കൊച്ചി: ഇന്ത്യ-കാനഡ നയതന്ത്ര ബന്ധത്തിൽ വിള്ളൽ ഉണ്ടായതിനെ തുടർന്ന് തുടർച്ചയായ രണ്ടാം ദിവസവും കാനഡ പെൻഷൻ ഫണ്ടുകൾക്ക് നിക്ഷേപമുള്ള ഇന്ത്യൻ കമ്പനികളുടെ ഓഹരികളിൽ ഇടിവുണ്ടാക്കി.
കാനഡ പെൻഷൻ പ്ലാൻ ഇൻവെസ്റ്റ്‌മെന്റ് ബോർഡിന്റെ (സി.പി.പി.ഐ.ബി) പോർട്ട് ഫോളിയോ ഓഹരികളിൽ ഉൾപ്പെടുന്ന കോട്ടക് മഹീന്ദ്ര ബാങ്ക്, സൊമാറ്റോ, പേടിഎം, നൈക, ഇൻഡസ് ടവേഴ്‌സ്, ഡൽഹിവെറി എന്നിവയാണ് പ്രധാനമായും നഷ്ടത്തിലായിരിക്കുന്നത്.
കോട്ടക് മഹീന്ദ്ര ബാങ്ക് ഓഹരി ഇന്നലെ 1.93 ശതമാനം ഇടിഞ്ഞ് 1,755 രൂപയിലെത്തി നിൽക്കുകയാണ്. പേടിഎം 1.68 ശതമാനം താഴ്ന്ന് 839 രൂപയിലും സൊമാറ്റോ 0.20 ശതമാനം നഷ്ടത്തിൽ നേരിയ ഇടിവോടെ 99.80 രൂപയിലുമെത്തി. ഇൻഡസ് ടവർ 1.93 ശതമാനം ഇടിഞ്ഞ് 178.20 രൂപയിലാണുള്ളത്. നയതന്ത്ര ബന്ധത്തിലെ വിള്ളൽ നീണ്ടുപോകുന്നത് ഓഹരികളിലെ ഇടിവ് തുടരുന്നതിന് കാരണമാകും.
70 ഓഹരികളിൽ നിക്ഷേപം
സി.പി.പി.ഐ.ബിയ്ക്ക് 70 ഓളം ഇന്ത്യൻ ഓഹരികളിലാണ് നിക്ഷേപമുള്ളത്. 1.74 ലക്ഷം കോടി രൂപയോളം ഇന്ത്യയിൽ നിക്ഷേപമുണ്ടെന്നാണ് കണക്ക്. കോട്ടക് മഹീന്ദ്ര ബാങ്ക് 2.68 ശതമാനം, നൈക 21.8 ശതമാനം, ഇൻഡസ് ടവേഴ്‌സ് 2.18ശതമാനം, സൊമാറ്റോ 2.3 ശതമാനം, പേടിഎം 1.76ശതമാനം, ഡെൽഹിവെറി 6 ശതമാനം എന്നിങ്ങനെയാണ് സി.പി.പി.ഐ.ബിയുടെ കൈയിലുള്ള ഓഹരി വിഹിതം. ഇതു കൂടാതെ വിദേശത്ത് ലിസ്റ്റ് ചെയ്തിട്ടുള്ള ഇന്ത്യൻ ഓഹരികളിലും ഫണ്ടിന് നിക്ഷേപമുണ്ട്. വിപ്രോയുടെ യു.എസ് ലിസ്റ്റഡ് ഓഹരികളിൽ കനേഡിയൻ പെൻഷൻ ഫണ്ട് 1.19 കോടി ഡോളർ നിക്ഷേപിച്ചിട്ടുണ്ട്. ഇൻഫോസിസിൽ 2.17 കോടി ഡോളറും ഐ.സി.ഐ.സി. ഐ ബാങ്കിൽ ഒരു കോടി ഡോളറും നിക്ഷേപമുണ്ട്. കനേഡിയൻ പെൻഷൻ ഫണ്ടായ സി.ഡി.പി.ക്യുവിനും ഇന്ത്യൻ കമ്പനികളിൽ നിക്ഷേപമുണ്ട്. ഇന്ത്യയിലേക്കുള്ള വിദേശ നിക്ഷേപത്തിൽ ആദ്യ 10 രാജ്യങ്ങളിൽ കാനഡയും ഉൾപ്പെടുന്നു. 46,306 കോടി രൂപ മൂല്യം വരുന്ന ഓഹരികളാണ് കനേഡിയൻ ഫോറിൻ ഇൻസ്റ്റിറ്റ്യൂഷണൽ ഇൻവെസ്‌റ്റേഴ്‌സിന്റെ കൈവശമുള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |