# കാസർകോട് കളക്ടർ 25 ന് ഓൺലൈനിൽ ഹാജരാകണം
കൊച്ചി: എൻഡോസൾഫാൻ ദുരിത ബാധിതർക്കായി നിർമ്മിച്ച വീടുകളുടെ ജീർണാവസ്ഥ പരിശോധിച്ചു റിപ്പോർട്ടു നൽകണമെന്ന ഉത്തരവ് പാലിക്കാത്തതിന് കാസർകോട് ജില്ലാ കളക്ടർക്ക് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. സർക്കാരിന്റെ കൊട്ടാര തുല്യമായ ബംഗ്ളാവുകളിൽ താമസിക്കുന്ന ഉദ്യോഗസ്ഥർക്ക് എൻഡോസൾഫാൻ ബാധിതരുടെ അവസ്ഥ മനസിലാകുന്നില്ലേയെന്നു ചോദിച്ച ഹൈക്കോടതി, ഹർജി സെപ്തംബർ 25 നു വീണ്ടും പരിഗണിക്കുമ്പോൾ കളക്ടർ ഓൺലൈൻ മുഖേന ഹാജരായി വിശദീകരണം നൽകാനും ഉത്തരവിട്ടു.
എൻഡോസൾഫാൻ ബാധിതർക്കായി തങ്ങൾ നിർമ്മിച്ച വീടുകൾ യഥാസമയം കൈമാറാത്തതിനാൽ ജീർണാവസ്ഥയിലാണെന്നു ചൂണ്ടിക്കാട്ടി സത്യസായി ഓർഫനേജ് ട്രസ്റ്റ് നൽകിയ ഹർജിയിൽ ജസ്റ്റിസ് ദേവൻ രാമചന്ദ്രനാണ് കളക്ടർക്കെതിരെ വിമർശനമുന്നയിച്ചത്. 81 വീടുകളാണ് ഹർജിക്കാർ നിർമ്മിച്ചു നൽകിയത്. ഇവയിൽ പലതും കൈമാറാത്തതിനാൽ ജീർണാവസ്ഥയിലാണെന്നും പുനർനിർമ്മിക്കാൻ 24 ലക്ഷം രൂപ വേണമെന്നും ഹർജിക്കാർ വ്യക്തമാക്കിയിരുന്നു. ഇത് ഗുരുതരമായ സാഹചര്യമാണെന്ന് അഭിപ്രായപ്പെട്ട ഹൈക്കോടതി ജില്ലാ കളക്ടർ സ്ഥലം സന്ദർശിച്ച് റിപ്പോർട്ടു നൽകാനും ഉത്തരവിട്ടു. എന്നാൽ ഇന്നലെ ഹർജി പരിഗണിച്ചപ്പോൾ കളക്ടറിൽ നിന്ന് വിശദീകരണം ലഭിച്ചിട്ടില്ലെന്ന് സർക്കാർ അഭിഭാഷകൻ അറിയിച്ചു. തുടർന്നാണ് ഹൈക്കോടതി കളക്ടറുടെ നടപടിയെ രൂക്ഷമായി വിമർശിച്ചത്.
'ജില്ലാ കളക്ടർ വിഷയത്തിന്റെ ഗൗരവം മനസിലാക്കണമായിരുന്നു. എൻഡോസൾഫാൻ ഇരകളുടെ സ്ഥിതി എന്താണെന്നും അറിയണം. അവർക്കു വീടു നൽകാനാവുന്നില്ല. നിർമ്മിച്ച വീടുകൾ നൽകാനും സമ്മതിക്കുന്നില്ല. ദന്ത ഗോപുരങ്ങളിലിരുന്നാണ് നാം സംസാരിക്കുന്നത്. സൗജന്യമായി നിർമ്മിച്ചു നൽകുന്ന വീടുകൾ ഉപയോഗശൂന്യമായിപ്പോകുന്നത് കുറ്റകരമായ അവസ്ഥയാണ്. ദുരിതബാധിതരിൽ പലരും വാടക വീടുകളിലാണ് കഴിയുന്നത്' .
- ഹൈക്കോടതി
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |