ന്യൂഡൽഹി : സിഖ് വിഘടനവാദി നേതാവ് ഹർദീപ് സിംഗ് നിജ്ജറിന്റെ കൊലപാതകത്തിൽ ഇന്ത്യക്ക് പങ്കുണ്ടെന്ന കാനഡ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ ആരോപണം രാഷ്ട്രീയ പ്രേരിതമാണെന്ന് കേന്ദ്രവിദേശകാര്യ മന്ത്രാലയം അറിയിച്ചു. ആരോപണം മുൻവിധിയോടെയാണ്. ഇക്കാര്യത്തിൽ ഇതിന് മുമ്പോ ശേഷമോ കൃത്യമായ ഒരു വിവരവും കാനഡ അറിയിച്ചിട്ടില്ലെന്നും വിദേശകാര്യ വക്താവ് അരിന്ദം ബാഗ്‌ചി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. വിഷയത്തിൽ കാനഡ കൈമാറുന്ന ഏത് വിവരവും പരിശോധിക്കാൻ ഇന്ത്യ തയ്യാറാണ്. എന്നാൽ ഇതുവരെ കാനഡയിൽ നിന്ന് യാതൊരു വിവരവും ലഭിച്ചിട്ടില്ലെന്നും അരിന്ദം ബാഗ്‌ചി വ്യക്തമാക്കി.
കാനഡയിലെ ഇന്ത്യൻ ഹൈക്കമ്മിഷനിലെയും കോൺസുലേറ്റിലെയും പ്രതിനിധികൾക്ക് ഭീഷണിയുള്ളതിനാലാണ് കനേഡിയൻ പൗരൻമാർക്കുള്ള വിസ നടപടികൾ ഇന്ത്യ താത്‌കാലികമായി നിറുത്തി വച്ചതെന്നും അദ്ദേഹം അറിയിച്ചു. വിഷയം പരിശോധിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ത്യയിലെ കനേഡിയൻ ഹൈക്കമ്മിഷനിലെ നയതന്ത്രജ്ഞരുടെ എണ്ണം കുറയ്ക്കാനും ഇന്ത്യ നിർദ്ദേശം നൽകി. നിലവിലെ സാഹചര്യത്തിൽ കാനഡയിലെ ഇന്ത്യൻ കോൺസുലേറ്റിന്റെ സുരക്ഷ സംബന്ധിച്ച ചോദ്യത്തിന് ഓരോ രാജ്യത്തിന്റെയും കോൺസുലേറ്റിന്റെ സുരക്ഷ ഉറപ്പാക്കേണ്ടത് ആതിഥേയ രാജ്യത്തെ സർക്കാരിന്റെ ഉത്തരവാദിത്വമാണെന്നും അരിന്ദം ബാഗ്‌ചി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |