ദുബായ് : ദുബായിൽ വെള്ളത്തിൽ പൊങ്ങിക്കിടക്കുന്ന മുസ്ലിം പള്ളി (ഫ്ലോട്ടിംഗ് മസ്‌ജിദ്) ഒരുങ്ങുന്നു. എമിറേറ്റ്സിലെ ഇസ്ലാമിക് അഫയേഴ്‌സ് ആൻഡ് ചാരിറ്റബിൾ ആക്‌ടിവിറ്റീസ് ഡിപ്പാർട്ട്‌മെന്റാണ് ദുബായ് വാട്ടർ കനാലിൽ ആരാധാനാലയം നിർമ്മിക്കുന്നത്. നിർമ്മാണം പൂർത്തീകരിച്ച് അടുത്ത വർഷം തുറക്കാനാണ് അധികൃതരുടെ തീരുമാനം. ഇത്തരത്തിലുള്ള മസ്‌ജിദ് ലോകത്തിൽ ആദ്യത്തേതാണ് എന്നാണ് അധികൃതർ പറയുന്നത്.
55 മില്യൺ ദിർഹമാണ് പള്ളിയുടെ നിർമ്മാണത്തിന് ചെലവ് പ്രതീക്ഷിക്കുന്നത്. സന്ദർശകരുടെ എണ്ണം വർദ്ധിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള മതപരമായ തീർത്ഥാടന കേന്ദ്രമാണ് മെഗാ പ്രോജക്ടെന്ന് അതോറിട്ടി അറിയിച്ചു.
മൂന്നു നിലകളിലായിരിക്കും മസ്‌ജിദ് നിർമ്മിക്കുക. വെള്ലത്തിലാണ് പ്രാർത്ഥനാ ഹാൾ. 50 മുതൽ 75 പേർക്ക് വരെ ഒരേ സമയം പ്രാർത്ഥിക്കാൻ ഇവിടെ സൗകര്യം ഉണ്ടായിരിക്കും. ബർ ദുബായിൽ 2000 ചതുരശ്ര മീറ്റർ വിസ്തീർണമുള്ള പള്ളിയുടെ നിർമ്മാണം ഒക്ടോബറിൽ ആരംഭിക്കും. എല്ലാ മതവിഭാഗങ്ങളിൽ പെട്ട ആളുകൾക്ക് പള്ളി സന്ദർശിക്കാൻ അവസരമുണ്ടായിരിക്കും.
എന്നാൽ മാന്യമായി വസ്ത്രം ധരിക്കുകയും ഇസ്ലാമിക ആചാരങ്ങൾക്ക് അനുസൃതമായി പ്രവർത്തിക്കുകയും വേണമെന്ന് നിർദ്ദേശിക്കും. തലയും തോളും മറയ്ക്കുന്ന വസ്ത്രം ധരിക്കാൻ സ്ത്രീകളോട് ആവശ്യപ്പെടുമെന്ന് സാംസ്കാരിക ആശയവിമിയ ഉപദേഷ്‌ടാവ് അഹമ്മദ് ഖൽഫാൻ അൽ മൻസൂരി പറഞ്ഞു. .
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |