കണ്ണൂർ: കേരളകർണാടക അതിർത്തിയായ മാക്കൂട്ടം ചുരത്തിൽ ട്രോളി ബാഗിലാക്കിയ നിലയിൽ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം കണ്ണവത്തേക്കും വ്യാപിപ്പിച്ചു. ഇതുവരെ കൊല്ലപ്പെട്ടത് ആരാണെന്ന് വ്യക്തമാകാത്ത സാഹചര്യത്തിൽ കണ്ണവത്ത് നിന്ന് കാണാതായ യുവതിയാണോയെന്ന സംശയത്തിലാണ് അന്വേഷണസംഘം.
കൊല്ലപ്പെട്ടത് 25നും 30നും ഇടയിൽ പ്രായമുള്ള യുവതിയാണെന്ന് വ്യക്തമായിട്ടുണ്ട്. കഴിഞ്ഞ തിങ്കളാഴ്ചയാണ് തലശ്ശേരി മൈസൂർ അന്തർ സംസ്ഥാനപാതയിലെ മാക്കൂട്ടം ചുരത്തിൽ യുവതിയുടെ മൃതദേഹം ട്രോളി ബാഗിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. കുടക് ജില്ലയിൽ നിന്ന് കാണാതായ നാല് യുവതികളെ കേന്ദ്രീകരിച്ചായിരുന്നു ആദ്യ അന്വേഷണം. എന്നാൽ മൃതദേഹം ഇവരുടേതല്ലെന്ന് കണ്ടെത്തിയതോടെയാണ് പൊലീസിന്റെ സംശയം കണ്ണൂർ കണ്ണവം പൊലീസ് സ്റ്റേഷൻ പരിധിയിൽ നിന്നും കാണാതായ യുവതിയിലേക്ക് തിരിഞ്ഞത്.
വിരാജ്‌പേട്ട റൂറൽ സി.ഐ ശിവരുദ്രയുടെ നേതൃത്വത്തിലുള്ള സംഘം കണ്ണവത്ത് യുവതിയുടെ വീട്ടിലെത്തി വിശദാംശങ്ങൾ ശേഖരിച്ചു. ഡി.എൻ.എ പരിശോധനയ്ക്കായി അമ്മയുടെ രക്ത സാമ്പിൾ ശേഖരിച്ചു. ഇതിനിടെ ഊട്ടിയിൽ നിന്ന് നിന്ന് കാണാതായ ഒരു യുവതിയെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്. മൃതദേഹത്തിന്റെ പഴക്കം കണക്കാക്കി രണ്ടാഴ്ച മുൻപ് സംസ്ഥാന അതിർത്തിയായ കൂട്ടുപുഴ പെരുമ്പാടി വഴി കടന്നുപോയ വാഹനങ്ങളുടെ സി.സി ടി.വി ദൃശ്യങ്ങളും പരിശോധിക്കുന്നുണ്ട്.മൃതദേഹം കണ്ടെത്തിയ സ്ഥലത്തിന് അടുത്ത പ്രദേശമാണ് കണ്ണവമെന്നതാണ് സംശയത്തിന് കാരണം.
യുവതിയെ കാണാതായത് കഴിഞ്ഞ മാസം
കണ്ണവം: കഴിഞ്ഞ മാസം 28ന് രാവിലെയാണ് കണ്ണവം പൊലീസ് സ്റ്റേഷൻ പരിധിയിൽ പെട്ട തൊടീക്കളത്തെ ബാബുവിന്റെ ഭാര്യ ടി.രമ്യയെ(31) കാണാതായത്.ജോലി ആവശ്യാർത്ഥം വീട്ടിൽ നിന്നും പോയ ഇവർ പിന്നീട് തിരിച്ചെത്തിയിട്ടില്ല. മൊബൈൽ ഫോൺ ഉപയോഗിക്കാത്തതിനാൽ ഇവരെ ബന്ധപ്പെടാനും ബന്ധുക്കൾക്കു കഴിഞ്ഞില്ല. തുടർന്നാണ് ബന്ധു പൊലീസിൽ പരാതി നൽകിയത്. ഇവരെ ഇത്തരത്തിൽ നേരത്തെയും വീട്ടിൽ നിന്നും പോയിട്ടുണ്ടെങ്കിലും തിരിച്ചെത്തിയിരുന്നു. കാണാതാകുമ്പോൾ ചുരിദാറായിരുന്നു ഇവരുടെയും വേഷം.
മാക്കൂട്ടം ചുരത്തിൽ കണ്ടെത്തിയ മൃതദേഹത്തിലുംചുരിദാറാണ് കണ്ടെത്തിയത്. ഈ യുവതിയുടെ ബന്ധുക്കൾ മടിക്കേരിയിലെത്തി ചുരത്തിൽ നിന്നും കണ്ടെത്തിയ മൃതദേഹം കണ്ടെങ്കിലും സ്ഥിരീകരിച്ചില്ല . ഇവരുടെ ദേഹത്തുണ്ടായിരുന്ന വസ്ത്രവും തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല. മൃതദേഹം കണ്ണവം സ്വദേശിനിയുടേതാകാൻ തൊണ്ണൂറ് ശതമാനവും സാധ്യതയില്ലെന്നാണ് ബന്ധുക്കൾ മൊഴി നൽകിയത്. എന്നാൽ ഈക്കാര്യം ഇതുവരെ സ്ഥിരീകരിക്കാൻ പൊലീസ് തയ്യാറായിട്ടില്ല.
ശാസ്ത്രീയ പരിശോധനയിൽ 25നും 35നും മദ്ധ്യേയുള്ള യുവതിയുടേതാണ് മൃതദേഹമെന്നതിന്റെ അടിസ്ഥാനത്തിലാണ് രമ്യയിലേക്ക് പൊലീസിന്റെ ശ്രദ്ധ തിരിഞ്ഞത്.
കണ്ണപുരത്തെ ഇരുപതുകാരിയേയും അന്വേഷിക്കുന്നു
ഇരിട്ടി: മാക്കൂട്ടം ചുരം റോഡിൽ ട്രോളിബാഗിൽ കണ്ടെത്തിയ യുവതിയുടെ മൃതശരീരം വീരാജ് പേട്ട സി.ഐ ശിവരുദ്രയുടെ നേതൃത്വത്തിലുള്ള അന്വേഷണം സംഘം കണ്ണപുരത്തേക്കും വ്യാപിപ്പിച്ചു. കണ്ണപുരം പോലീസ് സ്റ്റേഷൻ പരിധിയിലും പെൺകുട്ടിയെ കാണാതായിട്ടുണ്ടെന്ന വിവരത്തെ തുടർന്നായിരുന്നു കണ്ണപുരത്തെ അന്വേഷണം. കണ്ണപുരത്തുനിന്നും കാണാതായ പെൺകുട്ടിക്ക് 20 വയസാണ് പൊലീസ് രേഖപെടുത്തിയിരുന്നത്.
പോലീസിന്റെ ശാസ്ത്രീയ പരിശോധനയിൽ കൊല്ലപ്പെട്ട യുവതിക്ക് 25 നും 35നും ഇടയിൽ പ്രായമുണ്ടെന്ന് കണ്ടെത്തിയിരുന്നു. കണ്ണവത്ത് നിന്ന് കാണാതായ യുവതിക്കും 31 വയസെന്നാണ് കണ്ണവം പോലീസിൽ നൽകിയ പരാതിയിൽ പറഞ്ഞിരിക്കുന്നത്. ചുരം പാതയിൽ നിരീക്ഷണം ശക്തമാക്കിയ പൊലീസ് സി സി ടി.വി ദ്രശ്യങ്ങൾ പരിശോധിച്ചു വരികയാണ്. മൃതദേഹത്തിന്റെ പഴക്കം കണക്കാക്കി അതിനടുത്ത ദിവസങ്ങളിലെ സിസി ടി.വി ദൃശ്യങ്ങളാണ് പൊലീസ് ഇപ്പോൾ ശേഖരിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |