ന്യൂഡൽഹി: ലോക് സഭയിലും നിയമസഭകളിലും മൂന്നിലൊന്നുപേർ സ്ത്രീകളായിരിക്കണമെന്ന വ്യവസ്ഥ ഇനി ഇന്ത്യൻ ഭരണഘടനയുടെ ഭാഗം. കഴിഞ്ഞ ദിവസം ലോക് സഭ അംഗീകാരം നൽകിയ 128-ാം ഭരണഘടനാ ഭേദഗതി ബിൽ ഇന്നലെ രാജ്യസഭയും പാസാക്കിയതോടെ അത് സ്തീകളുടെ അവകാശമായി മാറി. പക്ഷേ, 2026ലെ മണ്ഡല പുനർനിർണയത്തിനുശേഷമുള്ള തിരഞ്ഞെടുപ്പുകൾക്കേ ബാധകമാവൂ.
215 വോട്ടു നൽകിയാണ് ബിൽ രാജ്യസഭ പാസാക്കിയത്. ഒ.ബി.സി വിഭാഗത്തിൽപ്പെട്ട വനിതകൾക്കും സംവരണം ബാധകമാക്കണമെന്ന ആവശ്യം രാജ്യസഭയിലും ഉയർന്നു. പുതിയ നിയമം ഉടനടി നടപ്പാക്കണമെന്നും പ്രതിപക്ഷ അംഗങ്ങൾ ശക്തമായി വാദിച്ചു.
ഒ.ബി.സി സംവരണത്തിനായി കേരളത്തിൽ നിന്നുള്ള ജെബി മേത്തർ അടക്കമുള്ള ഒൻപത് കോൺഗ്രസ് അംഗങ്ങൾ കൊണ്ടുവന്ന ഭേദഗതി വോട്ടിനിട്ട് തള്ളി. രാവിലെ കേന്ദ്രനിയമമന്ത്രി അർജ്ജുൻ മേഘ്‌വാൾ അവതരിപ്പിച്ച ബിൽ ഉടൻ തന്നെ ചർച്ചയ്‌ക്കെടുക്കുകയായിരുന്നു. നോമിനേറ്റഡ് അംഗം പി.ടി. ഉഷയായിരുന്നു ചെയറിൽ. കോൺഗ്രസ് അംഗം രഞ്ജിത രഞ്ജനാണ് ചർച്ചയ്‌ക്ക് തുടക്കമിട്ടത്.
നോട്ട് നിരോധനം നടപ്പാക്കിയതുപോലെ ചർച്ച ചെയ്യാതെയാണ് ബിൽ പാർലമെന്റിൽ കൊണ്ടുവന്നതെന്ന് അവർ കുറ്റപ്പെടുത്തി.
ബിൽ നടപ്പാക്കുന്നത് വർഷങ്ങളോളം നീട്ടിക്കൊണ്ടു പോകുന്നതിലുള്ള അതൃപ്തി കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുന ഖാർഗെ പ്രകടിപ്പിച്ചു. നാളെ ചെയ്യേണ്ടത് ഇന്നേ ചെയ്യണമെന്ന കബീറിന്റെ കവിത ഉദ്ധരിച്ചാണ് പ്രസംഗിച്ചത്. രാജ്യസഭയിലും വനിതാ സംവരണം വേണമെന്ന് വൈ.എസ്.ആർ.സി.പി അംഗം വി വിജയസായി റെഡ്ഡി ആവശ്യപ്പെട്ടു.
സഭ നിയന്ത്രിച്ചത് 13 വനിതകൾ
രാജ്യസഭയിൽ ചർച്ച നിയന്ത്രിച്ചത് ഉപാദ്ധ്യക്ഷ പാനലിലെ പി.ടി. ഉഷ അടക്കം 13 എം.പിമാർ.
അദ്ധ്യക്ഷക്കസേരയിലെ വനിതാ സാന്നിധ്യം ലോകത്തിന് ശക്തമായ സന്ദേശം നൽകുമെന്ന് സഭാ അദ്ധ്യക്ഷൻ ജഗ്‌ദീപ് ധൻകർ പറഞ്ഞു.
പി. ടി. ഉഷ, സ്‌പാൻഗ്‌നോൺ കൊന്യാക്, ജയ ബച്ചൻ, സരോജ് പാണ്ഡെ, രജനി അശോക്റാവു പാട്ടീൽ, ഫൗസിയ ഖാൻ, ഡോല സെൻ, ഇന്ദു ബാല ഗോസ്വാമി, കനിമൊഴി (എൻ.വി.എൻ സോമുവിന്റെ മകൾ), കവിതാ പട്ടിദാർ, മഹുവ മാജി, കൽപന സൈനി, സുലത ദേവ് എന്നിവരാണ് സഭ നിയന്ത്രിച്ചത്.
നടപടികൾ രേഖപ്പെടുത്താനുള്ള ചുമതല
വനിതകളായ സഭാ റിപ്പോർട്ടർമാർക്കായിരുന്നു. സന്ദർശക ഗാലറിയിൽ ബോളിവുഡ് താരം തമന്ന ഭാട്ടിയ അടക്കം നിരവധി വനിതകളും സന്നിഹിതരായിരുന്നു.
രാഷ്ട്രപതിയെ ക്ഷണിച്ചില്ലെന്ന പരാതിയുമായി ഉദയനിധി
പുതിയ പാർലമെന്റ് മന്ദിരം ഉദ്ഘാടനം ചെയ്ത ചടങ്ങിലേക്കും രാഷ്ട്രപതിയെ ക്ഷണിച്ചില്ല. എന്നാൽ ചില ഹിന്ദി നടിമാരെ പുതിയ പാർലമെന്റിലേക്ക് കൊണ്ടുപോയി. പക്ഷേ ഞങ്ങളുടെ രാഷ്ട്രപതിയെ ക്ഷണിച്ചില്ല. എന്തുകൊണ്ട്? എന്നീ ചോദ്യങ്ങളുമായി ഡിഎംകെ നേതാവ് ഉദയനിധി സ്റ്റാലിൻ രംഗത്തെത്തിയിരുന്നു.
ദ്രൗപദി മുർമു ഗോത്ര വിഭാഗത്തിൽ നിന്നുള്ളയാളാണ്. വിധവയാണ്. ഇതിനെയാണ് സനാതന ധർമം എന്ന് വിളിക്കുന്നതെന്നായിരുന്നു ഉദയനിധിയുടെ പരിഹാസം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |