കൊല്ലം: മദ്യം എന്ന വ്യാജേന കുപ്പികളിൽ കോള നിറച്ച് വില്പന നടത്തിയിരുന്ന യുവാവിനെ പൊലീസ് പിടികൂടി. ചങ്ങൻകുളങ്ങര അയ്യപ്പാടത്ത് തെക്കതിൽ സതീഷ് കുമാറാണ് പിടിയിലായത് .ഓച്ചിറയ്ക്ക് സമീപത്തെ ബിവറേജ് ഷോപ്പിലും ബാറിലും മദ്യം വാങ്ങാനെത്തുവരായിരുന്നു ഇയാളുടെ ഇരകളിലേറെയും.
മദ്യം വാങ്ങാൻ വലിയ ക്യൂ ഉള്ളപ്പോഴും രാത്രിയിലുമായിരുന്നു ഇയാൾ തട്ടിപ്പ് നടത്തിയത്. വിദേശമദ്യമാണെന്ന തരത്തിൽ കുപ്പികളിൽ കോള നിറച്ച് ക്യൂനിൽക്കുന്നവർക്ക് സമീപത്തെത്തി നല്ല കിക്കുള്ളതും മുന്തിയതുമായ മദ്യം വിലകുറച്ച് നൽകാമെന്ന് വാഗ്ദാനം ചെയ്യും. നിരവധി പേരാണ് ഇത് വിശ്വസിച്ച് മദ്യം വാങ്ങിയത്. കുടിച്ചുകഴിയുമ്പോഴാണ് കബളിപ്പിക്കപ്പെട്ടതായി തിരിച്ചറിയുന്നത്.
ബിവറേജ് ഷോപ്പ് മാനേജർക്ക് തട്ടിപ്പ് സംബന്ധിച്ച് നിരവധി പരാതികൾ ലഭിച്ചതോടെ സി സി ടി വി ദൃശ്യങ്ങൾ പരിശോധിച്ചാണ് സതീഷ് കുമാറിനെ കണ്ടെത്തിയത്. തുടർന്ന് പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. ഓച്ചിറ പൊലീസ് കേസെടുത്തെങ്കിലും പരാതിക്കാരനില്ലാത്തതിനാൽ ജാമ്യത്തിൽ വിട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |