കാസർകോട്: മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസിൽ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ അടക്കമുള്ള ആറ് പ്രതികൾ മൂന്നാംതവണയും ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ ഹാജരായില്ല. ഇന്നലെ രാവിലെ കേസ് കോടതി പരിഗണിക്കാനിരിക്കെയാണ് പ്രതികൾ ഹാജരായില്ലെന്ന വിവരം പ്രതിഭാഗം അഭിഭാഷകൻ അറിയിച്ചത്. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രതിഭാഗം കോടതിയിൽ വിടുതൽ ഹർജി സമർപ്പിക്കുകയും ചെയ്തിട്ടുണ്ട്.
കേസെടുത്തത് നിയമാനുസൃതമല്ലെന്നും അതിനാൽ നിയമപരമായി നിലനിൽക്കില്ലെന്നുമാണ് ഹർജിയിൽ വ്യക്തമാക്കിയിരിക്കുന്നത്. എസ്.സി, എസ്.ടി ആക്ടും ഈ കേസിൽ നിലനിൽക്കില്ലെന്ന് പ്രതികൾ നൽകിയ ഹർജിയിൽ പറയുന്നു. തുടർന്ന് കേസ് ഒക്‌ടോബർ നാലിലേക്ക് മാറ്റിവെക്കുകയായിരുന്നു. അന്ന് പ്രതിഭാഗം ഹരജിയിൽ കോടതി വാദം കേൾക്കും. പ്രതികൾ ഇനി കോടതിയിൽ ഹാജരാകണോ വേണ്ടയോയെന്ന് വാദത്തിന് ശേഷം കോടതി തീരുമാനിക്കും.
കഴിഞ്ഞ രണ്ട് തവണ നോട്ടീസയച്ചിട്ടും പ്രതികൾ ഹാജരാകാതിരുന്നതിൽ കോടതി അതൃപ്തി പ്രകടിപ്പിച്ചിരുന്നു. ഈ മാസം 12ന് പരിഗണിച്ച കോടതി പ്രതികൾ ഹാജരാകാതിരുന്നതിനാൽ 21ലേക്ക് കേസ് മാറ്റിവെക്കുകയായിരുന്നു. 21ന് പ്രതികൾ ഹാജരാകണമെന്നാണ് കോടതി കർശന നിർദ്ദേശം നൽകിയത്. മൂന്നാംതവണയും പ്രതികൾ ഹാജരാകാതിരുന്നതിനാൽ കോടതി അടുത്ത നടപടികളിലേക്ക് നീങ്ങാനിരിക്കെയാണ് പ്രതിഭാഗം വിടുതൽ ഹർജി നൽകിയത്.
2021ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ മഞ്ചേശ്വരം മണ്ഡലത്തിൽ ബി.എസ്.പി സ്ഥാനാർത്ഥിയായിരുന്ന കെ. സുന്ദരയെ സ്ഥാനാർത്ഥിത്വം പിൻവലിപ്പിക്കാൻ രണ്ടര ലക്ഷം രൂപയും സ്മാർട്ട് ഫോണും വാഗ്ദാനം ചെയ്യുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് കേസ്. കെ. സുരേന്ദ്രനെ കൂടാതെ യുവമോർച്ച സംസ്ഥാന ട്രഷറർ സുനിൽ നായക്, ബി.ജെ.പി മുൻ ജില്ലാ പ്രസിഡന്റ് കെ.ബാലകൃഷ്ണഷെട്ടി, ബി.ജെ.പി നേതാക്കളായ കെ.സുരേഷ് നായക്, മണികണ്ഠറൈ, ലോകേഷ് നോണ്ട എന്നിവരും കേസിൽ പ്രതികളാണ്. എസ്.സി എസ്.ടി ആക്ട് പ്രകാരം ജാമ്യമില്ലാ കുറ്റം ചുമത്തിയാണ് കേസെടുത്തിരുന്നത്. ആദ്യം ലോക്കൽ പൊലീസ് അന്വേഷിച്ച കേസ് പിന്നീട് ക്രൈംബ്രാഞ്ച് ഏറ്റെടുത്താണ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |