ചെന്നൈ: 150 രൂപ മാത്രമുണ്ടായിരുന്ന ബാങ്ക് അക്കൗണ്ട്. ഒരു സുപ്രഭാതത്തിൽ തമിഴ്നാട് മെർക്കന്റൈൽ ബാങ്കിൽ നിന്നൊരു എസ്.എം.എസ്. 9,000 കോടി അക്കൗണ്ടിലെത്തിയെന്നായിരുന്നു സന്ദേശം. രാജ്കുമാർ എന്ന ഓട്ടോ ഡ്രൈവർ ആദ്യം വിശ്വസിച്ചില്ല. സുഹൃത്തുക്കൾ തമാശയ്ക്ക് അയച്ച മെസേജ് ആണെന്ന് കരുതി. എന്നാൽ, പണം വന്നതാണോ എന്ന ആശങ്കയും വർദ്ധിച്ചു.
അങ്ങനെ സംഭവം ശരിയാണോ എന്നറിയാൻ രാജ്കുമാർ കണ്ടെത്തിയ വഴി കുറച്ചു പൈസ ആർക്കെങ്കിലും അയച്ചു കൊടുക്കുക എന്നതായിരുന്നു. അങ്ങനെ സുഹൃത്തിന് 21,000 രൂപ അയച്ചു. പണം സുഹൃത്തിന് ലഭിച്ചു എന്നറിഞ്ഞപ്പോൾ ഉറപ്പിച്ചു സന്ദേശം ശരിയാണെന്ന്.
എന്താണ് സംഭവിച്ചതെന്നറിയാതെ അങ്കലാപ്പിലായപ്പോഴാണ് കഥയുടെ ചുരുളഴിയുന്നത്. അല്പ സമയത്തിനകം രാജ്കുമാറിന് തമിഴ്‌നാട് മെർക്കന്റൈൽ ബാങ്കിന്റെ ഹെഡ് ഓഫീസിൽ നിന്ന് വിളിയെത്തി. അബദ്ധം സംഭവിച്ചതാണെന്നും പണം പിൻവലിച്ചെന്നും അറിയിച്ചു. പിന്നീട് രാജ്കുമാറും അഭിഭാഷകനും ബാങ്കിലെത്തി അധികൃതരുമായി സംസാരിച്ചു. ഇരു കൂട്ടരുടെയും അഭിഭാഷകർ സംസാരിച്ച് ഒത്തുതീർപ്പിലെത്തി. 21,000 രൂപ രാജ്കുമാർ തിരികെ നൽകേണ്ടെന്നും വാഹന വായ്പ അനുവദിക്കുമെന്നും ബാങ്ക് അറിയിച്ചു. കോടമ്പാക്കത്ത് സുഹൃത്തിനൊപ്പം താമസിക്കുകയാണ് രാജ‌്‌കുമാർ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |