കൽപ്പറ്റ: ഗുരുവായൂരിൽ കണ്ടെത്തിയ അമ്മയേയും അഞ്ച് മക്കളെയും വയനാട്ടിലെത്തിച്ചു. നാലു ദിവസം മുമ്പ് കാണാതായ കൂടൊത്തുമ്മലിൽ താമസിക്കുന്ന വിമിജ (40)യെയും കുട്ടികളെയുമാണ് കൽപ്പറ്റയിലെ സ്നേഹിതയിലെത്തിച്ചത്.
കുടുംബത്തിന് സ്വന്തമായി വീടില്ല. മത്സ്യത്തൊഴിലാളിയായ ഭർത്താവ് ബാബു കണ്ണൂരിലാണ് ജോലി ചെയ്യുന്നത്. നീണ്ടനാളുകളായി വാടക വീട്ടിലായിരുന്നു താമസം. അവിടെനിന്ന് മാറേണ്ട സാഹചര്യം വന്നതോടെ ഭർത്താവിന്റെ സഹോദരിയുടെ വീട്ടിലേക്ക് പോയി. ഇത്രയും നാൾ അവിടെയായിരുന്നു താമസം. കുടുംബ പ്രശ്നം മൂലമാണ് താൻ വീട് വിട്ടിറങ്ങിയതെന്നാണ് യുവതി പൊലീസിനോട് പറഞ്ഞത്. ബന്ധുവീട്ടിലേക്ക് പോകാൻ താത്പര്യമില്ലെന്ന് അറിയിച്ചതിനെത്തുടർന്നാണ് സ്‌നേഹിതയിലേക്ക് മാറ്റിയത്.
ഈ മാസം 18നാണ് യുവതിയേയും മക്കളെയും കാണാതായത്. തുടർന്ന് കമ്പളക്കാട് പൊലീസിൽ പരാതി നൽകി. യുവതിയുടെ ഫോൺ ലൊക്കേഷൻ ട്രാക്ക് ചെയ്ത പൊലീസ് ഷൊർണൂരിലെ ബന്ധുവിന്റെ കടയിലെത്തി പണം കടം വാങ്ങിയതായി കണ്ടെത്തി. ഇത് കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് വൈകിട്ട് ആറരയോടെ ഗുരുവായൂർ എ.എസ്.ഐ കൃഷ്ണകുമാറിന്റെ നേതൃത്വത്തിലുള്ള കൺട്രോൾ റൂമിലെ പൊലീസ് സംഘം ഇവരെ ഗുരുവായൂർ ക്ഷേത്രത്തിൽ കണ്ടെത്തിയത്.
ക്ഷേത്രക്കുളത്തിന് സമീപത്തെ അന്നലക്ഷ്മി ഹാളിൽ പ്രസാദ ഊട്ട് കഴിക്കാനുള്ള വരിയിൽ രാത്രി ഏഴോടെയാണ് കണ്ടെത്തിയത്. ഫറോക്ക്, രാമനാട്ടുകര, കണ്ണൂർ, ഷൊർണൂർ എന്നിവിടങ്ങളിലും അമ്മയും മക്കളും എത്തിയിരുന്നുവെന്ന് പൊലീസ് പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |