മലയാളികൾക്ക് ഓർത്ത് വയ്ക്കാൻ കഴിയുന്ന ഒരുപിടി നല്ല കഥാപാത്രങ്ങളെ അവതരിപ്പിച്ച നടനാണ് സിദ്ദിഖ്. തമാശയായാലും വില്ലൻ വേഷമായാലും അദ്ദേഹത്തിന്റെ കെെയിൽ ഭദ്രം. തന്റെ അറുപത്തിമൂന്നാം വയസിലും സിനിമയ്ക്കായി ശരീരത്തെ പാകപ്പെടുത്താൻ സിദ്ദിഖ് മടിക്കാറില്ല. അതിനൊരു വലിയ ഉദാഹരണമാണ് അടുത്തിടെ പുറത്തുവന്ന അദ്ദേഹത്തിന്റെ ഫോട്ടോകൾ.
കുറച്ച് ദിവസം മുൻപ് ജിമിൽ ഇരിക്കുന്ന ഒരു ചിത്രം സിദ്ദിഖ് തന്റെ ഫേസ്ബുക്കിൽ പങ്കുവച്ചിരുന്നു. അറുപത്തിമൂന്ന് വയസ് ആയെന്ന് പറയില്ല. ഇപ്പോഴും തന്റെ ശരീരം സിനിമയ്‌ക്കായി ഫിറ്റാക്കിവയ്ക്കാൻ അദ്ദേഹം ശ്രമിക്കുന്നു. പുതിയ ചിത്രത്തിന് നിരവധി കമന്റുകളും വന്നിരുന്നു. 'റിവേഴ്സ് ഗിയർ ഇട്ടോ' എന്നും പുതിയ ലുക്ക് സൂപ്പറാണെന്നും പലരും കമന്റ് ചെയ്തു.
വനിത മാഗസിനിന് വേണ്ടി ഇതേ ലുക്കിൽ ഒരു ഫോട്ടോഷൂട്ട് നടത്തിയ ചിത്രങ്ങളും സിദ്ദിഖ് ഇന്ന് പങ്കുവച്ചു. പുതിയ അഭിമുഖത്തിൽ തന്റെ രൂപമാറ്റത്തെക്കുറിച്ച് അദ്ദേഹം പറഞ്ഞിട്ടുണ്ട്. 'രൂപമാറ്റത്തിനു ശ്രമിക്കുന്നത് മനഃപൂർവമാണ്. എന്റെ ലൂക്കിന് ഒരുപാട് പരിമിതികൾ ഉണ്ട്. പ്രത്യേകതയുള്ള കണ്ണുകളോ നോട്ടമോ ഒന്നും എനിക്കില്ല. പ്രേക്ഷകർക്ക് എന്നെ മടുക്കുമോ എന്ന പേടികൊണ്ടാണ് സിനിമയിലെ ലുക്സ് മാറ്റാറുള്ളത്.'- അദ്ദേഹം വ്യക്തമാക്കി.
അതേസമയം, ജീത്തു ജോസഫിന്റെ 'നേര്' ആണ് സിദ്ദിഖ് അഭിനയിക്കുന്ന പുതിയ സിനിമ. ഇതിൽ മോഹൻലാലിന്റെ എതിർഭാഗത്തുള്ള വക്കീലിന്റെ വേഷത്തിലാണ് സിദ്ദിഖ് എത്തുന്നത്. ദൃശ്യത്തിന് ശേഷം വീണ്ടും ജീത്തു ജോസഫിന്റെ ചിത്രത്തിൽ അഭിനയിക്കുന്നത് ഭാഗ്യമാണെന്നും സിദ്ദിഖ് പറഞ്ഞിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |