച് സംസാരിക്കാനാവില്ല. ആവശ്യമുള്ളപക്ഷം പരാതിക്കാരെ പൊലീസ് തിരിച്ചുവിളിച്ച് വിവരങ്ങൾ ശേഖരിക്കും. തിരുവനന്തപുരത്ത് പൊലീസ് ആസ്ഥാനത്താണ് ഈ സംവിധാനം പ്രവർത്തിക്കുന്നത്. അംഗീകൃതമല്ലാത്ത ലോൺ ആപ്പ് ഉൾപ്പെടെയുള്ള സൈബർ തട്ടിപ്പുകൾ അറിയിക്കാനായി 24 മണിക്കൂറും പ്രവർത്തിക്കുന്ന സൈബർ ഹെല്പ് ലൈൻ നമ്പറായ 1930ൽ ബന്ധപ്പെടാവുന്നതാണെന്ന് കഴിഞ്ഞദിവസം പൊലീസ് അറിയിച്ചിരുന്നു.
അംഗീകൃതമല്ലാത്ത ലോൺ ആപ്പിന് എതിരെയുള്ള പൊലീസിന്റെ പ്രചാരണ പ്രവർത്തനങ്ങൾക്കും തുടക്കമായിരിക്കുകയാണ്. ഇത്തരം തട്ടിപ്പുകൾക്കെതിരെ ജില്ലാ പൊലീസ് മേധാവിമാരും പ്രചാരണം നടത്തുന്നുണ്ട്..
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |