തിരുവനന്തപുരം: പ്രശസ്‌ത സംഗീതജ്ഞൻ ചേർത്തല ഗോപാലൻനായരുടെ ജന്മശതാബ്ദിയുടെ ഭാഗമായി അദ്ദേഹത്തെ അനുസ്‌മരിക്കാൻ ' സ്‌മര രേ ഗോപാലം ' എന്ന പേരിൽ സംഗീതാർച്ചന നടത്തും. സൂര്യയും ചേർത്തല ഗോപാലൻ നായർ ഫൗണ്ടേഷനും സംയുക്തമായി സംഘടിപ്പിക്കുന്ന സംഗീതോത്സവം 25,26,27 തിയതികളിൽ തൈക്കാട് ഗണേശത്തിലാണ് അരങ്ങേറുന്നത്.
25ന് വൈകിട്ട് 6.15ന് മുൻ ചീഫ് സെക്രട്ടറി ആർ.രാമചന്ദ്രൻ നായർ സ്‌മര രേ ഗോപാലം എന്ന പുസ്‌തകം പ്രൊഫ. പാൽക്കുളങ്ങര അംബികാ ദേവിക്ക് നൽകി പ്രകാശനം ചെയ്യും. ഡോ.കെ.ഓമനക്കുട്ടി അനുസ്‌മരണ പ്രഭാഷണം നടത്തും. തുടർന്ന് കെ.കൃഷ്ണകുമാറും ബിന്നി കൃഷ്ണകുമാറും അവതരിപ്പിക്കുന്ന സംഗീതക്കച്ചേരി നടക്കും. 26ന് വൈകിട്ട് ചേർത്തല ഗോപാലൻ നായരുമായി ബന്ധപ്പെട്ട് പ്രവർത്തിച്ച സംഗീതജ്ഞരെ ആദരിക്കും. തുടർന്ന് ശ്രീവൽസൻ ജെ.മേനോന്റെ കച്ചേരി നടക്കും. 27ന് വൈകിട്ട് പി. ഉണ്ണിക്കൃഷ്ണന്റെ കച്ചേരിയോടെ പരിപാടി സമാപിക്കും.
ശുദ്ധസംഗീതത്തിന്റെ ഉപാസകനായിരുന്ന ഗോപാലൻനായർ ഏകദേശം അഞ്ഞൂറിൽപ്പരം കൃതികൾ ചിട്ടപ്പെടുത്തിയിട്ടുണ്ട്. സ്വാതിതിരുനാളിന്റെയും ഇരയിമ്മൻതമ്പിയുടെയും കൃതികൾക്ക് തനതായ ശൈലിയിൽ സംഗീതം നൽകി സംഗീതാസ്വാദകരുടെ ആദരവ് പിടിച്ചുപറ്റി. 'അടിമലരിണ തന്നെ കൃഷ്ണ..' എന്ന മുഖാരി രാഗത്തിലുള്ള ഗുരുവായൂരപ്പനെ സ്‌തുതിച്ചുകൊണ്ടുള്ള ഇരയിമ്മൻതമ്പിയുടെ മനോഹരമായ ഗാനത്തിന് സംഗീതം നൽകിയത് ഗോപാലൻനായരായിരുന്നു. അദ്ദേഹം സംഗീതം നൽകി പ്രചാരത്തിൽ വന്ന ആദ്യ കൃതി ഇതായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |