തിരുവനന്തപുരം: വിവാഹത്തലേന്ന് മകളുടെ മുന്നിലിട്ട് പിതാവിനെ മർദ്ദിച്ച് കൊലപ്പെടുത്തിയ കേസിൽ കുറ്റപത്രം സമർപ്പിച്ചു. ആറ്റിങ്ങൽ ജുഡീഷ്യൽ ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റ് കോടതിയിലാണ് അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചത്. വർക്കല വടശേരിക്കോണം വലിയവിളാകത്ത് ശ്രീലക്ഷ്മിയിൽ ജി. രാജുവിനെ (61) കൊലപ്പെടുത്തിയ കേസിൽ പ്രദേശവാസികളായ നാല് യുവാക്കളെയാണ് പ്രതി ചേർത്തിരിക്കുന്നത്. കേസിൽ 66 സാക്ഷികളാണുള്ളത്.
വടശേരിക്കോണം ജെ.ജെ. പാലസിൽ ജിഷ്ണു(26), സഹോദരൻ ജിജിൻ(25), സുഹൃത്തുക്കളായ വടശേരിക്കോണം മനുഭവനിൽ മനു(26), കെ.എസ്.നന്ദനത്തിൽ ശ്യാംകുമാർ(26) എന്നിവരാണ് കേസിലെ പ്രതികൾ. ഇവർ മകളുടെ വിവാഹത്തലേന്ന് വീട്ടിൽ അതിക്രമിച്ച് കയറി രാജുവിനെ കൊലപ്പെടുത്തിയതായാണ് കുറ്റപത്രത്തിൽ പറയുന്നത്.
ജൂൺ 28ന് പുലർച്ചെയായിരുന്നു സംഭവം. ശ്രീലക്ഷ്മി മാംഗല്യമണിയുന്നതിന് തൊട്ടുമുൻപാണ് രാജു അരുംകൊലയ്ക്കിരയായത്. അർദ്ധരാത്രി വീട്ടിലെത്തിയ ജിഷ്ണുവും സംഘവും ശ്രീലക്ഷ്മിയെ അടക്കം ആക്രമിക്കുകയായിരുന്നു. അക്രമം ചെറുക്കാൻ ശ്രമിക്കുന്നതിനിടയിലാണ് രാജുവിന് മൺവെട്ടികൊണ്ട് തലയ്ക്കടിയേറ്റത്. എതിർക്കാൻ ശേഷിയുള്ള ആരും വീട്ടിലില്ലെന്ന് ഉറപ്പിച്ചാണ് പ്രതികളെത്തിയത്. ശ്രീലക്ഷ്മിയുമായുള്ള വിവാഹാലോചന നിരസിച്ചത് മൂലമുള്ള പകയാണ് പ്രധാന പ്രതിയായ ജിഷ്ണുവിനെ ചൊടിപ്പിച്ചത്.
ബന്ധുക്കളും രാജുവിന്റെ മകനും പുറത്തുപോയ തക്കം നോക്കിയാണ് പ്രതികൾ വീട്ടുമുറ്റത്തെത്തിത്. രാജുവിന്റെ ഭാര്യ ജയയെയും ശ്രീലക്ഷ്മിയെയും സംഘം ആക്രമിച്ചു. ജിഷ്ണു ശ്രീലക്ഷ്മിയെ അടിച്ചുവീഴ്ത്തി മുഖം തറയിലുരച്ചു. ഇതു കണ്ടെത്തിയ രാജുവിനെയും അടിച്ചു വീഴ്ത്തി. അയൽവാസികളെത്തി വർക്കലയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും രാജു മരിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |