#സംഭവം ദേശീയപാതയിൽ കരിയാട് കവലയിൽ
നെടുമ്പാശേരി: ഡ്യൂട്ടിക്കിടയിൽ മദ്യപിച്ചെത്തി വ്യാപാരികളേയും സഹായിയേയും ചൂരലിനടിച്ച നെടുമ്പാശേരി പൊലീസ് കൺട്രോൾറൂം വാഹനത്തിലെ ഗ്രേഡ് എസ്.ഐ പി.എസ്. സുനിലിനെ ജില്ലാ പൊലീസ് മേധാവി അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തു. എസ്.ഐക്കെതിരെ നെടുമ്പാശേരി പൊലീസ് കേസെടുത്തു.
ബുധനാഴ്ച രാത്രി 8.45ഓടെ ദേശീയപാതയിൽ കരിയാട് ബസ് സ്റ്റോപ്പിന് സമീപം കോഴിപ്പാട് ബേക്കറിയുടെ മുമ്പിലാണ് എസ്.ഐയുടെ പരാക്രമം. ബേക്കറി ഉടമ നെടുമ്പാശേരി തുരുത്തിശേരി കോഴിപ്പാട് വീട്ടിൽ കുഞ്ഞുമോൻ (48), കടയിലെ സഹായിയും അയൽവാസിയുമായ പരവട്ടിവീട്ടിൽ ബൈജു (40), സമീപത്തെ കച്ചവടക്കാരനും വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് ട്രഷററുമായ പി.ജെ. ജോണി (55) എന്നിവരെയാണ് എസ്.ഐ അകാരണമായി ചൂരലിന് അടിച്ചത്. 'വീട്ടിൽ പോടാ' എന്ന് പറഞ്ഞായിരുന്നു അടി. കാരണം ചോദിച്ചപ്പോൾ വീണ്ടും അടിച്ചു.
ഇതോടെ സമീപത്തെ കച്ചവടക്കാർ പ്രതിഷേധവുമായെത്തി എസ്.ഐയെയും വാഹനവും തടഞ്ഞുവച്ച് നെടുമ്പാശേരി പൊലീസിൽ അറിയിച്ചു. നെടുമ്പാശേരി പൊലീസെത്തി നാട്ടുകാർ ആവശ്യപ്പെട്ടത് പ്രകാരം ഗ്രേഡ് എസ്.ഐയെ ബ്രീത്ത് അനലൈസർ ഉപയോഗിച്ച് ഊതിപ്പിച്ച് മദ്യം കഴിച്ചെന്ന് ഉറപ്പാക്കി. തുടർന്ന് അങ്കമാലി ഗവ. ആശുപത്രിയിലെത്തി പരിശോധിച്ചപ്പോഴും മദ്യലഹരിയിലായിരുന്നുവെന്ന് തെളിഞ്ഞു.
ആലുവ ട്രാഫിക് പൊലീസ് സ്റ്റേഷനിലെ എസ്.ഐയായ പി.എസ്. സുനിൽ ഒരു മാസത്തേക്കാണ് കൺട്രോൾറൂം വാഹനത്തിൽ ഡ്യൂട്ടി ചെയ്യുന്നത്. പൊലീസ് ജീപ്പിൽ ഉണ്ടായിരുന്ന ഡ്രൈവർക്ക് അതിക്രമത്തിൽ പങ്കില്ലെന്ന് വ്യാപാരികൾ പറയുന്നു. കുഞ്ഞുമോനെ എസ്.ഐ മർദ്ദിക്കുമ്പോൾ ഭാര്യ എൽബി, പത്ത് വയസുകാരിയായ മകൾ എന്നിവരുമുണ്ടായിരുന്നു. ഇരുവരും കരഞ്ഞിട്ടും എസ്.ഐ ചൂരലിന് അടി തുടരുകയായിരുന്നു. പൊലീസ് വൈദ്യപരിശോധനയ്ക്ക് ആശുപത്രിയിൽ എത്തിച്ചപ്പോൾ അവശത അനുഭവപ്പെടുന്നതായി എസ്.ഐ പറഞ്ഞതിനെ തുടർന്ന് ആശുപത്രിയിൽ അഡ്മിറ്റാക്കി. ലാത്തിയടിയേറ്റ മൂവരും പ്രഥമശുശ്രൂഷയ്ക്കുശേഷം ആശുപത്രി വിട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |