ജ20 ഉച്ചകോടി ഡല്‍ഹിയില്‍ സമാപിച്ചപ്പോള്‍ അത് എല്ലാ വിധത്തിലും ഇന്ത്യയ്ക്ക് നേട്ടമായി എന്ന് വിലയിരുത്താം. 2022ല്‍ ബാലിയില്‍ സമ്മേളിച്ച ജി20 ഉച്ചകോടിയില്‍ റഷ്യ- യുക്രെയിൻ യുദ്ധത്തെച്ചൊല്ലി സഖ്യരാഷ്ട്രങ്ങള്‍ രണ്ട് തട്ടിലായിരുന്നു. റഷ്യയ്‌ക്കെതിരെ അമേരിക്ക , ഫ്രാന്‍സ് എന്നീ രാഷ്ട്രങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ ഒരു ചേരിയിലും റഷ്യ - ചൈന സഖ്യത്തില്‍ ഉള്ളവര്‍ മറുചേരിയിലുമായതോടെ ഉച്ചകോടിക്ക് അതിന്റെ പ്രഖ്യാപിതലക്ഷ്യം കൈവരിക്കാനായില്ല. 2023 ഇന്ത്യ ജി20യുടെ അദ്ധ്യക്ഷ പദവിയിലെത്തിയപ്പോഴും റഷ്യ- യുക്രെയിൻ യുദ്ധം തുടരുകയായിരുന്നു. പക്ഷം പിടിച്ചിരുന്ന രാഷ്ട്രങ്ങള്‍ വിയോജിപ്പുകള്‍ കൂടുതല്‍ ശക്തമായി പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. ഈയൊരു സാഹചര്യത്തില്‍ ജി-20 ഇന്ത്യന്‍ ഉച്ചകോടിയുടെ വിജയത്തെക്കുറിച്ച് രാജ്യാന്തരതലത്തില്‍ ആശങ്കകള്‍ നിറയുകയും ചെയ്തു. എന്നാല്‍ ലോകരാഷ്ട്രങ്ങളെയാകെ അത്ഭുതപ്പെടുത്തിക്കൊണ്ടാണ് ഇന്ത്യ നയതന്ത്രജ്ഞതയുടെ പാടവം പ്രകടിപ്പിച്ചത്. ഇന്ത്യയുടെ അദ്ധ്യക്ഷപദത്തിന് തുടക്കം മുതല്‍ വെല്ലുവിളികള്‍ നേരിടേണ്ടിവന്നുവെങ്കിലും ഇന്ത്യയുടെ സംഘടനാമികവിലും നേതൃപാടവത്തിലും എല്ലാം പരിഹരിക്കപ്പെടുകയായിരുന്നു.
റഷ്യയില്‍ നിന്ന് ഇന്ത്യ വളരെ കുറഞ്ഞ നിരക്കിലാണ് ഇപ്പോള്‍ എണ്ണ ഇറക്കുമതി ചെയ്യുന്നത്. റഷ്യയും ചൈനയും തമ്മിലുള്ള പങ്കാളിത്തങ്ങള്‍ ഇന്ത്യന്‍ താല്പര്യങ്ങള്‍ക്ക് പ്രതികൂലമാകാതെ നോക്കേണ്ടതും അടിയന്തര പ്രാധാന്യമര്‍ഹിക്കുന്ന കാര്യമാണ്.
ഇക്കാരണത്താല്‍ റഷ്യയെ പിണക്കാതെയുള്ള പ്രഖ്യാപനങ്ങള്‍ ഉണ്ടാകേണ്ടത് ഇന്ത്യയെ സംബന്ധിച്ച് നിര്‍ണ്ണായകമാണ്. ജി20 പ്രമേയത്തില്‍ ഇന്ത്യ ആരെയും പിണക്കാതെ സ്തുത്യര്‍ഹമായി അത് നിര്‍വഹിക്കുകയും ചെയ്തു. യുക്രെയിൻ വിഷയത്തില്‍ ഉടക്കിനിന്ന അംഗരാജ്യങ്ങള്‍ക്കിടയില്‍ സമവായമുണ്ടാക്കി സംയുക്തപ്രഖ്യാപനം സാധ്യമാക്കിയ വിരുതില്‍ ഇന്ത്യ ഇന്ന് ലോക രാഷ്ട്രങ്ങള്‍ക്ക് മുന്നില്‍ തിളങ്ങിനില്‍ക്കുകയാണ്.
ബാലി സമ്മേളനത്തില്‍ റഷ്യ യുക്രെയിനുമേല്‍ നടത്തുന്ന അധിനിവേശത്തെയും ആക്രമണത്തെയും ചൊല്ലി നിശിതമായി വിമര്‍ശനമാണ് റഷ്യന്‍പ്രസിഡന്റ് വ്ളാഡിമര്‍ പുടിനുമേല്‍ വന്നുപതിച്ചത്. ഡല്‍ഹി സമ്മേളനത്തെ തുടര്‍ന്നുണ്ടായ പ്രഖ്യാപനത്തില്‍ യുദ്ധത്തെയാണ് ഇന്ത്യ തള്ളിപ്പറഞ്ഞത്. പ്രശ്‌നങ്ങള്‍ക്ക് പരിഹാരം യുദ്ധമല്ല, സമവായ ചര്‍ച്ചകളാണെന്ന നിലപാടാണ് ഇന്ത്യ മുന്നോട്ടുവച്ചത്. അത് റഷ്യയുള്‍പ്പെടെയുള്ള സഖ്യരാഷ്ട്രങ്ങള്‍ക്ക് സ്വീകാര്യമാവുകയും ചെയ്തു.
റഷ്യന്‍ പ്രസിഡന്റ് പുടിനും ചൈനീസ് പ്രസിഡന്റ് ഷിജിന്‍പിങും ഉച്ചകോടിയ്‌ക്കെത്തില്ലെന്ന് അറിയിച്ചത് ജി20യുടെ ശോഭ കെടുത്തുമെന്ന പ്രചരണമുണ്ടായി. യുദ്ധക്കുറ്റങ്ങളുടെ മേല്‍ അന്താരാഷ്ട്രകോടതിയുടെ അറസ്റ്റ് വാറന്റുള്ളതിനാല്‍ പുടിന്‍ ഉച്ചകോടിക്കെത്തില്ലെന്ന് ഏറെക്കുറെ ഉറപ്പായിരുന്നു. ഇന്ത്യയുടെ വളര്‍ച്ചയിലും യശസിലും അസഹിഷ്ണുത പൂണ്ടിരിക്കുന്ന ചൈന ബോധപൂര്‍വ്വം അതിര്‍ത്തിയിലും മറ്റും കടന്നുകയറ്റം നടത്തിയും സംഘര്‍ഷ സാഹചര്യം സൃഷ്ടിച്ചും അവരുടെ അസഹിഷ്ണുത കുറേക്കാലമായി പ്രകടിപ്പിച്ചുകൊണ്ടിക്കുകയാണ്. ഇന്ത്യയുടെ യശസ്സും കീര്‍ത്തിയും ഉയരുന്ന ഒരു വേദിയിലേക്ക് ചൈനീസ് പ്രസിഡന്റ് ഒരിക്കലും കടന്നെത്തില്ല. അദ്ദേഹത്തിന്റെ സമ്മര്‍ദ്ദതന്ത്രങ്ങള്‍ ചൈനയെ കൂടുതല്‍ ഒറ്റപ്പെടുത്തുകയേ ചെയ്തുള്ളൂ. അതേസമയം റഷ്യ വിദേശകാര്യമന്ത്രിയെയും ചൈന പ്രധാനമന്ത്രിയെയും അയച്ച് അവരുടെ പ്രാതിനിധ്യം ഉറപ്പാക്കാന്‍ ശ്രദ്ധിച്ചു.
ഉച്ചകോടി സമാപിച്ചപ്പോള്‍ ഇന്ത്യയ്ക്കുണ്ടായ നേട്ടം ഇന്ത്യ- മധ്യേഷ്യ- യൂറോപ്പ് സാമ്പത്തിക ഇടനാഴിയാണ്. റെയില്‍- കപ്പല്‍ മാര്‍ഗങ്ങളിലൂടെ മൂന്ന് വിശാലദേശങ്ങളെ ബന്ധിപ്പിക്കുന്ന ഈ ഇടനാഴി പങ്കാളിത്ത രാജ്യങ്ങള്‍ക്കിടയില്‍ സാമ്പത്തിക - രാഷ്ട്രീയ ബന്ധം ഉറപ്പിക്കുന്നതിനുള്ള പാതയായി മാറും.പാകിസ്ഥാനും ചൈനയും ചേര്‍ന്ന് നടപ്പാക്കാന്‍ നോക്കുന്ന ബെല്‍റ്റ് റോഡ് പദ്ധതിക്ക് ബദലാകും ഈ പാത. ഇന്ത്യ, അമേരിക്ക, സൗദി അറേബ്യ, യൂറോപ്യന്‍ യൂണിയന്‍, ഫ്രാന്‍സ്, ജര്‍മ്മനി, ഇറ്റലി എന്നീ രാജ്യങ്ങളാണ് ഇടനാഴി നിര്‍മ്മാണത്തില്‍ പങ്കാളികളാകുന്നത്. വന്‍തോതില്‍ തൊഴിലവസരങ്ങള്‍ക്ക് അവസരമൊരുക്കുന്ന ഇടനാഴി പദ്ധതി ഹരിതഗൃഹ വാതക പുറംതള്ളല്‍ കുറയ്ക്കുവാനും കാരണമാകും. ആഗോള കണക്ടിവിറ്റിക്കും വികസനത്തിനും ഈ പദ്ധതി സുസ്ഥിരമായ ദിശാബോധം നല്‍കും. പാകിസ്ഥാന്‍ - ചൈന ബെല്‍റ്റ് റോഡ് പദ്ധതി ഇപ്പോള്‍ പ്രതിസന്ധിയിലാണ്. പദ്ധതിയില്‍ നിന്ന് ഇറ്റലി പിന്മാറിക്കഴിഞ്ഞു. പദ്ധതിയില്‍ പങ്കാളികളായ അംഗരാജ്യങ്ങള്‍ ചൈനീസ് ബാങ്കുകളില്‍ നിന്ന് വായ്പയെടുത്ത് വന്‍കടക്കെണിയില്‍ വീണിരിക്കുകയാണ്.
ഈയൊരു സാഹചര്യത്തില്‍ ഇന്ത്യ മുന്‍കൈയെടുത്ത് നടപ്പിലാക്കുന്ന ഇന്ത്യ - മിഡില്‍ ഈസ്റ്റ് - യൂറോപ്പ് സാമ്പത്തിക ഇടനാഴി ഇന്ത്യയ്ക്കും പശ്ചിമേഷ്യയ്ക്കും യൂറോപ്പിനും ഇടയിലുള്ള സാമ്പത്തിക സംയോജനത്തിന്റെ ഫലപ്രദമായ മാദ്ധ്യമമായി മാറുമെന്ന് സാമ്പത്തിക വിദഗദ്ധര്‍ ചൂണ്ടിക്കാട്ടുന്നു. യൂറോപ്പുമായുള്ള ഇന്ത്യയുടെ വ്യാപാരം 40 ശതമാനം വേഗത്തിലാകുമെന്നും അവര്‍ പറയുന്നു.
55 രാജ്യങ്ങള്‍ ഉള്‍പ്പെടുന്ന ആഫ്രിക്കന്‍ യൂണിയന് ജി20 കൂട്ടായ്മയില്‍ സ്ഥിരാംഗത്വം ലഭിച്ചത് ഇന്ത്യ നടത്തിയ നയതന്ത്ര നീക്കങ്ങളുടെ വിജയമാണ്. ആഫ്രിക്കന്‍ രാജ്യങ്ങില്‍ വര്‍ദ്ധിക്കുന്ന ചൈനയുടെ സ്വാധീനത്തിന് തടയിടാനും യുഎന്‍ സുരക്ഷാ കൗണ്‍സിലില്‍ സ്ഥിരാംഗമാക്കണമെന്ന ഇന്ത്യയുടെ ആവശ്യത്തിന് പിന്തുണ ഏറാനും ഈ നീക്കം വഴിവയ്ക്കും.
ജി20 ഉച്ചകോടിയിലെ പ്രധാന പ്രഖ്യാപനങ്ങളും വളരെ ക്രിയാത്മകമാണ്. അന്താരാഷ്ട്രധനകാര്യ സ്ഥാപനങ്ങള്‍ പരിഷ്‌കരിക്കണം, ചെറുകിട- ഇടത്തരം വരുമാനമുള്ള രാജ്യങ്ങളുടെ കടഭാരം പരിഗണിക്കണം, ക്രിപ്‌റ്റോ സ്വത്തുമായി ബന്ധപ്പെട്ട നികുതി വിവരങ്ങള്‍ അംഗരാജ്യങ്ങള്‍ കൈമാറണം, സെന്‍ട്രല്‍ ബാങ്കുകള്‍ വിലസ്ഥിരതാലക്ഷ്യം നേടണം, ഭക്ഷ്യ- ഊര്‍ജ്ജ അടിസ്ഥാന സൗകര്യങ്ങളെ സൈനിക ആക്രമണത്തിലൂടെ തകര്‍ക്കരുത്, കല്‍ക്കരി ഉപയോഗം കുറയ്ക്കണം, കാലാവസ്ഥാലക്ഷ്യം നേടാന്‍ വികസ്വര രാജ്യങ്ങള്‍ക്ക് ഫണ്ട്, 2050 ഓടെ നെറ്റ് സീറോ കാര്‍ബണ്‍ പുറംതള്ളല്‍ ലക്ഷ്യം തുടങ്ങിയ തീരൂമാനങ്ങള്‍ ഇന്ത്യയെ പോലുള്ള വികസ്വര രാഷ്ട്രങ്ങളുടെ ഭാവിയില്‍ ശുഭകരമായ മാറ്റങ്ങള്‍ക്ക് കാരണമാകും. പിഴവുകള്‍ ഒന്നുമില്ലാതെ ഇന്ത്യ പൂര്‍ത്തിയാക്കിയ ജി20 ഉച്ചകോടിക്ക് നേതൃത്വം നല്‍കിയ പ്രധാനമന്ത്രി നരേന്ദ്രമോദിയും വിദേശകാര്യമന്ത്രി എസ്. ജയശങ്കറും അമിതാഭ്കാന്തും പിന്നണി പ്രവര്‍ത്തകരും അനന്യമായ സംഘാടനമികവാണ് കാട്ടിയിരിക്കുന്നത്.
* ( ഫൊക്കാന മുൻ പ്രസിഡന്റും നാമം (യു.എസ്.എ) ചെയർമാനുമാണ് ലേഖകൻ)
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |