തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കങ്ങൾ സജീവമാക്കാൻ സി.പി.എം.
നവ കേരള മുദ്രാവാക്യം ഉയർത്തി നവംബറിൽ സംസ്ഥാന സർക്കാർ നടത്തുന്ന കേരളീയവും, മുഖ്യമന്ത്രിയും മന്ത്രിമാരും ചേർന്ന് നടത്തുന്ന മണ്ഡല സദസ്സ് പര്യടനവും വിജയിപ്പിക്കാൻ സജീവമായി കളത്തിലിറങ്ങും. ഇതിന്റെ വിശദാംശങ്ങൾ ഇന്ന് ചേരുന്ന സി.പി.എം സംസ്ഥാന കമ്മിറ്റി യോഗം ചർച്ച ചെയ്യും.
ഇപ്പോഴത്തെ ആരോപണ വിവാദങ്ങളെ മറി കടക്കാനുതകും വിധം കേരളീയം, മണ്ഡല സദസ്സ് പ്രചരണ പരിപാടികൾ പാർട്ടി ഏറ്റെടുക്കും. കഴിഞ്ഞയാഴ്ച ചേർന്ന പോളിറ്റ്ബ്യൂറോ യോഗ തീരുമാനങ്ങളും റിപ്പോർട്ട് ചെയ്യും. ബി.ജെ.പിയെ പ്രതിരോധിക്കാനുള്ള ദേശീയതലത്തിലെ പ്രതിപക്ഷ ഐക്യവേദിയായ ഇന്ത്യാ മുന്നണിയുടെ ഭാഗമാണ് സി.പി.എം എങ്കിലും അതുമായി ബന്ധപ്പെട്ട ഏതെങ്കിലും സംഘടനാ ഫോറത്തിൽ അംഗമാകേണ്ടെന്നാണ് തീരുമാനം. ഇന്ത്യാ മുന്നണി സംഘടനാ രൂപമല്ല, പൊതുവേദി മാത്രമാണെന്നാണ് സി.പി.എം സമീപനം. ദേശീയതലത്തിൽ ബി.ജെ.പിക്കെതിരായ വിശാല ഐക്യനിരയാണ് സി.പി.എമ്മിന്റെ രാഷ്ട്രീയ പ്രമേയം വ്യക്തമാക്കുന്നത്. പ്രാദേശിക തലത്തിൽ അതത് രാഷ്ട്രീയ സ്ഥിതിഗതികൾക്ക് അനുസരിച്ചുള്ള അടവു നയവുമാകാം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |