ബാഹ്യസൗന്ദര്യത്തെക്കാൾ ഏറ്റവും ഭംഗി മനുഷ്യന്റെ ബുദ്ധിക്കാണെന്ന് പറഞ്ഞ നടി, അതാണ് ഹോളിവുഡ് താരവും ഇൻവെന്ററുമായ ഹെഡി ലാമർ. 1940ൽ ഓസ്‌കാർ നോമിനേഷൻ നേടിയ സിനിമകളായ 'അൽഗിയേഴ്‌സ്', 'സാംപ്‌സൺ ആന്റ് ദെലീല' എന്നീ സിനിമകളിലെ വേഷങ്ങളിലൂടെയാണ് ഹെഡി ഇന്നും അറിയപ്പെടുന്നതെങ്കിലും അവരുടെ ശാസ്‌ത്ര ബുദ്ധിയാണ് ഹെഡിയെ 'ബ്യൂട്ടി വിത്ത് ബ്രെയിൻ' എന്ന വിശേഷണത്തിന് ഏറ്റവും അനുയോജ്യയാക്കുന്നത്.
1941ൽ ഫ്രീക്വൻസി ഹോപ്പിംഗ് ടെക്‌നോളജി എന്ന ഒരു സാങ്കേതിക വിദ്യയുടെ പേറ്റന്റിനായി ഹെഡി അപേക്ഷ നൽകിയിരുന്നു. ഇന്നത്തെ വൈഫൈ, ജി പി എസ്, ബ്ളൂടൂത്ത് എന്നിവയുടെ ആദ്യകാല രൂപമാണിത്. 70കളിലും 90കളിൽ വികസിപ്പിച്ച ജി പി എസ്, വൈഫൈ, ബ്ളൂടൂത്ത് എന്നിവയുടെ ആദ്യകാല രൂപത്തിന്റെ പേറ്റന്റിനായി 1941ലാണ് ഹെഡി അപേക്ഷ നൽകിയത്.
സിനിമയിലേയ്ക്ക്
1914ൽ ഓസ്‌ട്രിയയിലെ ഒരു ജൂതകുടുംബത്തിലാണ് ഹെഡി ജനിച്ചത്. 1934ൽ 19ാം വയസിൽ വിവാഹം. ദാമ്പത്യജീവിതത്തിൽ അസന്തുഷ്ടയായിരുന്ന ഹെഡി ഒരു അർദ്ധരാത്രി സൈക്കിളിൽ കയറി നാടുവിട്ടു. രണ്ടാം ലോകമഹായുദ്ധത്തിന് മുന്നോടിയായാണ് ഹെഡി യു എസിൽ എത്തുന്നത്. ലണ്ടനിൽ നിന്ന് ന്യൂയോർക്കിലേക്കുള്ള കപ്പൽ യാത്രയ്ക്കിടെ എം ജി എം സ്റ്റുഡിയോ മേധാവി ലൂയിസ് ബി മേയറുടെ കണ്ണിൽപ്പട്ടത് ജീവിതത്തിൽ വഴിത്തിരിവായി. താമസിയാതെ സിനിമാപ്രവേശനം നടത്തിയ ഹെഡി അന്നത്തെ പ്രസിഡന്റ് ജോൺ എഫ് കെന്നഡിയുമായും അമേരിക്കൻ എയിറോസ്‌പേസ് എഞ്ചിനീയറും ഇൻവെന്ററും സിനിമാ നിർമാതാവുമായ ഹൊവാർഡ് ഹ്യൂഗ്‌സുമായും സൗഹൃദത്തിലായി.
ശാസ്‌ത്രലോകത്തേയ്ക്ക്
ഹെഡിയെ ശാസ്‌ത്രലോകത്തേയ്ക്ക് എത്തിച്ചതിൽ കെന്നഡിയ്ക്കും ഹ്യൂഗ്‌സിനും വലിയ പങ്കാണുള്ളത്. അഭിനയത്തിൽ നിന്നുള്ള ഇടവേളകളിൽ പരീക്ഷണങ്ങൾ നടത്താനുള്ള ഉപകരണങ്ങൾ ഹെഡിയ്ക്ക് എത്തിച്ചുനൽകിയത് ഇവരാണ്. തന്റെ യഥാർത്ഥ കഴിവെന്താണെന്ന് ഹെഡി തിരിച്ചറിഞ്ഞത് ഈ ഇടവേളകളിലായിരുന്നു.
കണ്ടുപിടിത്തങ്ങൾ തനിക്ക് എളുപ്പമുള്ള കാര്യമാണെന്ന് ഹെഡി പറയുമായിരുന്നു. ആശയങ്ങളെക്കുറിച്ച് തനിക്ക് കൂടുതൽ ചിന്തിക്കേണ്ടതില്ല, അവ തനിയെ മനസിൽ നിന്ന് വരുമെന്നും അവർ പറഞ്ഞിരുന്നു.
അവഗണന
ഒരു നടിയെന്ന തരത്തിൽ മാത്രം മുദ്രകുത്തപ്പെട്ട ഹെഡിയ്ക്ക് തന്റെ കണ്ടുപിടിത്തങ്ങൾക്ക് അർഹിക്കുന്ന അംഗീകാരവും പ്രശസ്‌തിയും ലഭിച്ചില്ല. ഒരു ഫ്രീക്വൻസിയിൽ നിന്ന് മറ്റൊന്നിലേക്ക് 'ഹോപ്പ്' ചെയ്യാൻ സാധിക്കുന്ന റേഡിയോ ആശയവിനിമയത്തിനുള്ള അവരുടെ യുദ്ധകാല കണ്ടുപിടിത്തത്തിന് പേറ്റന്റ് ലഭിക്കാൻ ഹെഡി ശ്രമിച്ചെങ്കിലും അത് സാദ്ധ്യമായില്ല. ജോർജ് അന്തെയിൽ എന്ന ശാസ്ത്രജ്ഞനുമായി ചേർന്നായിരുന്നു കണ്ടുപിടിത്തം. ഹെഡിയുടെ ഫ്രീക്വൻസി-ഹോപ്പിംഗ് പേറ്റന്റും സാങ്കേതികവിദ്യയ്ക്കുള്ള സംഭാവനയും യുഎസ് സൈന്യം പരസ്യമായി പിന്നീട് അംഗീകരിച്ചിട്ടുണ്ടെങ്കിലും അവർക്ക് അർഹമായ പ്രശസ്‌തിയോ പ്രതിഫലമോ ലഭിച്ചില്ല.
ഒരു ഗവേഷക എന്ന നിലയിലുള്ള അവരുടെ കണ്ടുപിടിത്തങ്ങൾ ഒരിക്കലും ജനങ്ങൾക്ക് മുന്നിലേയ്ക്ക് എത്തിയില്ല. 1940കളിൽ സിനിമ നിർമിക്കാനും സംവിധാനം ചെയ്യാനുമുള്ള അവരുടെ ശ്രമങ്ങളും വിജയിച്ചില്ല. സ്‌ത്രീകളെ ദുർബലരായി കണ്ടിരുന്ന അന്നത്തെ സിനിമാവ്യവസായത്തിന് അത് അംഗീകരിക്കാനാവുമായിരുന്നില്ല.
'സെക്‌സിയും സ്‌മാർട്ടുമായ ഒരു ശക്തയായ സ്‌ത്രീ, ഇത് മറ്റുള്ളവരെ ഭയപ്പെടുത്തിയിരിക്കാം'- ഇങ്ങനെയാണ് ഹെഡി ലാമറിനെക്കുറിച്ച് പാരീസിലെ പ്രശസ്ത ബിസിനസ് സ്‌കൂൾ അദ്ധ്യക്ഷനും ഹാർവാർഡ് ബിസിനസ് സ്‌കൂൾ പൂർവവിദ്യാർത്ഥിയുമായ ഡോ.സൈമൺ ന്യയക് വിശേഷിപ്പിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |