12ാം ക്ളാസ് പരീക്ഷ പരിഷ്‌കരിക്കണം
തിരുവനന്തപുരം: സ്കൂളുകളിലെ നിലവിലെ പരീക്ഷാ സമ്പ്രദായം പൊളിച്ചെഴുതണമെന്ന് പാഠ്യപദ്ധതി പരിഷ്കരണം സംബന്ധിച്ച കരട് ചട്ടക്കൂടിൽ നിർദ്ദേശം. പുസ്തകം തുറന്നു വച്ചും ,കുട്ടിക്ക് ആത്മവിശ്വാസമുണ്ടാകുന്ന സമയത്തും,, വീട്ടിൽ വച്ചും എഴുതാവുന്ന പരീക്ഷ, കുട്ടി സ്വയം പൂർത്തിയാക്കുന്ന പ്രോജക്ട് ,സെമിനാർ പങ്കാളിത്തം, തുറന്ന ചോദ്യാവലി, വാചാ പരീക്ഷ എന്നീ രീതികൾ സ്വീകരിക്കാമെന്നും (എസ്.സി.ഇ.ആർ.ടി) തയ്യാറാക്കിയ കരട് ചട്ടക്കൂടിൽ പറയുന്നു..
നിലവിലെ പരീക്ഷ വിലയിരുത്തൽ ഫലത്തിന് വിശ്വാസ്യത കുറവാണ്. പഠന മികവന്റെ നേരിയ ഭാഗം മാത്രമേ പരീക്ഷകളിലൂടെ അളക്കാനാകുന്നുള്ളൂ. പ്രതിഭാശാലികളായ കുട്ടികളെ പൂർണമായി വിലയിരുത്താനും കഴിവുകൾ പുറത്തുകൊണ്ടുവരാനും കഴിയണം. പന്ത്രണ്ടാം ക്ളാസിലെ പൊതുപരീക്ഷ പരിഷ്കരിക്കുന്നതിന് അക്കാഡമിക തലത്തിൽ ചർച്ച നടത്തണം.എഴുത്തു പരീക്ഷകൾക്ക് പകരം കുട്ടികളുടെ താത്പര്യങ്ങൾ, ധാരണകൾ, ശേഷികൾ മനോഭാവങ്ങൾ, പ്രത്യേകാഭിരുചികൾ തുടങ്ങിയവയ്ക്കും ഭിന്ന മികവുകൾക്കും സാദ്ധ്യതയൊരുക്കണം. ഇതിനായി ചെക്ക് ലിസ്റ്റ്, കേസ് സ്റ്റഡി, റേറ്റിംഗ് സ്കെയിൽ സ്വയം വിലയിരുത്തൽ ഫോറങ്ങൾ, ഡയറി നിർമ്മാണം തുടങ്ങിയ സങ്കേതങ്ങൾ തിരഞ്ഞെടുക്കാം.
മറ്റ് പ്രധാന
നിർദ്ദേശങ്ങൾ
കാണാപ്പാപാഠം പഠിച്ച് പരീക്ഷയെഴുതി കഴിവ് തെളിയിക്കുന്നതിന് പകരം വിദ്യാർത്ഥി ആർജിക്കുന്ന അറിവുകൾ നിരന്തര മൂല്യനിർണയത്തിന് വിധേയമാക്കണം
ഇതിനായി പ്രൈമറി മുതൽ സെക്കൻഡറി തലം വരെ 'എന്റെ കുട്ടികൾ' എന്ന ഡിജിറ്റൽ രേഖ അദ്ധ്യാപകൻ തയ്യാറാക്കണം
ഒരു പരീക്ഷയ്ക്ക് പകരം ഒന്നിലധികം പരീക്ഷകൾ എഴുതാൻ അവസരം നൽകിയ ശേഷം ഏറ്റവും നല്ല പ്രകടനം വിലയിരുത്തണം.
പഠനത്തിനും പരീക്ഷയ്ക്കും ഇടയിൽ നീണ്ട ഇടവേള വേണ്ട,. സെമസ്റ്റർ രീതി പരിഗണിക്കാം
നിലവിലെ പുസ്തകങ്ങളിലെ പാഠങ്ങളുടെയും പ്രവർത്തനങ്ങളുടെയും എണ്ണം കുറയ്ക്കണം
കുട്ടികൾക്ക് സ്വന്തമായി വായിച്ചും ഐ.ടി സാദ്ധ്യതകൾ ഉപയോഗിച്ചും സ്വയം പഠിക്കാവുന്ന വിധം 'വായനാപാഠങ്ങൾ' എന്നതരത്തിൽ രണ്ട് തരം പാഠപുസ്തകങ്ങൾ വേണം
കുട്ടികളെ വിലയിരുത്തും പോലെ അദ്ധ്യാപകരെ വിലയിരുത്താൻ കുട്ടികൾക്കും അവസരമുണ്ടാകണം
: പഠനത്തിനൊപ്പം വിദ്യാർത്ഥികളിൽ തൊഴിൽ മനോഭാവവും അഭിരുചിയും വളർത്തണം.
. 5-7 ക്ളാസുകളിൽ തൊഴിൽ മനോഭാവത്തോടൊപ്പം അഭിരുചിയും , 11, 12 ക്ലാസുകളിൽ തൊഴിൽ മേഖലയിൽ പ്രവർത്തനാധിഷ്ഠിത പരിശീലനവും സാദ്ധ്യമാക്കണം.
ജോലി ചെയ്തു കൊണ്ടുള്ള പരിശീലനത്തിനാവശ്യമായ സ്ഥാപനങ്ങളുടെ ലഭ്യത ഉറപ്പാക്കണം
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |