തിരുവനന്തപുരം: സംസ്ഥാനത്തെ കോടതികളുടെ സിറ്റിംഗ് നേരത്തേ തുടങ്ങുന്നതു സംബന്ധിച്ച് ഈ മാസം 30നകം റിപ്പോർട്ട് നൽകാൻ പ്രിൻസിപ്പൽ ജില്ലാ ജഡ്ജിമാരോട് ഹൈക്കോടതി രജിസ്ട്രാർ നിർദേശിച്ചു.
ബാർ അസോസിയേഷനുകളുടെ അഭിപ്രായം തേടി കുറച്ചു ദിവസം മുമ്പ് ബാർ കൗൺസിലിനും കത്തു നൽകിയിരുന്നു.
കോടതി സിറ്റിംഗ് തുടങ്ങുന്നത് രാവിലെ പതിനൊന്നിനാണ്.
റോൾ കാൾ പോലുള്ള കാര്യങ്ങൾക്കായി സമയം ചെലവിടേണ്ടി വരുമ്പോൾ മിക്കവാറും ഉച്ച കഴിഞ്ഞേ കേസുകളുടെ വാദം കാര്യക്ഷമമാവുന്നുള്ളൂ എന്നാണ് ഹൈക്കോടതിയുടെ വിലയിരുത്തൽ. ദൈനംദിന നടപടികളിൽ കാലതാമസം ഒഴിവാക്കി കോടതികൾ കാര്യക്ഷമമാക്കുകയാണ് ലക്ഷ്യം. നിലവിലെ സംവിധാനം മാറ്റുന്നതിനോട് വിയോജിപ്പുള്ളവരുമുണ്ട്.ഹർജികൾ സംബന്ധിച്ച് പല പരിശോധനകളും നടത്തിവേണം ജഡ്ജിമാർ ബെഞ്ചിലെത്താൻ എന്നാണ് ഒരു വാദം. അതിനു സാവകാശം വേണ്ടിവരും.രാവിലെ 10ന് ഓഫീസ് തുറന്നാലുടൻ സിറ്റിംഗ് പ്രായോഗികമാകില്ല.
ഹൈക്കോടതിയിൽ നിന്ന് വ്യത്യസ്തമായി വിഭിന്നസ്വഭാവത്തിലുള്ള നിരവധി കേസുകളാണ് കീഴ്ക്കോടതികളിൽ വരുന്നത്. എല്ലാം ക്രമീകരിക്കാൻ സമയമെടുക്കും. കക്ഷികളെയും പൊലീസിനെയും പ്രോസിക്യുഷനെയും സാക്ഷികളെയും അഭിഭാഷകരെയും ക്ലാർക്കുമാരെയും ജഡ്ജിമാരെയും സ്റ്റാഫ് ജീവനക്കാരെയുമെല്ലാം പ്രായോഗികമായി ബാധിക്കുന്നതാണ് സമയക്രമ മാറ്റമെന്നാണ് ഇവരുടെ നിലപാട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |