ഒട്ടാവ: ഖാലിസ്ഥാൻ ഭീകരൻ ഹർദീപ് സിംഗ് നിജ്ജറിന്റെ മരണത്തിൽ ഇന്ത്യ - കാനഡ നയതന്ത്ര ഭിന്നത രൂക്ഷമാകുന്നതിനിടെ കനേഡിയൻ മണ്ണിൽ ഖാലിസ്ഥാൻ ഗ്യാങ്ങ് വാർ. സുഖ്ദൂൽ സിംഗ് എന്ന സുഖ ദുനകെയെ കൊലപ്പെടുത്തി പഞ്ചാബിൽ നിന്നുള്ള കുപ്രസിദ്ധ ഗുണ്ടാ സംഘമായ ' ലോറൻസ് ബിഷ്‌ണോയി ഗ്യാങ്ങാണ്' എരിതീയിൽ എണ്ണ പകർന്നത്.
ആരാണ് ലോറൻസ് ബിഷ്‌ണോയി ?
പഞ്ചാബി ഗായകനും കോൺഗ്രസ് നേതാവുമായിരുന്ന സിദ്ദു മൂസവാലയുടെ കൊലപാതക കേസിൽ ആരോപണവിധേയൻ. നിലവിൽ അഹമ്മദാബാദ് ജയിലിൽ. തിഹാർ ജയിലിൽ കഴിയവേ ലഹരിമരുന്ന് കേസുമായി ബന്ധപ്പെട്ട് ഭീകരവിരുദ്ധ സ്‌ക്വാഡിന്റെ കസ്റ്റഡിയിൽ വിട്ടു.
ഉത്തരേന്ത്യൻ ഗുണ്ടാ നേതാവായ ദേവീന്ദർ ബാംബിഹയുടെ ഗ്യാങ്ങിന്റെ എതിരാളി. ബാംബിഹ 2016ൽ പഞ്ചാബിലെ ഭട്ടിൻഡയിൽ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടിരുന്നു. ഇയാളുടെ ഗ്യാങ്ങുമായുള്ള പക ലോറൻസ് ഗ്യാങ്ങ് ഇപ്പോഴും സൂക്ഷിക്കുന്നു. ഇരു ഗ്യാങ്ങുകളും തമ്മിൽ ഏറ്റുമുട്ടലും സമീപ വർഷങ്ങളിലുണ്ടായി. ബിഷ്‌ണോയി ജയിലിലാണെങ്കിലും അയാളുടെ അനുയായികളുടെ പ്രവർത്തനം സജീവം. നേരത്തെ, ബോളിവുഡ് നടൻ സൽമാൻ ഖാനെതിരെയും ബിഷ്‌ണോയി സംഘം ഭീഷണി മുഴക്കിയിരുന്നു.
പഞ്ചാബിൽ സ്വാധീനമുള്ള 30കാരനായ ലോറൻസ് ബിഷ്ണോയി രാഷ്ട്രീയക്കാരുമായും സമ്പന്ന വ്യക്തികളുമായും അടുത്ത ബന്ധത്തിനും പ്രശസ്തനാണ്. കൊലപാതകം, കൊള്ളയടിക്കൽ തുടങ്ങിയ ക്രിമിനൽ കേസുകൾ ബിഷ്‌ണോയി നേരിടുന്നു. ഖാലിസ്ഥാൻ പ്രസ്ഥാനത്തിരാണ് ബിഷ്‌ണോയി . ഭഗത് സിംഗ്, ഗുരു ജംഭേശ്വർ, ഹനുമാൻ തുടങ്ങിയവരുടെ ആരാധകൻ. പഞ്ചാബിൽ പൊലീസ് കോൺസ്റ്റബിളിന്റെ മകനായി ജനനം. നിയമ ബിരുദധാരി.
എന്തിന് ദുനകെയെ കൊന്നു ?
ബാംബിഹ ഗ്യാങ്ങിലെ അംഗമാണ് ദുനകെ എന്ന് കരുതുന്നു. തങ്ങളുടെ അംഗങ്ങളായ ഗുർലാൽ ബ്രാർ ( 2020ൽ കൊല്ലപ്പെട്ടു ), വിക്കി മിഡുഖേര ( 2021 കൊല്ലപ്പെട്ടു ) എന്നിവരുടെ കൊലയ്ക്ക് പിന്നിൽ ദുനകെ ആണെന്ന് ആരോപിച്ചായിരുന്നു ബിഷ്‌ണോയി ഗ്യാങ്ങ് ദുനകെയെ വകവരുത്തിയത്. ലഹരിയ്ക്ക് അടിമയായിരുന്ന ദുനകെ നിരവധി പേരുടെ ജീവനെടുത്തെന്നും ഇപ്പോൾ അയാൾ ചെയ്ത പാപങ്ങളുടെ ശിക്ഷ ലഭിച്ചെന്നും ബിഷ്‌ണോയി ഗ്യാങ്ങ് ഫേസ്ബുക്കിൽ കുറിച്ചു. കഴിഞ്ഞ വർഷം കൊല്ലപ്പെട്ട കബഡി താരമായ സന്ദീപ് സിംഗ് നംഗലിന്റെ കൊലയ്ക്ക് ആസൂത്രണം നടത്തിയത് ദുനകെ ആയിരുന്നെന്ന് കരുതുന്നു. ഏത് രാജ്യത്തൊളിച്ചാലും ശത്രുക്കളെ വെറുതേ വിടില്ലെന്നാണ് ബിഷ്‌ണോയി ഗ്യാങ്ങിന്റെ മുന്നറിയപ്പ്.
ദുനകെ, മൂസാവാല കൊലകളിലെ ബന്ധം
ഗുർലാൽ ബ്രാർ, വിക്കി മിഡുഖേര എന്നിവരുടെ മരണം തന്നെയാണ് സിദ്ദു മൂസാവലയുടെ കൊലയ്ക്ക് കാരണമായി ബിഷ്ണോയി ഗ്യാങ്ങ് സോഷ്യൽ മീഡിയയിൽ മുമ്പ് കുറിച്ചത്. വിക്കിയുടെ കൊലയിൽ മൂസാവാലയ്ക്ക് പങ്കുണ്ടായിരുന്നെന്ന് ഇവർ ആരോപിച്ചിരുന്നു. എന്നാൽ, മൂസാവാലയ്ക്ക് ഇവരുമായി ബന്ധമില്ലെന്ന് കുടുംബം പറയുന്നു. ഈ കൊലപാതകങ്ങൾ തന്നെയാണ് ഇപ്പോൾ ദുനകെയുടെ ജീവനെടുത്ത കാരണമായും ലോറൻസ് ഗ്യാങ്ങ് പറയുന്നത്. കഴിഞ്ഞ വർഷം മേയ് 29നായിരുന്നു മൂസാവാലയെ വെടിവച്ച് കൊന്നത്. ഇന്ത്യയിൽ നിരവധി കേസുകളുള്ള ദുനകെ 2017ലാണ് വ്യാജ രേഖകൾ ഉപയോഗിച്ച് കാനഡയിലേക്ക് കടന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |