ഒട്ടാവ : ഈ മാസം 9, 10 തീയതികളിൽ ന്യൂഡൽഹിയിൽ നടന്ന ജി 20 ഉച്ചകോടിയിൽ പങ്കെടുക്കാനെത്തിയ കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ അദ്ദേഹത്തിന് ഒരുക്കിയ പ്രസിഡൻഷ്യൽ സ്യൂട്ടിൽ താമസിക്കാൻ വിസമ്മതിച്ചെന്ന് റിപ്പോർട്ട്. പകരം അതേ ഹോട്ടലിലെ തന്നെ സാധാരണ മുറിയിലാണ് ട്രൂഡോ താമസിച്ചത്.
ലളിത് ഹോട്ടലിലാണ് ട്രൂഡോയ്ക്കായി സുരക്ഷാ പ്രോട്ടോക്കോളുകളോട് കൂടിയ ബുള്ളറ്റ് പ്രൂഫ് വി.വി.ഐ.പി സ്യൂട്ട് ഒരുക്കിയത്. സുരക്ഷാ പ്രോട്ടോക്കോൾ ചൂണ്ടിക്കാട്ടി ട്രൂഡോയോട് പ്രസിഡൻഷ്യൽ സ്യൂട്ടിലേക്ക് മാറാൻ ഇന്ത്യൻ സുരക്ഷാ ഉദ്യോഗസ്ഥർ അഭ്യർത്ഥിച്ചെങ്കിലും അദ്ദേഹം തയാറായില്ലെന്നാണ് വിവരം.
ചെലവ് ചുരുക്കാനാണ് സാധാരണ മുറി തിരഞ്ഞെടുത്തതെന്നായിരുന്നു ട്രൂഡോയുടെ സംഘം ഇന്ത്യൻ സുരക്ഷാ ഏജൻസികളോട് പറഞ്ഞത്രേ. എന്നാൽ, ഇരുരാജ്യങ്ങൾക്കുമിടയിലെ പ്രശ്നങ്ങൾ മുൻനിറുത്തി കനേഡിയൻ സുരക്ഷാ ഉദ്യോഗസ്ഥരുടെ നിർദ്ദേശ പ്രകാരമാകാം ട്രൂഡോ ഇത്തരമൊരു തീരുമാനമെടുത്തതെന്നും സൂചനയുണ്ട്.
സെപ്തംബർ 10ന് ഇന്ത്യയിൽ നിന്ന് മടങ്ങാനായിരുന്നു ട്രൂഡോയും സംഘവും നിശ്ചയിച്ചിരുന്നതെങ്കിലും അദ്ദേഹത്തിന്റെ എയർബസ് വിമാനത്തിലെ സാങ്കേതിക തകരാർ മൂലം പുറപ്പെടാനായില്ല. ഇന്ത്യ ' എയർ ഇന്ത്യാ വൺ ' വിമാനം നൽകാമെന്ന് അറിയിച്ചെങ്കിലും ഇത് നിരസിച്ച ട്രൂഡോ സെപ്തംബർ 12ന് കാനഡയിൽ നിന്ന് പകരമെത്തിയ വിമാനത്തിലാണ് മടങ്ങിയത്.
ഇതിന് പിന്നാലെയാണ് ഖാലിസ്ഥാൻ ഭീകരൻ ഹർദീപ് സിംഗ് നിജ്ജാറിന്റെ കൊലയ്ക്ക് പിന്നിൽ ഇന്ത്യക്ക് ബന്ധമുണ്ടെന്ന് വിശ്വസനീയമായ ആരോപണങ്ങളുണ്ടെന്ന് കനേഡിയൻ പാർലമെന്റിൽ ട്രൂഡോ ഉന്നയിച്ചതും ഇന്ത്യയുമായുള്ള നയതന്ത്ര ഭിന്നത രൂക്ഷമായതും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |