ന്യൂഡൽഹി : കേരളത്തിലെ അടക്കം രാജ്യത്തെ തെരുവുനായ പ്രശ്നത്തിൽ ശക്തമായ മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിക്കുമെന്ന് സുപ്രീംകോടതി. ശാശ്വത പരിഹാരത്തിനാണ് ശ്രമിക്കുന്നതെന്നും, ഇടക്കാല ഉത്തരവുണ്ടാകില്ലെന്നും ജസ്റ്രിസുമാരായ ജെ.കെ. മഹേശ്വരി, കെ.വി. വിശ്വനാഥൻ എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.
കോടതിയുടെ ഉദ്ദേശ്യം വ്യക്തമാണ്. അന്തിമ വാദം കേട്ട് തീരുമാനമെടുക്കും. നിയമവും ചട്ടങ്ങളും അവയുടെ നടപ്പാക്കലും പരിശോധിക്കും. നിയമം നടപ്പാക്കുന്നതിന്റെ ബുദ്ധിമുട്ടുകളും പരിഹാരവും ചിന്തിക്കും. ശേഷം മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിക്കും. തെരുവുനായകളുടെ ദയാവധത്തിന് കണ്ണൂർ ജില്ലാ പഞ്ചായത്ത് അടക്കം സമർപ്പിച്ച ഹർജികളിൽ ഒക്ടോബർ 18 മുതൽ തുടർച്ചയായി വാദം കേൾക്കാനും കോടതി തീരുമാനിച്ചു.
മൃഗസ്നേഹികൾ
വൈകാരികമാവേണ്ട
തെരുവുനായ പ്രശ്നത്തെ വൈകാരികമായി സമീപിക്കരുതെന്ന് മൃഗസംരക്ഷണ സംഘടനയുടെ അഭിഭാഷകരോട് കോടതി ആവശ്യപ്പെട്ടു. കേരളത്തിൽ മാത്രമല്ല രാജ്യത്തിന്റെ പലയിടങ്ങളിലും തെരുവുനായകളെ കൊല്ലുന്നുണ്ടെന്ന് അഭിഭാഷകർ പറഞ്ഞപ്പോഴാണ് കോടതിയുടെ പ്രതികരണം. വിഷയം കൈകാര്യം ചെയ്യുന്നതിൽ മാദ്ധ്യമങ്ങളും മിതത്വം പാലിക്കണമെന്ന് കോടതി നിരീക്ഷിച്ചു.
വൈരുദ്ധ്യങ്ങളുണ്ടെന്ന് സംസ്ഥാന സർക്കാർ
തെരുവുനായകളെ കൈകാര്യം ചെയ്യുന്നത് സംബന്ധിച്ച മൃഗങ്ങളുടെ ജനന നിയന്ത്രണ ചട്ടങ്ങളും, തദ്ദേശസ്ഥാപനങ്ങളുടെ നിയമവും തമ്മിൽ വൈരുദ്ധ്യങ്ങളുണ്ടെന്ന് സംസ്ഥാന സർക്കാർ സുപ്രീംകോടതിയെ അറിയിച്ചു. തെരുവുനായകളെ കൊല്ലാൻ തദ്ദേശനിയമങ്ങൾ അധികാരം നൽകുന്നുണ്ട്. എന്നാൽ, ജനന നിയന്ത്രണ ചട്ടങ്ങളിലെ വ്യവസ്ഥകൾ വ്യത്യസ്തമാണെന്നും കേരളം ചൂണ്ടിക്കാട്ടി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |