ന്യൂഡൽഹി : വോട്ടർ പട്ടികയിൽ പേരു ചേർക്കാൻ ആധാർ നമ്പർ നിർബന്ധമല്ലെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ സുപ്രീംകോടതിയെ അറിയിച്ചു. വോട്ടർ ഐ.ഡി കാർഡും, ആധാറുമായി ബന്ധിപ്പിക്കുന്നത് സംബന്ധിച്ച നിയമവും ചട്ടങ്ങളും ചോദ്യം ചെയ്ത് തെലങ്കാനയിലെ കോൺഗ്രസ് നേതാവ് ജി. നിരഞ്ജൻ സമർപ്പിച്ച പൊതു താത്പര്യ ഹർജിയിലാണ് കമ്മിഷൻ നിലപാട് വ്യക്തമാക്കിയത്. ഇതോടെ ഹർജി ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ ജെ.ബി. പർദിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ച് തീർപ്പാക്കി.
2022ലെ രജിസ്ട്രേഷൻ ഒഫ് ഇലക്ടേഴ്സ്(അമെൻഡ്മെന്റ്) ചട്ടം ആ വർഷം ജൂണിലാണ് പ്രാബല്യത്തിൽ വന്നത്. വോട്ടർ ഐ.ഡി കാർഡും, ആധാറുമായി ബന്ധിപ്പിക്കാൻ ഫോം 6ബി ഉപയോഗിക്കണമെന്നും നിഷ്കർഷിച്ചിരുന്നു. 2021ലെ തിരഞ്ഞെടുപ്പ് നിയമഭേദഗതി ബില്ലിൽ ആധാർ ബന്ധിപ്പിക്കലിന് വ്യവസ്ഥയുണ്ടായിരുന്നെങ്കിലും നിർബന്ധമാക്കിയിരുന്നില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |