മുംബയ്: ആഭ്യന്തര ഓഹരി വിപണി സൂചികകൾ തുടർച്ചയായ മൂന്നാം ദിനത്തിലും ഇടിഞ്ഞു. സെൻസെക്സ് 570.60 പോയിന്റ് താഴ്ന്ന് 66,230.24 ലും നിഫ്റ്റി 159.05 പോയിന്റ് നഷ്ടത്തിൽ 19,742.35 ലും ക്ലോസ് ചെയ്തു. കഴിഞ്ഞയാഴ്ചകളിൽ തുടർച്ചയായി നേട്ടത്തിലെത്തി സർവകാല റെക്കാഡ് നേടിയ ശേഷമാണ് ഈവാരത്തിൽ കുത്തനെ ഇടിവുണ്ടാകുന്നത്. അമേരിക്കൻ കേന്ദ്രബാങ്കായ യു.എസ് ഫെഡറൽ റിസർവ് പണനയ യോഗത്തിൽ അടിസ്ഥാന പലിശനിരക്കുകൾ 5.25-5.50 ശതമാനത്തിൽ നിലനിറുത്തിയതും വിപണികൾക്ക് തിരിച്ചടിയായി. ഐ.ടി കമ്പനി ഓഹരികൾ നേരിട്ട കനത്ത വിറ്റൊഴിയൽ ട്രെൻഡാണ് ഇന്ത്യൻ ഓഹരി സൂചികകളെ കൂടുതൽ തളർത്തിയത്. കൂടാതെ ആഗോള വിപണികളിലെ ദുർബലമായ പ്രവണതയും വിദേശ ഫണ്ടുകളുടെ ഒഴുക്കും വിപണികൾക്ക് തിരിച്ചടിയായി.
നഷ്ടത്തിലായവർ
സെൻസെക്‌സിൽ ഇന്ന് 1,230 ഓഹരികൾ നേട്ടത്തിലും 2,436 എണ്ണം നഷ്ടത്തിലുമായിരുന്നു. 127 ഓഹരികളുടെ വില മാറിയില്ല. നിഫ്റ്റിയിൽ പൊതുമേഖലാ ബാങ്ക് ഓഹരികൾക്ക് 2.28 ശതമാനം ഇടിവുണ്ടായി. നിഫിറ്റി ഓട്ടോ, ധനകാര്യ സേവനം, സ്വകാര്യബാങ്ക്, റിയൽറ്റി ഓഹരികൾ 1.7 ശതമാനം വരെയാണ് നഷ്ടത്തിലായത്.
ഐ.ടി കമ്പനികളായ എച്ച്.സി.എൽ ടെക്, ടി.സി.എസ് എന്നിവ രണ്ട് ശതമാനത്തോളം ഇടിഞ്ഞു. മഹീന്ദ്ര ആൻഡ് മഹീന്ദ്ര, സിപ്ല, ഐ.സി.ഐ.സി.ഐ ബാങ്ക്, എസ്.ബി.ഐ., ഹീറോ മോട്ടോകോർപ്പ്, ബജാജ് ഓട്ടോ, ഇൻഡസ്ഇൻഡ് ബാങ്ക്, ടാറ്റാ മോട്ടോഴ്‌സ്, ബജാജ് ഫിൻസെർവ്, കോട്ടക് മഹീന്ദ്ര ബാങ്ക്, പവർഗ്രിഡ്, ഐ.ടി.സി., എൻ.ടി.പി.സി എന്നിവയും മൂന്ന് ശതമാനം വരെ നഷ്ടത്തിലായി.
നേട്ടമുണ്ടാക്കിയവർ
അദാനി പവർ, മാൻകൈൻഡ് ഫാർമ, ഹിന്ദുസ്ഥാൻ പെട്രോളിയം, ആർ.ഇ.സി., ട്രെന്റ് എന്നിവയാണ് നിഫ്റ്റി 200ൽ കൂടുതൽ നേട്ടമുണ്ടാക്കിയത്. അദാനി പോർട്‌സ്, ഡോ.റെഡ്ഡീസ് ലാബ്, ഏഷ്യൻ പെയിന്റ്‌സ്, ഭാരതി എയർടെൽ, ബി.പി.സി.എൽ., ഇൻഫോസിസ്, ബ്രിട്ടാനിയ, ഹിന്ദുസ്ഥാൻ യൂണിലിവർ എന്നിവയും ലാഭത്തിലെത്തി.
അഞ്ചര ലക്ഷം കോടി നഷ്ടം
കഴിഞ്ഞ മൂന്ന് വ്യാപാര ദിനത്തിലെ ഇടിവുമൂലം ബി.എസ്.ഇയിലെ കമ്പനികളുടെ ആകെ നിക്ഷേപക മൂല്യത്തിൽ നിന്ന് 5.50 ലക്ഷം കോടി രൂപ നഷ്ടത്തിലായി. സർവകാല റെക്കാഡ് ഉയരമായ 323.40 ലക്ഷം കോടി രൂപയിൽ നിന്ന് 317.90 ലക്ഷം കോടി രൂപയിലേക്കാണ് കുറഞ്ഞത്.
സെൻസെക്‌സിന് മൂന്ന് ദിവസത്തിനിടെ നഷ്ടമായത് 1,608 പോയിന്റ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |