തിരുവനന്തപുരം: ആറ്റുകാൽ മേടമുക്ക് സതീഷ് നിവാസിൽ അയ്യപ്പനാശാരിയെ കുത്തി കൊലപ്പെടുത്തിയ കേസിൽ ഫോർട്ട് പൊലീസിന് കണ്ടെത്താൻ കഴിയാതിരുന്ന സാക്ഷിയായ മുൻ എ.എസ്.ഐ, താൻ വീട്ടിൽത്തന്നെ ഉണ്ടായിരുന്നെന്നും എല്ലാ മാസവും കൃത്യമായി പെൻഷൻ വാങ്ങിയിരുന്നതായും കോടതിയിൽ മൊഴി നൽകി. വിരമിച്ച എ.എസ്.ഐ എം.എസ്. തങ്കരാജാണ് മൊഴി നല്കിയത്. കൊല്ലപ്പെട്ട അയ്യപ്പനാശാരിയെ സംഭവ ദിവസം ആശുപത്രിയിൽ എത്തിച്ചത് ഡ്യൂട്ടിയിലുണ്ടായിരുന്ന തങ്കരാജും സംഘവുമായിരുന്നു.
കേസ് വിചാരണയ്ക്ക് ഹാജരാകാൻ കോടതി നോട്ടീസ് നല്‍കിയെങ്കിലും സാക്ഷിയെ കണ്ടെത്താനായില്ലെന്ന റിപ്പോർട്ടാണ് ഫോർട്ട് പൊലീസ് കോടതിയിൽ നൽകിയത്. പൊലീസ് റിപ്പോർട്ടിനെ കേസ് പരിഗണിച്ച ഏഴാം അഡിഷണൽ ജില്ലാ സെഷൻസ് ജഡ്ജി പ്രസൂൻ മോഹൻ രൂക്ഷമായി വിമർശിക്കുകയും മാസം തോറും കൃത്യമായി പെൻഷൻ വാങ്ങുന്ന വിരമിച്ച ഉദ്യോഗസ്ഥരെ കണ്ടെത്താനായില്ലെന്ന ഇത്തരം റിപ്പോർട്ട് നൽകുന്ന ഉദ്യോഗസ്ഥർക്കെതിരെ കോടതി കർശന നടപടി സ്വീകരിക്കുമെന്ന മുന്നറിയിപ്പും നല്കിയിരുന്നു.
കൊല്ലപ്പെട്ട അയ്യപ്പനാശാരിയോടൊപ്പം പരിക്കേറ്റിരുന്ന മകൻ സതീഷും ബന്ധു രാജേഷും കേസിലെ 16 പ്രതികളെയും തിരിച്ചറിയുകയും ഉപയോഗിച്ചിരുന്ന ആയുധങ്ങൾ കണ്ട് തിരിച്ചറിയുകയും ചെയ്തു. 2004ലെ തിരുവോണ ദിവസമാണ് അയ്യപ്പനാശാരി കൊല്ലപ്പെട്ടത്. ഓണത്തോടനുബന്ധിച്ചുളള അത്തച്ചമയത്തിനായി സതീഷ് മണക്കാട് പൂക്കട നടത്തുന്ന രാജേന്ദ്രന്റെ കടയിൽ നിന്ന് പണം നല്കാതെ പൂക്കളെടുത്തിരുന്നു. ഇതിനെ ചോദ്യം ചെയ്ത രാജേന്ദ്രനെ സതീഷും കൂട്ടരും മർദ്ദിച്ചതിന്റെ പ്രതികാരമായിരുന്നു സതീഷിന്റെ പിതാവായ അയ്യപ്പനാശാരിയുടെ കൊലപാതകം. പ്രോസിക്യൂഷനു വേണ്ടി സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ എം. സലാഹുദ്ദീൻ, ദേവിക മധു, അഖില ലാൽ എന്നിവർ ഹാജരായി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |