മലപ്പുറം: വിദേശ രാജ്യങ്ങളിൽ വില്പനക്കാരില്ലാത്ത കടകളിൽ പണപ്പെട്ടിയിൽ പണം നിക്ഷേപിച്ച് ആവശ്യാനുസരണം സാധനങ്ങൾ എടുത്തുകൊണ്ട് പോവുന്ന സംവിധാനമുണ്ട്. എന്നാൽ നമ്മുടെ നാട്ടിലിത് അത്ര പരിചിതമല്ല. എടക്കരയിലെ പാർളിയിൽ ഇത്തരത്തിൽ ജാസ് എന്ന പേരിൽ റെന്റ് ഹൗസും ചായക്കടയും ആരംഭിച്ചിരിക്കുകയാണ് പ്രദേശവാസികളും സുഹൃത്തുക്കളായ ജിന്റോ (22), അഭിഷേക് (22), അഭിജിത്ത് (24) എന്നിവർ.
ഈ ചായക്കടയിലും റെന്റ് ഹൗസിലും ജീവനക്കാരായി ഒരാളും ഉണ്ടാകില്ല. ആർക്കും എപ്പോൾ വേണമെങ്കിലും ഇവിടെയെത്തി സ്വിച്ച് അമർത്തി ചായയും കാപ്പിയും കുടിയ്ക്കാം. വാടകക്ക് വെച്ചിരിക്കുന്ന നിർമ്മാണ സാമഗ്രികൾ ഫോണിൽ വിളിച്ച് പറഞ്ഞ് കൊണ്ടുപോകാം. ആവശ്യം കഴിഞ്ഞ് തിരികെ എത്തിക്കുമ്പോൾ വാടക പെട്ടിയിലിടുകയോ ഗൂഗിൾ പേ ചെയ്യുകയോ ചെയ്താൽ മതി. കൊട്ട, കൈക്കോട്ട്, കോരി, ചട്ടി, കാർ വാഷ് മെഷീൻ, ഉന്തുവണ്ടി തുടങ്ങി നിരവധി ഉപകരണങ്ങളാണ് റെന്റ് ഹൗസിൽ ഉള്ളത്. എട്ട് മാസം മുമ്പാണ് റെന്റ് ഹൗസ് ആരംഭിച്ചത്. രണ്ട് മാസം മുമ്പ് ഇതിനോട് ചേർന്ന് ചായക്കടയും സ്ഥാപിച്ചു.
ഒരു ചായ കുടിക്കണമെങ്കിൽ നേരത്തെ പാർളിക്കാർക്ക് ഒരുകിലോമീറ്റർ സഞ്ചരിച്ച് ബാർബർമുക്ക് വരെ പോവണമായിരുന്നു. ഇതിനൊരു പരിഹാരം എന്ന നിലയിലാണ് സ്വന്തമായി എടുത്ത് കുടിക്കാൻ സാധിക്കുന്ന രീതിയിലുള്ള ചായയും കാപ്പിയും ചൂടുവെള്ളവും ലഭിക്കുന്ന മെഷീൻ മൂവരും ചേർന്ന് സ്ഥാപിച്ചത്. ആർക്കും ചായയും കാപ്പിയും മെഷീൻ പ്രസ് ചെയ്ത് എടുത്ത് കുടിയ്ക്കാം. 10 രൂപ പെട്ടിയിൽ നിക്ഷേപിച്ചാൽ മതി.
ചൂടുവെള്ളം സൗജന്യമാണ്. മെഷീനിന് അരികെ ഗ്ലാസും വേസ്റ്റ് കവറും വെച്ചിട്ടുണ്ടാകും. രാവിലെ ഏഴ് മുതൽ രാത്രി 8.30 വരെയാണ് പ്രവർത്തനം. മെഷീനിൽ അമർത്തിയാൽ എത്ര ആളുകൾ ചായയും കാപ്പിയും കുടിച്ചെന്ന കണക്ക് ലഭിക്കുമെന്നും ഇതുവരെയും ആരും പറ്റിച്ചിട്ടില്ലെന്നും ഇവർ പറയുന്നു.
അഭിഷേകിന്റെ അച്ഛന്റെ പേരിലുള്ള സ്ഥലത്താണ് ചായക്കടയും റെന്റ് ഹൗസുമുള്ളത്. മൂന്ന് പേരുടെയും പേരിലെ ആദ്യ അക്ഷരങ്ങൾ ചേർത്താണ് ജാസ് എന്ന് പേരിട്ടിരിക്കുന്നത്. ജിന്റോയും അഭിഷേകും ചുങ്കത്തറ മാർത്തോമാ കോളേജിലെ എം.കോം രണ്ടാം വർഷ വിദ്യാർത്ഥികളാണ്. അഭിജിത്ത് വെൽഡിംങ് തൊഴിലാളിയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |