ന്യൂയോർക്ക് : നിത്യജീവിതത്തിൽ നമുക്ക് ഏറ്റവും കൂടുതൽ ഉപകാരമുള്ള ഒന്നാണ് ബാറ്ററികൾ. ടെലിവിഷൻ റിമോട്ട് മുതലുള്ള ബാറ്ററിയുടെ സാന്നിദ്ധ്യം നമുക്ക് ഒഴിവാക്കാനാകില്ല. എന്നാൽ പതിനായിരക്കണക്കിന് വർഷങ്ങൾ ആയുസുള്ള ഒരു ബാറ്ററിയെ പറ്റി കേട്ടിട്ടുണ്ടോ ? നിലവിൽ അങ്ങനൊന്നില്ലെങ്കിലും അധികം വൈകാതെ അത്തരമൊരു സൂപ്പർ ബാറ്ററി നിർമ്മിക്കാനുള്ള നീക്കങ്ങളിലാണ് യു.എസ് സ്റ്റാർട്ടപ്പായ നാനോ ഡയമണ്ട് ബാറ്ററി എന്ന കമ്പനി. 28,000 വർഷമാണ് ഇവർ തങ്ങളുടെ 'റേഡിയോആക്ടീവ് ഡയമണ്ട് ബാറ്ററി'ക്ക് ആയുസ് പറയുന്നത്. ആണവ മാലിന്യങ്ങളിൽ നിന്നുള്ള റേഡിയോ ആക്ടീവ് ഐസോടോപ്പുകളെയും നാനോ ഡയമണ്ട് പാളികളെയും സംയോജിപ്പിച്ച് നിർമ്മിക്കുന്ന ഈ സൂപ്പർ ബാറ്ററി ഒരൊറ്റ ചാർജിലൂടെ ആയിരക്കണക്കിന് വർഷങ്ങൾ പ്രവർത്തിക്കുമത്രേ. ഡയമണ്ട് താപത്തെ വളരെ വേഗത്തിൽ കടത്തി വിടുന്നു. ബാറ്ററിയിലെ ഓരോ മൈക്രോ ഡയമണ്ട് ക്രിസ്റ്റലുകളും റേഡിയോആക്ടീവ് ഐസോടോപ്പ് വസ്തുക്കളിൽ നിന്നുള്ള താപത്തെ അതിവേഗത്തിൽ നീക്കം ചെയ്യുകയും ഈ പ്രക്രിയയിലൂടെ വൈദ്യുതി ഉത്പാദിപ്പിക്കപ്പെടുകയും ചെയ്യുന്നു. മനുഷ്യർക്ക് ഈ ബാറ്ററി സുരക്ഷിതമാണെന്നും സ്പേസ് ഏജൻസികൾ അടക്കമുള്ളവയുടെ ദീർഘകാല ദൗത്യങ്ങൾക്ക് ഈ ബാറ്ററി ഉപയോഗപ്രദമാകുമെന്നും കമ്പനി പറയുന്നു. രണ്ട് വർഷം മുമ്പാണ് ഇവർ തങ്ങളുടെ ബാറ്ററി പദ്ധതി പ്രഖ്യാപിച്ചത്. സ്മാർട്ട്ഫോണുകൾക്കും ഇലക്ട്രിക് കാറുകൾക്കും ഉപയോഗിക്കാൻ കഴിയുന്ന തരത്തിൽ പത്ത് വർഷത്തിലേറെ ചാർജ് ചെയ്യാതെ ഉപയോഗിക്കാനാകുന്ന ബാറ്ററിയുടെ ഗവേഷണങ്ങളും തങ്ങൾ നടത്തുന്നതായി ഇവർ അവകാശപ്പെട്ടിരുന്നു. അധികം വൈകാതെ സൂപ്പർ ബാറ്ററിയെ പുറത്തിറക്കാനുള്ള ശ്രമങ്ങളിലാണ് കമ്പനിയെന്നാണ് റിപ്പോർട്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |